News - 2024

തടവിലായവര്‍ക്ക് ആശ്വാസം നല്‍കാന്‍ മഠങ്ങളുടെ മതിലുകൾ കടന്ന് അമ്മമാരെത്തി

സ്വന്തം ലേഖകന്‍ 30-05-2016 - Monday

സാന്റിയാഗോ: ലോകത്തിന്റെ നന്മയ്ക്കും സമാധാനത്തിനുമായി മഠത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന 61 കന്യാസ്ത്രീകള്‍ ജയിലില്‍ എത്തിയപ്പോള്‍ ചരിത്രം വഴിമാറി നിന്നു. 'ഏകാന്തവാസം നയിക്കുന്ന കന്യാസ്ത്രീകൾ' ചിലിയിലെ വനിത ജയിലില്‍ എത്തി തടവുകാരെ സന്ദര്‍ശിക്കുകയും അവരോടൊത്ത് കൂട്ടായ്മ ആചരിക്കുകയും ചെയ്തത് കരുണയുടെ വര്‍ഷത്തില്‍ ലോകത്തിനു പുതിയ മാതൃക കൂടിയായി മാറി. മഠത്തിനുള്ളില്‍ പ്രാര്‍ത്ഥനയും സേവന പ്രവര്‍ത്തനങ്ങളുമായി കഴിയുന്ന ഇവര്‍ (Cloistered nuns) പുറം ലോകവുമായി അധികം ബന്ധപ്പെടാറില്ല.

"400 വര്‍ഷത്തെ ചിലിയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി എനിക്ക് അറിവില്ല. ആറു മഠങ്ങളില്‍ നിന്നുള്ള 61 കന്യാസ്ത്രീകള്‍ ഒരു ജയിലില്‍ സന്ദര്‍ശനം നടത്തുന്നത് ആദ്യമാണ്. ക്രിസ്തുവിന്റെ മുഖത്തേക്കു നോക്കി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്ന ഇവര്‍ ഇന്നു സഹജീവികളുടെ മുഖത്തേക്ക് നോക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു. അവര്‍ക്കായി നാഥനോടു മധ്യസ്ഥത അണയ്ക്കുന്നു" കര്‍ദിനാള്‍ റിക്കാര്‍ഡോ ഇസാട്ടി പറഞ്ഞു. അദ്ദേഹമാണ് ജയിലില്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ നേതൃത്വം നല്‍കിയത്. കരുണയുടെ വര്‍ഷത്തില്‍ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കന്യാസ്ത്രീകള്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അവര്‍ ജയില്‍ സന്ദര്‍ശിച്ചത്.

"തടവറയില്‍ കഴിയുന്ന സ്ത്രീകളുടെ കൂടെ ആയിരിക്കുവാന്‍ കഴിഞ്ഞതിനെ ഒരു അനുഗ്രഹമായിട്ടാണ് കരുതുന്നത്. അവരുടെ സഹോദരിമാരായി ഞങ്ങള്‍ മാറി. അവരുടെ സങ്കടങ്ങളും സന്തോഷവും ഞങ്ങളുമായി അവര്‍ പങ്കിട്ടു" സാന്‍ ജോണ്‍സ് മഠത്തിലെ സിസ്റ്റര്‍ മരിയ റോസിന്റെ വാക്കുകളാണിത്.

വിശുദ്ധ ബലിക്കു ശേഷം പരിശുദ്ധ അമ്മയുടെ മധ്യസ്ഥത അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു പരമ്പരാഗത ഗാനം തടവുകാര്‍ ആലപിച്ചു. അവര്‍ക്കൊപ്പം ഈ സമയം നൃത്തം വയ്ക്കുവാന്‍ നാലു കന്യാസ്ത്രീകളും ചേര്‍ന്നു. വിശുദ്ധ ജീവിതം നയിക്കുന്ന കര്‍ത്താവിന്റെ മണവാട്ടിമാര്‍ തങ്ങളൊടൊപ്പം നൃത്തം വയ്ക്കുവാന്‍ വന്നപ്പോള്‍ അതിനെ അത്ഭുതത്തോടെയാണു തടവുകാര്‍ കണ്ടത്.