News - 2025

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അധിക്ഷേപം: പ്രതികളെ ജാമ്യത്തില്‍ വിട്ടു

പ്രവാചക ശബ്ദം 08-04-2021 - Thursday

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഝാന്‍സി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ അറസ്റ്റിലായ എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടന നേതാക്കള്‍ക്കായ അഞ്ചൽ അർചാരിയാ, പുർഗേഷ്, അജയ് ശങ്കർ തിവാരി എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ രക്ഷപ്പെടുത്തുവാന്‍ ആദ്യം മുതലേ സംഘടിത ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരിന്നു. കൂടുതൽ വാദത്തിനായി കേസ് ഏപ്രിൽ 22ലേക്ക് മാറ്റിയിട്ടുണ്ട്.

മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് മതംമാറ്റ ആരോപണവും ഭീഷണിയുമായി ഹിന്ദുത്വവാദികള്‍ സംഘടിച്ചത്. യാത്രാരേഖകളും ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയില്‍വെ ഉദ്യോഗസ്ഥരും പോലീസും യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി പോലീസ് സ്‌റ്റേഷനില്‍ രാത്രി തടഞ്ഞുവെയ്ക്കുകയായിരിന്നു.

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുക്കൊണ്ടുള്ള സംഘപരിവാര്‍ അനുയായികളുടെ ഗുണ്ടായിസത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടി. എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാൻസി പൊലീസ് സൂപ്രണ്ടിൻറെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയെ വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു. സംഭവത്തിൽ ക്രൈസ്തവ സഭകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. എന്നാൽ ഇതെല്ലാം കാറ്റില്‍പറത്തിയാണ് പ്രതികള്‍ ജാമ്യം നേടിയിരിക്കുന്നത്.


Related Articles »