Seasonal Reflections - 2024
നമുക്ക് ബേത്ലഹേം വരെ പോകാം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിയൊന്നാം ദിനം
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 21-12-2024 - Saturday
വചനം:
ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ് പരം പറഞ്ഞു: നമുക്ക് ബേത്ലഹേം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. (ലൂക്കാ 2 : 15).
വിചിന്തനം:
ബേത്ലഹേം എന്ന പദത്തിന്റെ അർത്ഥം അപ്പത്തിന്റെ നാട് എന്നാണ്. ഭൂമിക്കപ്പമാകാൻ വന്നവൻ ജന്മത്തിനായി തിരഞ്ഞെടുത്തത് ദാവീദിൻ്റെ ഈ പട്ടണം ആയതിൽ ഒരു തെല്ലും അതിശോക്തിയില്ല. ബേത്ലഹേം വരെ പോകുന്നവർക്കെല്ലാം രക്ഷകനെ കാണാം വിശപ്പകറ്റാം, സമൃദ്ധിയിൽ വളരാം. ആഗമനകാലം രക്ഷനെ കാണാൻ യാത്ര പുറപ്പെടേണ്ട കാലമാണ്. ദൈവം വസിക്കുന്ന ഭവനത്തിലേക്ക് നടക്കേണ്ട കാലം. ഇന്നു ദൈവത്തിനു പിറക്കാൻ ഏറ്റവും അനുയോജ്യമായ ബേത്ലെഹേം നമ്മുടെ ഹൃദയമാണ്. ആ ഹൃദയത്തെ വിശുദ്ധീകരിക്കുക, അവിടേക്കു തിരികെ നടക്കുക. ആബേലച്ചന്റെ പ്രസിദ്ധമായ ഈശ്വരനെ തേടി ഞാനലഞ്ഞു എന്ന ഭക്തിഗാനം അവസാനിക്കുന്നത്.
"അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ,
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു,
അവിടെയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം"
എന്ന സത്യം പ്രഘോഷിച്ചു കൊണ്ടാണ്. അതോടൊപ്പം ഈശോ വസിക്കുന്ന ജീവിക്കുന്ന ബേത്ലെഹേമായ നമ്മുടെ ഹൃദയങ്ങൾ മറ്റുള്ളവരുടെ വിശപ്പകറ്റുന്ന ഭവനമായി മാറണം.
പ്രാർത്ഥന:
സ്വർഗ്ഗീയ പിതാവേ, ക്രിസ്തുമസിനായി ഏറ്റവും അടുത്തൊരുങ്ങുന്ന ഈ ദിവസങ്ങളിൽ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒന്നു തിരികെ സഞ്ചരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഉണ്ണീശോക്കു വസിക്കാൻ ഏറ്റവും ഇഷ്ടമുള്ള പുൽക്കൂട് ഞങ്ങളുടെ ഹൃദയമാണന്നു ഞങ്ങൾ തിരിച്ചറിയുന്നു. അതിനെ വിശുദ്ധീകരിക്കാനും പവിത്രമായി സൂക്ഷിക്കാനും ഞങ്ങൾക്ക് കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
സുകൃതജപം:
ഉണ്ണീശോയെ, എന്റെ ഹൃദയത്തിൻ്റെ നാഥനായി വരണമേ!