Life In Christ

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്കു ഇടയില്‍ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതി: പഠനഫലം പുറത്ത്

പ്രവാചകശബ്ദം 15-03-2023 - Wednesday

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസി സമൂഹങ്ങള്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും വലിയ പുരോഗതി നേടിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ‘ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ്‌ ടാക്സേഷ’ന്റെ മുന്‍ ഡയറക്ടറും, സാമ്പത്തിക വിദഗ്ദനുമായ ഡി. നാരായണ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ 'ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തെക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ ബിരുദധാരികളുടെ എണ്ണത്തിലും, തൊഴില്‍പരമായ കുടിയേറ്റത്തിന്റെ കാര്യത്തിലും വടക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നുണ്ടെന്നാണ് പഠനഫലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ദക്ഷിണ കേരളത്തിലെത്തിയ ക്രിസ്ത്യന്‍ മിഷ്ണറിമാരാണ് ഈ നേട്ടത്തിന്റെ പിന്നിലെ കാരണമായി നാരായണ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനം, ഹിന്ദു മതത്തില്‍ തുടരുന്ന ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരു മത്സര മനോഭാവം വളര്‍ത്തുന്നതിനും കാരണമായിട്ടുണ്ടെന്ന്‍ നാരായണ ചൂണ്ടിക്കാട്ടി. ഇടുക്കി, കോട്ടയം ജില്ലകളിലെ മലയരയ വിഭാഗത്തെ ഉദാഹരണമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ബ്രിട്ടീഷ് മിഷ്ണറിയായ ഹെന്‍റി ബേക്കേഴ്സിന്റെ സന്ദര്‍ശനമാണ് തെക്കന്‍ കേരളത്തിലെ മലയരയ സമൂഹത്തിന്റെ തലവര മാറ്റി എഴുതിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹൈറേഞ്ചില്‍ അദ്ദേഹം 11 ദേവാലയങ്ങളും, 27 സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി. ഇവരുടെ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയില്‍ ക്രിസ്ത്യന്‍ സഭ നിര്‍ണ്ണായക പങ്കു വഹിക്കുമ്പോള്‍ മലയരയ സമൂഹത്തിലെ ഹിന്ദു വിഭാഗമായ മലയരയ മഹാസഭ തങ്ങളുടെ ക്രിസ്ത്യന്‍ സഹോദരങ്ങളുമായി കടുത്ത മത്സരത്തിലാണ്. ഇത് പൊതുവായ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. തെക്കന്‍ ജില്ലകളിലെ ഉള്ളാടരും സമാനമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

തെക്കന്‍ കേരളത്തിലെ ആദിവാസി ജനസംഖ്യയിലെ 20.77 ശതമാനവും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. ഇതില്‍ 30%വും തൊഴിലുമായി ബന്ധപ്പെട്ട് നഗരപ്രദേശങ്ങളിലേക്ക് കുടിയേറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നാല്‍ വടക്കന്‍ കേരളത്തിലെ ജില്ലകളിലെ ആദിവാസി സമൂഹങ്ങളില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവാണ്. വടക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുള്ളത് കാസര്‍ഗോഡ്‌ ജില്ലയിലെ കൊറഗറാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊറഗരില്‍ 16.50%വും ക്രൈസ്തവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം ക്രിസ്ത്യൻ മിഷ്ണറിമാർ സമൂഹത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നതാണ് ഡി നാരായണയുടെ പുതിയ റിപ്പോർട്ട്.


Related Articles »