News - 2025

ഡല്‍ഹിയില്‍ കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ തകര്‍ത്തത് ഹൈക്കോടതി ഉത്തരവ് മറികടന്ന്? കൈവശാവകാശ രേഖകള്‍ ഉണ്ടെന്ന് രൂപത: നിയമ നടപടിയ്ക്ക്

പ്രവാചകശബ്ദം 13-07-2021 - Tuesday

ന്യൂഡല്‍ഹി: ഡല്‍ഹി ലഡോ സരായി അന്ധേരിയ മോഡിലുള്ള സീറോ മലബാര്‍ ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ നേതൃത്വം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. കുത്തബ് മിനാറിനടുത്ത് ലഡോ സരായി അന്ധേരിയ മോഡിലെ ഡോ. അംബേദ്കര്‍ കോളനിയിലുള്ള ഈ പള്ളിയില്‍ ആരാധന തടയുകയോ പള്ളി ഇടിച്ചുനിരത്തുകയോ ചെയ്യരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളെ മറികടന്നാണു ഡല്‍ഹി റവന്യു ഉദ്യോഗസ്ഥരുടെ കിരാത നടപടിയെന്ന് വിശ്വാസികള്‍ പറഞ്ഞു. സ്ഥലം സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും പള്ളിയുൾപ്പെടുന്ന അന്ദേരിയാ മോഡ് അംബേദ്കർ കോളനിയിൽ ഒഴിപ്പിക്കൽ പാടില്ലെന്ന്‌ ഹൈക്കോടതി ഉത്തരവുണ്ടെന്നും വിശ്വാസികള്‍ ആരോപിച്ചു.

ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകളെല്ലാം പള്ളി അധികതരുടെ പക്കലുണ്ട്. 1982 മുതല്‍ ഇടവകാംഗമായ ഫിലിപ്പീസ് ജോണ്‍ എന്ന വ്യക്തിയുടെ കൈവശാവകാശം ഉണ്ടായിരിന്ന ഈ സ്ഥലം ദേവാലയം പണിയുന്നതിന് ഇഷ്ട്ടദാനമായി നല്‍കിയതായിരിന്നു. ഈ സ്ഥലത്ത് 2011ലാണു ദേവാലയം നിര്‍മിച്ചത്. ഫരീദാബാദ് രൂപതയുടെ കീഴിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ ഇവിടെ 450ലേറെ കുടുംബങ്ങളുണ്ട്. ഛത്തര്‍പുര്‍ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ചാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നിര്‍ദേശാനുസരണം പള്ളി പൊളിച്ചത്.

എന്നാല്‍ ദേവാലയ അധികൃതര്‍ കൈവശംവെച്ചിരിന്ന ഈ സ്ഥലത്തിന്റെ ആവശ്യമായ എല്ലാ രേഖകളും വെള്ളക്കരം, വൈദ്യുതി ബിൽ, പ്രോപ്പർട്ടി ടാക്സ് എന്നിവയടക്കം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നതാണെന്ന് ഫരീദാബാദ് രൂപത വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ കൈവശാവകാശ രേഖകളും കൃത്യമായി ഉള്ള ഈ ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് തകർത്തത് തികച്ചും അപലപനീയമാണെന്നും ദേവാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിനു നിയമപരമായ സാധുത ഇല്ല എന്ന വാദം തീർത്തും തെറ്റായ ഒരു പ്രചരണമാണെന്നും ഫരീദാബാദ് രൂപത പി‌ആര്‍‌ഓ ഫാ. ജിന്‍റോ കെ ടോം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

13 വര്‍ഷമായി ദിവ്യബലിയും മറ്റ് ആരാധനകളും നടന്നുവരുന്ന പള്ളിയും അനുബന്ധ കെട്ടിടങ്ങളും നിയമം ലംഘിച്ച് വേണ്ടത്ര മുന്നറിയിപ്പു പോലുമില്ലാതെയാണ് ഇടിച്ചുനിരത്തിയത്. സംഭവം െ്രെകസ്തവരെ വേദനിപ്പിച്ചുവെന്നും പ്രതിഷേധാര്‍ഹമാണെന്നും ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. ജോസ് കണ്ണങ്കുഴിയും പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെ വന്‍ പോലീസ് സന്നാഹവുമായി ഒന്പതോളം ജെസിബികളുടെ സഹായത്തോടെയെത്തിയാണു പൊളിച്ചത്. സക്രാരിയിലുണ്ടായിരുന്ന തിരുവോസ്തി എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നു വികാരി ഫാ. ജോസ് കണ്ണങ്കുഴി പറഞ്ഞു. സംഭവം കണ്ട് സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ കരഞ്ഞു നിലവിളിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു നൂറുകണക്കിനു വിശ്വാസികളുടെ നേതൃത്വത്തില്‍ തകര്‍ത്ത ദേവാലയത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തി.

വികാരനിര്‍ഭരമായ പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. വൈകീട്ട് രൂപതയിലെ നിരവധി വൈദികരുടെ സാന്നിധ്യത്തില്‍ നൂറോളം വിശ്വാസികള്‍ തകര്‍ത്ത ദേവാലയത്തിന് മുന്നില്‍നിന്ന് ബലിയര്‍പ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ചര്‍ച്ചയാകുകയാണ്. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ വിശ്വാസികള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി പൊളിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്‍ രൂപത വ്യക്തമാക്കി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക