News - 2024

ക്രൈസ്തവരായ ഗോത്രവർഗ്ഗക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കണമെന്ന് തീവ്ര ഹൈന്ദവ സംഘടനകൾ: അപലപിച്ച് സഭ

പ്രവാചക ശബ്ദം 21-11-2020 - Saturday

റാഞ്ചി: ആദിവാസി വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യങ്ങൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഗോത്ര വർഗ്ഗക്കാർക്ക് നിഷേധിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹൈന്ദവ സംഘടനകൾ പ്രചാരണം ആരംഭിച്ചു. ഈ ആവശ്യമുന്നയിച്ച് അവർ പ്രസിഡന്റ് റാം നാഥ് കോവിന്ദിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നൽകിയതായി യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ കത്തോലിക്ക സഭാനേതാക്കൾ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.

ജാതിയും, മതവും രണ്ടായി കാണണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ഗോത്ര വർഗക്കാർക്കു വേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ. നിക്കോളസ് ബർള പറഞ്ഞു. ജാതി നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നല്ല. എന്നാൽ മതം നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. ഭരണഘടനയെപ്പറ്റി ധാരണയില്ലാത്തവരാണ് ഗോത്രവർഗ്ഗക്കാരായ ക്രൈസ്തവർക്കെതിരെ പ്രചാരണം നടത്തുന്നതന്നും അദ്ദേഹം യുസിഎ ന്യൂസിനോട് പറഞ്ഞു.

ഏതൊരു മതം സ്വീകരിക്കാനും, മതം പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടനയിലെ ആർട്ടിക്കിൾ 25 നൽകുന്നുണ്ട്. ഗോത്രവർഗ്ഗക്കാരുടെ സാമൂഹ്യപരവും, സാമ്പത്തികപരവുമായുളള ഉന്നമനത്തിനുവേണ്ടി സർക്കാർ കൊണ്ടുവരുന്ന പദ്ധതി ക്രൈസ്തവർക്ക് നിഷേധിക്കണമെന്ന് പറയുന്നവർ ഗോത്രവർഗക്കാരുടെ ഉന്നമനം ആഗ്രഹിക്കുന്നില്ല. പകരം മതപരിവർത്തനം ആരോപിച്ചു ക്രൈസ്തവ മിഷ്ണറിമാരെ എക്കാലത്തെയും പോലെ ലക്ഷ്യമിടുന്നു. രാഷ്ട്രീയപരമായ ലാഭത്തിനു വേണ്ടി അവർ ഗോത്രവർഗക്കാരെ ഭിന്നിപ്പിക്കുകയാണെന്നും ഫാ. നിക്കോളസ് ബർള കൂട്ടിച്ചേർത്തു.

ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്നതിനെയും, ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനുവേണ്ടി പാർലമെൻറ് പാസാക്കുന്ന ബില്ലുകളെയും എതിർക്കുന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് ജാർഖണ്ഡിലെ ട്രൈബ്സ് അഡ്വൈസറി കമ്മിറ്റിയിലെ കത്തോലിക്കാ അംഗമായ രത്തൻ ടിർക്കി പ്രതികരിച്ചു. അവർക്ക് നീതി നിഷേധിക്കുന്നത് ഭരണഘടനയെയും, സുപ്രീം കോടതിയെയും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈന്ദവ, മുസ്ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവർക്ക് ഇങ്ങനെയൊരു അവഗണന നേരിടേണ്ടി വരുന്നില്ലെന്നും രത്തൻ ടിർക്കി ചൂണ്ടിക്കാട്ടി. തീവ്ര ഹൈന്ദവ സംഘടനകൾ ആരംഭിച്ച പ്രചാരണം അരുണാചൽപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും ശക്തമായ നടക്കുന്നത്.

സർക്കാർ ജോലികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകിയും, മറ്റു സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും ഗോത്രവർഗക്കാരെയും, ദളിതരെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുവാനുള്ള നിർദേശം ഭരണഘടന മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ വിവിധങ്ങളായ കാരണങ്ങള്‍ ഉന്നയിച്ച് ഇവ പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഗോത്ര വർഗ്ഗക്കാരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, അവർ ക്രൈസ്തവവിശ്വാസത്തിലേക്ക് ചേക്കേറുമ്പോൾ ഗോത്രത്തിന്റെ ഭാഗമല്ലാതായി മാറുകയും, അങ്ങനെ അവരുടെ ആനുകൂല്യ അവകാശം നിഷേധിക്കുകയുമാണ് പതിവ്.


Related Articles »