News

കുടുംബ ബന്ധങ്ങളെ തകര്‍ക്കുവാന്‍ പിശാച് അക്ഷീണ പ്രയത്നം നടത്തുന്നു: ഭൂതോഛാടകന്‍ ഫാദര്‍ സീസര്‍ ട്രൂക്യു

സ്വന്തം ലേഖകന്‍ 27-05-2016 - Friday

വത്തിക്കാന്‍: കുടുംബ ബന്ധങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന പിശാച് ഇന്നും ജീവിക്കുന്നുണ്ടെന്നു വൈദികനും ഭൂതോഛാടകനുമായ ഫാദര്‍ സീസര്‍ ട്രൂക്യു. റോമില്‍ നടന്ന വൈദികരുടെ ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തിലുള്ള ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ബൈബിളില്‍ നിന്നും തെളിവുകള്‍ സഹിതമാണു ഫാദര്‍ സീസര്‍ ട്രൂക്യു ഇതിനെ വിശദീകരിച്ചത്.

തോബിത്തിന്റെ മകനായ തോബിയാസ് വിവാഹം ചെയ്തത് വിധവയായ സാറായെയാണ്. തോബിയാസ് വിവാഹം കഴിക്കുന്നതിനു മുമ്പ് ഏഴു പേര്‍ സാറായെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഏഴുപേരും അസ്മീഡിയസ് എന്ന പിശാചിന്റെ ആക്രമണത്തില്‍ മരിച്ചു. എന്നാല്‍ തോബിയാസിന്റെ കൂടെ ദൈവദൂതന്‍ ഉണ്ടായിരുന്നതിനാല്‍ അവനെ തൊടുവാന്‍ പിശാചിനു കഴിഞ്ഞില്ല.

ദൈവദൂതനായ റഫായേലിന്റെ വാക്കുകള്‍ അനുസരിച്ച തോബിയാസ് ധൂപകലശത്തിലെ തീക്കനലില്‍ മത്‌സ്യത്തിന്റെ ചങ്കും കരളും ഇട്ടു പുകച്ചു പിശാചിനെ തുരത്തി. ഇത്തരം അസ്മീഡിയസുമാര്‍ ആധുനിക കാലത്തും കുടുംബങ്ങളില്‍ താമസമാക്കിയിട്ടുണ്ടെന്നും ഇവരാണു കുടുംബങ്ങളെ നശിപ്പിക്കുന്നതെന്നും ഫാദര്‍ ട്രൂക്യു പറയുന്നു.

വിവാഹ മോചനങ്ങള്‍ പിശാചിനെ വളരെ അധികം സന്തോഷിപ്പിക്കുന്നു. പ്രശസ്ത ഭൂതോഛാടകനായ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കഥയും സീസര്‍ ട്രൂക്യു സ്മരിച്ചു. "ഒരിക്കല്‍ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് ഒരു യുവതിയുടെ ശരീരത്തില്‍ കടന്നു കൂടിയ ദുര്‍ഭൂതത്തെ ഒഴിപ്പിക്കുവാന്‍ പോയി. ഉടന്‍ തന്നെ വിവാഹിതയാകുവാന്‍ ഇരിക്കുകയായിരുന്നു ആ യുവതി. വിവാഹം അടുത്തു വന്ന ദിനങ്ങളില്‍ യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചു. യുവതിയില്‍ കടന്നു കൂടിയ പിശാചാണ് അവളെ വിവാഹത്തില്‍ നിന്നും പിന്‍മാറുവാന്‍ പ്രേരിപ്പിച്ചത്. വിവാഹം കഴിക്കുകയാണെങ്കില്‍ താന്‍ ആ യുവാവിനെ കൊലപ്പെടുത്തുമെന്നു പിശാച് യുവതിയെ കൊണ്ടു ഗബ്രിയേല്‍ അമോര്‍ത്തിനോടു പറയിപ്പിച്ചു. ശക്തിയായി എതിര്‍ത്തു നിന്ന ആ പിശാചിനെ പുറത്താക്കുവാന്‍ വൈദികനായ അമോര്‍ത്ത് നന്നേ വിയര്‍ത്തു. യുവതിക്ക് ശരിക്കും യുവാവുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എല്ലാം പിശാചിന്റെ തന്ത്രമായിരുന്നു". ഫാദര്‍ സീസര്‍ ട്രൂക്യു തന്റെ ഗുരു തുല്യനായ അമോര്‍ത്തിന്റെ അനുഭവം വിവരിച്ചു.

