News

ഇറാഖില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളായ കുട്ടികള്‍ ലബനോനില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 26-05-2016 - Thursday

ബെയ്‌റൂട്ട്: ലബനോനിലെ ബെയ്‌റൂട്ടില്‍ സ്ഥിതി ചെയ്യുന്ന 'ഔര്‍ ലേഡി ഓഫ് അനൗണ്‍സിയേഷന്‍' ദേവാലയത്തില്‍ കഴിഞ്ഞ ദിവസം ഒരു ആദ്യ കുര്‍ബാന നടന്നു. ഇറാഖില്‍ നിന്നും വേദനയോടെ കടന്നു വന്ന ഒരു കൂട്ടം കുട്ടികള്‍ തങ്ങളുടെ നാഥനും രക്ഷകനുമായ ഈശോയെ നാവില്‍ സ്വീകരിച്ചു. വീടും രാജ്യവും നഷ്ടപ്പെട്ട, മാതാപിതാക്കളേയും, സഹോദരങ്ങളേയും നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങള്‍ക്ക് അത് സന്തോഷത്തിന്റെ ദിനമായിരുന്നു. സിറിയന്‍ കാത്തലിക് പാത്രിയാര്‍ക്കീസായ ഇഗ്നേസ് ജോസഫ് യൗനാന്‍ മൂന്നാമന്റെ കരങ്ങളില്‍ നിന്നും അവര്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു.

30 കുട്ടികള്‍ക്കാണ് ആദ്യ കുര്‍ബാന നല്‍കപ്പെട്ടത്. ഇറാഖിലെ ഇര്‍ബിലില്‍ നിന്നും പലായനം ചെയ്തവര്‍ ലബനോനില്‍ അഭയം തേടുകയായിരുന്നു.യൂറോപ്പില്‍ എത്തപ്പെടണമെന്നതായിരുന്നു ഇവരുടെ ആഗ്രഹം. എന്നാല്‍ ലബനോനില്‍ എത്തിയ ഇവര്‍ക്ക് അതിനു സാധിച്ചിട്ടില്ല. ലബനോനിലെ സഭയാണ് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയത്."പ്രിയപ്പെട്ട മക്കളെ. സ്വന്തം രാജ്യത്തു നിന്നും വീടുകളില്‍ നിന്നും ഇറക്കപ്പെട്ട നിങ്ങളുടെ ഹൃദയ വേദന എനിക്ക് മനസിലാകും. വേദനപ്പെട്ട നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ഇന്ന് ഈശോ കടന്നു വരികയാണ്. നിങ്ങളുടെ മനസിന്റെ മുറിവുകളെ അവിടുന്നു സൗഖ്യമാക്കും. നിങ്ങള്‍ക്ക് അവിടുന്ന് ആശ്വാസം നല്‍കും". പാത്രീയാര്‍ക്കീസ് പറഞ്ഞു.

കന്യാസ്ത്രീയായ വാഫാ യൂസിഫ് ഷാസ്ഹായും വൈദികനായ യൂസഫ് സക്കാത്തുമാണു കുട്ടികളെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനായി ഒരുക്കിയത്. ഇവര്‍ ഇരുവരും ഇറാഖില്‍ നിന്നും പലായനം ചെയ്തവരാണ്. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും മനസിനെ അവര്‍ക്ക് ശരിക്കും മനസിലാകും. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് ആത്മീയമായ സേവനങ്ങള്‍ ചെയ്തു നല്‍കുന്നത് വൈദികനായ യൂസഫ് സക്കാത്താണ്. "ഈ കുഞ്ഞുങ്ങളുടെ ഹൃദയം ശുദ്ധമാണ്. ഒരു വെള്ള പേപ്പര്‍ പോലെയാണ് അവ. അതില്‍ നമുക്ക് എന്തുവേണമെങ്കിലും എഴുതാം. ക്ഷമയുടെയും ദയയുടെയും സ്‌നേഹത്തിന്റെയും സന്ദേശം ഇന്ന് ഇവിടെ ഈ കുട്ടികള്‍ക്ക് നല്‍കപ്പെടുകയാണ്. തിരുശരീര രക്തങ്ങള്‍ അവര്‍ സ്വീകരിക്കുന്നതിലൂടെ നിത്യജീവനും നല്ല ഗുണങ്ങളും അവരിലേക്കു വരുന്നു". ഫാദര്‍ യൂസഫ് സക്കാത്ത് പറയുന്നു.

കുഞ്ഞുങ്ങളുടെ ഭാവിയും അവരുടെ ജീവിതവുമോര്‍ത്ത് തങ്ങള്‍ പലപ്പോഴും കരയാറുണ്ടെന്നു മാതാപിതാക്കള്‍ പറയുന്നു. അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് പലപ്പോഴും ശരിയായ വിദ്യാഭ്യാസവും ലഭിക്കുന്നില്ല. തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കുഞ്ഞുങ്ങള്‍ ധാരുണമായി കൊല്ലപ്പെട്ട രാജ്യത്തു നിന്നും രക്ഷപെടുവാന്‍ സാധിച്ചതില്‍ നേരിയ ആശ്വാസം കുട്ടികളുടെ മാതാപിതാക്കള്‍ക്കുണ്ട്. വിശുദ്ധ കുര്‍ബാന അവര്‍ക്ക് സ്വീകരിക്കുവാന്‍ കഴിഞ്ഞതു തന്നെ വലിയ ദൈവകൃപയാണെന്നും വേദനകള്‍ക്കിടയിലും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. 'എന്റെ നാമം നിമിത്തം നിങ്ങള്‍ ഉപദ്രവങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഏല്‍പ്പിക്കപ്പെടു'മെന്ന ക്രിസ്തു വാക്യം ഇവര്‍ ഓര്‍ക്കുന്നു. പതറാതെ വീണ്ടും രക്ഷകനില്‍ പ്രതീക്ഷ അര്‍പ്പിച്ചു ജീവിക്കുവാന്‍ അവര്‍ ശീലിച്ചു കഴിഞ്ഞു.


Related Articles »