Purgatory to Heaven. - June 2024
ശുദ്ധീകരണസ്ഥലത്ത് നിന്നും മോചനം ലഭിച്ച ആത്മാക്കൾ വാഴ്ത്തപ്പെട്ട അന്നാ മേരി ടൈഗിയോട് സംസാരിച്ചപ്പോള്‍
സ്വന്തം ലേഖകന്‍ 11-06-2023 - Sunday
“പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് കിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍” (ഗലാത്തിയ 6:2).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-11
“റോമിലെ വാഴ്ത്തപ്പെട്ട അന്നാ മേരി ടൈഗിക്ക്, ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കപ്പെട്ടതിനു ശേഷം തന്നോടു നന്ദി പറയുവാന്‍ വരുന്ന, ആത്മാക്കളെ കാണുവാനുള്ള സവിശേഷ ഭാഗ്യം ലഭിച്ചിരുന്നു. ഒരുദിവസം അവള്‍ രണ്ടു തവണ വിശുദ്ധ കുർബ്ബാനയിൽ പങ്കു കൊണ്ടു. ആദ്യത്തെ കുര്‍ബ്ബാന സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്കയില്‍ അവളുടെ കുമ്പസാരകനായിരുന്നു ചൊല്ലിയത്. അപ്പോൾ അവൾ ദിവ്യകാരുണ്യം സ്വീകരിക്കുകയും, അത് മരിച്ച ഒരു വ്യക്തിയുടെ ആത്മാവിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. അവള്‍ക്ക് പൊടുന്നനെ ഒരു വലിയ ആത്മീയ വിഷാദവും, ശാരീരിക വേദനയും അനുഭവപ്പെട്ടു. എന്നിരുന്നാലും അവള്‍ തന്റെ പ്രാര്‍ത്ഥന തുടരുകയും, തന്റെ രോഗം പ്രായശ്ചിത്തമായി ദൈവത്തിന്റെ നീതിയുടെ മുമ്പില്‍, മരിച്ച ആ വ്യക്തിയുടെ ആത്മാവിനു വേണ്ടി സമര്‍പ്പിച്ചു.
അടുത്ത കുർബ്ബാന കര്‍ദ്ദിനാളായ പെഡീസിനിയായിരുന്നു ചൊല്ലിയത്. ആ കുര്‍ബ്ബാനക്കിടയില്‍ പെട്ടെന്ന്‍ വിശുദ്ധക്ക് അലൗകീകമായ ആനന്ദവും, ആശ്വാസവും അനുഭവിക്കുവാന്‍ തുടങ്ങി. അതേ തുടര്‍ന്ന്, അപ്പോള്‍ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചനം ലഭിച്ച ആത്മാവ് അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ട് പറഞ്ഞു. “ഞാന്‍ നിനക്ക് നന്ദി പറയുന്നു, എന്റെ സഹോദരീ, നിന്റെ അനുകമ്പയെ ഞാന്‍ ദൈവത്തിന്റെ സിംഹാസനത്തിനു മുന്‍പില്‍ വെച്ച് ഓര്‍മ്മിക്കും; നിന്റെ പ്രാര്‍ത്ഥന കാരണം ഞാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ പോവുകയാണ്, അവിടെ ഞാന്‍ എന്നെന്നേക്കുമായി നിത്യാനന്ദത്തിലായിരിക്കും.”
(ഫാദര്‍ ആല്‍ബെര്‍ട്ട് ബെസ്സിയേഴ്സ്, S.J., ഗ്രന്ഥരചയിതാവ്).
വിചിന്തനം:
അടുത്ത തവണ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുമ്പോള്‍, ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ട് അത് മരിച്ച വ്യക്തികളുടെ ആത്മാക്കൾക്കു വേണ്ടി സമര്‍പ്പിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.