സ്‌നേഹം ശക്തമായി നിലകൊള്ളുന്ന സ്ഥലങ്ങളില്‍ കയറി കൂടുന്ന പിശാചിനും ശക്തി കൂടുതലാണെന്നതിന്റെ തെളിവാണിതെന്നും ഫാദര്‍ ട്രൂക്യൂ പറയുന്നു. കുടുംബങ്ങളില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അത് ബാധിക്കുന്നത് കുട്ടികളെയാണ്. സ്‌നേഹത്തോടും സമാധാനത്തോടും ഐക്യത്തോടും കഴിയുന്ന മാതാപിതാക്കളുടെ മക്കള്‍ സമൂഹത്തില്‍ ശക്തരായി മാറുന്നു. ഇവര്‍ അനുഗ്രഹത്തില്‍ തന്നെ ജീവിക്കുമെന്നും ഫാദര്‍ ട്രൂക്യൂ പറയുന്നു.

"50 വയസുള്ള എനിക്ക് ഇവിടെ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുവാന്‍ ശക്തി തരുന്നത് എന്റെ മാതാപിതാക്കളുടെ സ്‌നേഹമാണ്. ഇന്നും അവര്‍ ഐക്യത്തോടെ ജീവിക്കുന്നു. ഒരു പക്ഷേ അവര്‍ വഴക്കുണ്ടാക്കി വേര്‍പ്പിരിഞ്ഞാല്‍ ഞാന്‍ ഒരു വൈദികനായി മാറില്ലായിരുന്നു. വിവാഹമോചനം നേടണമെന്ന ചിന്ത സ്ത്രീകളിലേക്കു പിശാച് കുത്തിവയ്ക്കുന്നു. വിവാഹം മോചിതനായ ഒരു പുരുഷനും ഒരിക്കലും തനിച്ചു താമസിക്കുവാന്‍ സാധിക്കില്ല. അവന്‍ മദ്യപാനത്തിലേക്കും ദുര്‍നടപ്പിലേക്കും ആത്മഹത്യയിലേക്കും കടക്കുന്നു". ഫാദര്‍ ട്രൂക്യൂ പറയുന്നു.

2014-ല്‍ റോമിലെ ഒളിംമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ കരിസ്മാറ്റിക്ക് യോഗത്തിനു വന്നവരോട് കുടുംബത്തെ തകര്‍ക്കുന്ന പിശാചിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയും പറഞ്ഞിരുന്നു. "പിശാചിന്റെ പ്രധാന ലക്ഷ്യം കുടുംബങ്ങളെ തകര്‍ക്കുക എന്നതാണ്. സ്‌നേഹമുള്ള ദമ്പതിമാരുടെ ഇടയിലും അവര്‍ക്കു ദൈവം ദാനമായി നല്‍കുന്ന മക്കളുടെ ഇടയിലുമാണ് ക്രിസ്തു വസിക്കുന്നത്. പിശാചിന് ഇത് ഒരിക്കലും ഇഷ്ടപ്പെടില്ല. ഇതിനാല്‍ കുടുംബത്തെ തകര്‍ക്കുവാന്‍ അവന്‍ നോക്കും. അവന് സ്‌നേഹം നല്‍കുവാനല്ല, മറിച്ച് സ്‌നേഹം മായിച്ചു കളയുവാനാണ് ഇഷ്ടം" പരിശുദ്ധ പിതാവ് അരലക്ഷത്തില്‍ അധികം വരുന്ന കേള്‍വിക്കാരോടു പറഞ്ഞ വാക്കുകളാണിത്. കുടുംബങ്ങളെ അനുഗ്രഹിക്കണമെന്നും അതിനെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന പിശാചിനെ തുരത്താനുള്ള കൃപാവരത്തിനായും ഫ്രാന്‍സിസ് പാപ്പ അന്ന് പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു.