Faith And Reason - 2021

ദൈവം പ്രവര്‍ത്തിച്ച യഥാര്‍ത്ഥ 'അത്ഭുത'മാണ് ജോസഫ്: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 13-01-2021 - Wednesday

വത്തിക്കാന്‍ സിറ്റി: തിരുകുടുംബത്തെ സംരക്ഷിക്കാന്‍ ദൈവം പ്രവര്‍ത്തിച്ച യഥാര്‍ത്ഥ 'അത്ഭുത'മാണ് ജോസഫെന്ന് ഫ്രാന്‍സിസ് പാപ്പ. ‘പാട്രിസ് കോര്‍ഡെ’ (പിതാവിന്റെ ഹൃദയത്തോടെ) എന്ന്‍ പേരിട്ടിരിക്കുന്ന പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പ ഇക്കാര്യം കുറിച്ചിരിക്കുന്നത്. രക്ഷാകര ചരിത്രത്തിന്‍റെ ആരംഭത്തെ മുന്നോട്ടു നയിക്കാന്‍ ദൈവം തെരഞ്ഞെടുത്ത മനുഷ്യനാണ് യൗസേപ്പെന്നും ദൈവിക അരുളപ്പാടില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നസ്രത്തിലെ മരപ്പണിക്കാരനെപ്പോലെ ക്രിയാത്മകമായ ധൈര്യം കാണിച്ചാല്‍ പ്രശ്‌നങ്ങളില്‍നിന്ന് മോചനം നേടുവാന്‍ ദൈവം ഒരു വഴി എപ്പോഴും നമുക്കും കാണിച്ചുതരുമെന്നും പാപ്പ ലേഖനത്തില്‍ കുറിച്ചു.

ബെത്‌ലഹേമിലെത്തി പാര്‍ക്കാന്‍ ഇടമൊന്നും കിട്ടാതായപ്പോള്‍ തനിക്ക് സാധ്യമായ രീതിയില്‍ ഒരു കാലിത്തൊഴുത്ത് കണ്ടെത്തി മറിയത്തിന് പ്രസവിക്കാനുള്ള ഇടമൊരുക്കിയത് അദ്ദേഹമാണ്. ശിശുവിനെ കൊല്ലാന്‍ തുനിയുന്ന ഹെറോദേസിന്‍റെ അപകം നേരിടേണ്ടി വന്നപ്പോള്‍ യൗസേപ്പിന് സ്വപ്നത്തിലൂടെ ശിശുവിനെ രക്ഷിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചു. ഇതനുസരിച്ച് അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്ന് ഈജിപ്തിലേക്ക് പലായനംചെയ്യാന്‍ യൗസേപ്പ് തയ്യാറായി. ഈ കഥകള്‍ ഉപരിപ്ലവമായി വായിച്ചാല്‍ പ്രബലരുടെയും വലിയവരുടെയും കാരുണ്യത്തിലാണ് ഈ ലോകം എന്ന തോന്നല്‍ ഉളവായേക്കാം.

എന്നാല്‍ സുവിശേഷത്തിന്‍റെ 'സദ്‌വാര്‍ത്ത' കാണിച്ചു തരുന്നത് ലോകശക്തികളുടെ അക്രമങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും മുന്നില്‍ ദൈവം വഴികാട്ടുന്ന ഒരു രക്ഷാകര പദ്ധതിയുണ്ടെന്നാണ്. അതിനാല്‍ ദൈവിക അരുളപ്പാടില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നസ്രത്തിലെ മരപ്പണിക്കാരനെപ്പോലെ ക്രിയാത്മകമായ ധൈര്യം കാണിച്ചാല്‍ പ്രശ്‌നങ്ങളില്‍നിന്ന് മോചനം നേടുവാന്‍ ദൈവം ഒരു വഴി എപ്പോഴും നമുക്കും കാണിച്ചുതരും. ദൈവം നമ്മെ സഹായിക്കുന്നില്ലെന്ന് ചിലപ്പോഴെല്ലാം തോന്നാമെങ്കിലും അവിടുന്ന് നമ്മെ ഉപേക്ഷിച്ചെന്നല്ല അര്‍ത്ഥം. മറിച്ച് നമ്മള്‍തന്നെ പോംവഴി കണ്ടെത്തുവാനും സക്രിയരായി ആസൂത്രണം ചെയ്യുവാനും നമ്മില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ദൈവം ചെയ്യുന്നത്.

യേശുവിന്‍റെ സവിധത്തില്‍ എത്തിക്കുവാനായി തളര്‍വാതരോഗിയെ മേല്‍പ്പുരയിലൂടെ താഴേക്കിറക്കിയ സുഹൃത്തുക്കള്‍ കാണിച്ചുതന്നത് അത്തരം ക്രിയാത്മകമായ ധൈര്യമാണ്. ആ സുഹൃത്തുക്കളുടെ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും മുന്നില്‍ പ്രതിബന്ധങ്ങള്‍ തടസ്സമായില്ല. യേശുവിന് ആ മനുഷ്യനെ സുഖപ്പെടുത്താനാകുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. രോഗബാധിതനായ സുഹൃത്തിനെ തന്‍റെ അടുക്കലെത്തിച്ച അവരുടെ ക്രിയാത്മകമായ വിശ്വാസം യേശു തിരിച്ചറിഞ്ഞു. എത്രകാലം യൗസേപ്പും മറിയവും ഉണ്ണിയോടൊപ്പം ഈജിപ്തില്‍ വസിച്ചുവെന്ന് സുവിശേഷം നമ്മോട് പറയുന്നില്ല. മറ്റേതൊരു കുടുംബത്തെയും പോലെ തിരുക്കുടുംബത്തിനും സമൂര്‍ത്തമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരിക്കണം.

വിശപ്പില്‍നിന്നും ദൗര്‍ഭാഗ്യങ്ങളില്‍നിന്നും ജീവിതം രക്ഷപ്പെടുത്താന്‍ കുടിയേറ്റക്കാരായി ഇന്നു വരുന്ന സഹോദരീ സഹോദരന്മാരുടെയും അവസ്ഥ സമാനമാണ്. നാം യേശുവിനെയും മറിയത്തെയും സംരക്ഷിക്കാന്‍ സന്നദ്ധരാണോ എന്നത് എല്ലായ്‌പ്പോഴും സ്വയം പരിഗണിക്കണം. തന്‍റെ ജീവിതം രക്ഷിക്കുക മാത്രമല്ല, തനിക്കും കുഞ്ഞിനും എല്ലായ്‌പ്പോഴും തുണയായ് യൗസേപ്പിനെ കണ്ട മറിയത്തെപ്പോലെ ദൈവവും അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചു. പാപ്പ കുറിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »