India - 2024

പ്രോട്ടോക്കോളിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തരുത്: ചങ്ങനാശേരി അതിരൂപത

പ്രവാചക ശബ്ദം 27-04-2021 - Tuesday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിൽ ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. സംസ്ഥാന സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചു തന്നെയാണ് ക്രിസ്ത്യൻ ആരാധനാലയങ്ങൾ പ്രവർത്തിച്ചു പോരുന്നത്. സർക്കാർ നേരത്തെ നൽകിയിരുന്ന നിർദ്ദേശപ്രകാരം ആരാധനാലയങ്ങളിലെ കർമ്മങ്ങളിൽ സാമൂഹിക അകലം പാലിച്ച് 75 പേർക്ക് പങ്കെടുക്കാമായിരുന്നു.

തിങ്കളാഴ്ച സർവ്വകക്ഷിയോഗത്തിനു ശേഷം നൽകിയ നിർദ്ദേശപ്രകാരം ഇത് പരമാവധി 50 പേരാക്കി ചുരുക്കിയിട്ടുണ്ട്. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും തെറ്റുകൾ സംഭവിച്ചിട്ടുണ്ടങ്കിൽ പരിഹാര നടപടികൾക്കു വിധേയരാകാനും ക്രൈസ്തവർ ബാധ്യസ്ഥരാണ്. എന്നാൽ ചില ഉദ്യോഗസ്ഥർ തങ്ങളുടെ ദാർഷ്ട്യം പ്രകടിപ്പിക്കാനും ക്രൈസ്തവ വിരോധം തീർക്കാനും കോവിഡ് പ്രൊട്ടോക്കോൾ നിയമങ്ങൾ ദുരുപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്നു സമിതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ പുതുക്കരി സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ വിവാഹ കർമ്മത്തോടനുബന്ധിച്ച് വി.കുർബാന നടക്കുന്നതിനിടയിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പള്ളിക്കുള്ളിൽ കടന്നു കയറുകയും കൃത്യമായി സാമൂഹിക അകലം പാലിച്ച് 50 ൽ താഴെ മാത്രം ആളുകൾ ഉൾക്കൊള്ളുന്ന ആരാധനാ സമൂഹത്തിൻ്റെ വി.കുർബാനയർപ്പണം തടസപ്പെടുത്തുകയും ചെയ്തു.

പള്ളിയുടെയും വി.കുർബാനയുടെയും പവിത്രതയെ ബഹുമാനിക്കാതെ നടത്തപ്പെടുന്ന ഈ ഉദ്യോഗസ്ഥരാജ് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതുപോലെ തന്നെ അതിരമ്പുഴ സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിക്കാതെ മൂന്നു ശുശ്രൂഷികളെ മാത്രം ഉൾപ്പെടുത്തി വി.കുർബാന (പ്രൈവറ്റ് മാസ്) അർപ്പിച്ചിരുന്ന വൈദികനെ പോലീസ് സ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയും ഇനി വി.കുർബാന അർപ്പിക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു.

വി.കുർബാന വിലക്കാൻ പോലീസിന് അവകാശമുള്ളതായി അറിവില്ല. ക്രൈസ്തവരുൾപ്പെടെ ഏതു മതത്തിൽ പെട്ടവരുടെയും ആരാധനാ സ്വാതന്ത്ര്യത്തിൻ്റെ മേൽ ഉദ്യോഗസ്ഥർ കടന്നു കയറുന്നത് ശരിയായ നടപടിയല്ല. സർക്കാർ നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ ഉദ്യോഗസ്ഥർ സ്വന്തമായി നിർദ്ദേശങ്ങൾ നൽകുന്നത് ഉചിതമല്ല. മറേറതൊരു സമൂഹത്തോടും സ്വീകരിക്കാൻ മടിക്കുന്ന നടപടികൾ ഇവർ ക്രൈസ്തവ സമൂഹത്തിൻ്റെ നേരെ മാത്രം പ്രയോഗിക്കുന്നത് അംഗീകരിക്കാൻ സാധിക്കുകയില്ല. ക്രൈസ്തവരുടെ മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുക തന്നെ ചെയ്യുമെന്ന് ജാഗ്രതാ സമിതി പ്രസ്താവനയില്‍ അറിയിച്ചു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 388