News - 2024

ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം ചൈനയില്‍ ഏഴു മടങ്ങ്‌ വര്‍ദ്ധിച്ചതായി പഠനം

സ്വന്തം ലേഖകന്‍ 30-05-2016 - Monday

ബെയ്ജിംഗ്: ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം ചൈനയില്‍ ഏഴു മടങ്ങ്‌ വര്‍ദ്ധിച്ചതായി പഠനം. റിലീസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ക്രൈസ്തവര്‍ ചൈനയില്‍ സഹിക്കേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത്. വിശ്വാസികളുടെ ഇടയില്‍ നിന്നും ക്രിസ്തുവിനെ മാറ്റി കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രതിഷ്ഠിക്കുവാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകൂടം നിയന്ത്രിക്കുന്ന തലത്തിലേക്ക് രാജ്യത്തെ പള്ളികളെ അവര്‍ മാറ്റിക്കൊണ്ടിരിക്കുന്നു.

"2015-ന്റെ അവസാനത്തോടെ ഒരു പ്രവിശ്യയില്‍ മാത്രം 20 ക്രൈസ്തവ ദേവാലയങ്ങള്‍ ഭരണകൂടം പൊളിച്ചു നീക്കി. 1300-ല്‍ അധികം കുരിശുകള്‍ അവര്‍ തകര്‍ത്തു കളഞ്ഞു. വളരെ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്" റിലീസ് ഇന്‍റര്‍നാഷണല്‍ വക്താവായ മാത്യൂ കോംസ്റ്റണ്‍ പറയുന്നു.

ചൈനയില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത് സെയ്ജാംഗ് എന്ന സ്ഥലത്താണ്. ഇവിടെ 60 ക്രൈസ്തവരെ ഒരു കാരണമില്ലാതെ വിവിധ കുറ്റങ്ങള്‍ ചുമത്തി ഭരണകൂടം തടവില്‍ അടച്ചിരിക്കുകയാണ്. ഇതു കൂടാതെ 28 പാസ്റ്ററുമാരും തടവില്‍ തന്നെയാണെന്ന് റിലീസ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണു ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഇടിച്ചു നിരത്തുന്ന പ്രവണത കൂടിയിരിക്കുകയാണ്. ചൈനയില്‍ ദൈവവിശ്വാസം വളരുന്നതില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു ശക്തമായ എതിര്‍പ്പാണുള്ളത്.

അന്താരാഷ്ട്ര സമൂഹത്തിന്റെയും സഭയുടെയും പിന്തുണ തങ്ങള്‍ക്ക് ആവശ്യമാണെന്നു മാത്യൂ കോംസ്റ്റണ്‍ പറയുന്നു. പള്ളികള്‍ തകര്‍ന്നതു മൂലം ദൈവാരാധന നടത്താന്‍ സാധിക്കാത്തവര്‍ക്ക് ഐക്യം പ്രഖ്യപിച്ചു കൊണ്ടു തുറസ്സായ സ്ഥലങ്ങളില്‍ ആരാധന സംഘടിപ്പിക്കണം. ലോകത്ത് പീഡനം അനുഭവിക്കുന്ന ക്രിസ്തുസഭകള്‍ക്കായി ഐക്യത്തോടെ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.