News

പൗരോഹിത്യത്തിന്റെ 65 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബനഡിക്ടറ്റ് പതിനാറാമന്‍ വീണ്ടും പൊതുവേദിയില്‍ എത്തുന്നു

സ്വന്തം ലേഖകന്‍ 24-05-2016 - Tuesday

വത്തിക്കാന്‍: വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്ടറ്റ് പതിനാറാമന്‍ എമെരിറ്റസ് മാര്‍പാപ്പ വീണ്ടും പൊതുവേദിയില്‍ എത്തുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 29-ാം തീയതി തന്റെ പൗരോഹിത്യത്തിന്റെ 65-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാകും പരിശുദ്ധ പിതാവ് പൊതുവേദിയില്‍ എത്തുക. വിശ്വാസികളായ പതിനായിരങ്ങള്‍ക്കു വീണ്ടും പരിശുദ്ധ പിതാവിനെ നേരില്‍ കാണുവാനുള്ള അവസരം കൂടിയാണ് അന്നു ലഭിക്കുക. പൊന്തിഫിക്കേറ്റ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാങ്‌സ്‌വെയിനാണു വീണ്ടും പൊതുവേദിയില്‍ ബനഡിക്ടറ്റ പതിനാറാമന്‍ എത്തുമെന്ന് അറിയിച്ചത്. പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ച് ഒരു ബുക്ക് സമ്മാനിച്ച ശേഷമാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

1951 ജൂണ്‍ 29-ാം തീയതിയാണു ജോസഫ് റാറ്റ്‌സിംഗര്‍ എന്ന ബനഡിക്ട് പതിനാറാമന്‍ പൗരോഹിത്യം സ്വീകരിച്ചത്. ജര്‍മ്മനിയിലെ ഫ്രീസിഗിലെ സെന്റ് മേരിസ് ആന്റ് സെന്റ് കോര്‍ബീനിയന്‍ കത്ത്രീറ്റലില്‍ വച്ചാണ് പിതാവ് പൗരോഹിത്യം സ്വീകരിച്ചത്. പിന്നീട് കര്‍ദിനാള്‍ സ്ഥാനം വരെ ഉയര്‍ത്തപ്പെട്ട ജോസഫ് റാറ്റ്‌സിംഗര്‍, ജോണ്‍ പോള്‍ രണ്ടാമന്‍ കാലം ചെയ്ത ശേഷം ബനഡിക്ടറ്റ് പതിനാറാമന്‍ എന്ന നാമത്തില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍പാപ്പയുടെ ചുമതലകള്‍ ഒഴിഞ്ഞ ശേഷം വിശ്രമ ജീവിതത്തിലേക്കു കടന്ന പിതാവ് ആറു തവണയില്‍ അധികം പൊതു സ്ഥലങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിയിട്ടുണ്ട്. എല്ലാ പരിപാടികളിലും വിശ്വാസികളുടെയും പൊതുജനങ്ങളുടെയും വന്‍ പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയേ കര്‍ദിനാളായി വാഴിച്ചതിന്റെ രണ്ടു വാര്‍ഷികങ്ങളിലും ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയും പങ്കെടുത്തിരുന്നു. 2014 സെപ്റ്റംബര്‍ 27-നു നടന്ന മുത്തച്ഛന്‍മാരുടെയും മുത്തശിമാരുടെയും സമ്മേളനത്തിലും ബനഡിക്ടറ്റ് പാപ്പ പങ്കെടുത്തിരുന്നു. ജൂണ്‍-29 നാണു പത്രോസ് പൗലോസ് ഗ്ലീഹന്‍മാരുടെ രക്തസാക്ഷിത്വ ദിനം കത്തോലിക്ക സഭ കൊണ്ടാടുന്നത്. അന്നു നടക്കുന്ന വിശുദ്ധ ബലിക്കിടെ പുതിയതായി സ്ഥാനമേല്‍ക്കുന്ന മെത്രാന്‍മാര്‍ക്കു സ്ഥാനചിഹ്നങ്ങളും മറ്റും നല്‍കുന്ന ചടങ്ങുകളിലും ബനഡിക്ടറ്റ് പതിനാറാമനും പങ്കെടുക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ പലതവണ ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ പലപ്പോഴും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുമുണ്ട്.


Related Articles »