News - 2024

ദേവാലയം തകര്‍ത്തതില്‍ പരസ്പരം പഴിചാരി കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും

പ്രവാചകശബ്ദം 16-07-2021 - Friday

ന്യൂഡല്‍ഹി: അന്ധേരിയ മോഡ് ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ പള്ളി പൊളിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പരസ്പരം പഴിചാരി കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും. ദേവാലയം തകര്‍ത്തത് ഡല്‍ഹി വികസന അതോറിറ്റി (ഡിഡിഎ) ആണെന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് ഡിഡിഎ പറയുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെതാണു നടപടിയെന്നും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിഡിഎയ്ക്ക് അറിവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും വിശദീകരിച്ചു. ലഡോ സരായി ക്രൈസ്തവ ദേവാലയത്തിന്റെ കാര്യത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നു ഡിഡിഎയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേസമയം, പള്ളിയുടെ സ്ഥലം അനധികൃതമായി കൈയേറിയതാണെന്നും ഒഴിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും കീഴുദ്യോഗസ്ഥര്‍ തെറ്റായ വിവരം നല്‍കിയതായാണു പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെ ഉന്നതന്‍ പറയുന്നത്. ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി ഉള്‍പ്പെടെ അംബേദ്കര്‍ കോളനിയിലെ വീടുകളും മറ്റു സ്ഥലങ്ങളും ഒഴിപ്പിക്കുന്നതിനെതിരേ ഡല്‍ഹി ഹൈക്കോടതി 2002ല്‍ നല്‍കിയ സ്‌റ്റേ ഉത്തരവ് ഇനിയും നീക്കിയിട്ടില്ല. ഈ വസ്തുതകള്‍ മറച്ചുവച്ചും തെറ്റിദ്ധരിപ്പിച്ചുമാണു പള്ളി പൊളിക്കാനുള്ള ബിഡിഒയുടെ ഉത്തരവിനുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി നേടിയതെന്നാണു സൂചന.

വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവം സംബന്ധിച്ച് കേന്ദ്ര, ഡൽഹി സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്നതും തെറ്റിധാരണകൾ പരത്തുന്നതും നിർഭാഗ്യകരമാണെന്നും നൂറുകണക്കിന് കുടുംബങ്ങളുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും ആരാധനാ കേന്ദ്രവും അഭയസ്ഥാനവുമായിരുന്ന ദേവാലയവും അനുബന്ധ സംവിധാനങ്ങളും തകർത്തത് ക്രൈസ്തവ വിശ്വാസത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് വിശ്വാസ സമൂഹത്തിന് ഏൽപ്പിച്ച ആഘാതവും വേദനയും വളരെ വലുതാണെന്നും സമിതി വിലയിരുത്തി. ഈ സംഭവത്തെപ്പറ്റിയും ഇതിനു പിന്നിലുള്ള ഗൂഡാലോചനയെപ്പറ്റിയും ഗവൺമെൻ്റ് ഉന്നതതല അന്വേഷണം നടത്തണമെന്നും സർക്കാർ ചെലവിൽ അവിടെ ദേവാലയവും അനുബന്ധ സംവിധാനങ്ങളും പണിത് നൽകണമെന്നും ജാഗ്രത സമിതി കേന്ദ്ര- ഡൽഹി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

ഇതിനിടെ ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത അധികൃതരുടെ അന്യായവും ക്രൂരവുമായ നടപടിക്കെതിരെ ഫരീദാബാദ് രൂപത ഇന്നലെ ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി. പള്ളി വികാരി ഫാ. ജോസ് കന്നുകുഴിയുടെ നേതൃത്വത്തിൽ കൈക്കാരൻമാർ , കമ്മിറ്റി അംഗങ്ങൾ, ദേവാലയ സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട ഒരു സംഘം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ശ്രീമതി നാൻസി ബാർലോയെ കാണുകയും ഈ സംഭവം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. വിഷയത്തിൽ ന്യൂനപക്ഷ കമ്മീഷൻ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെമൊറാണ്ടം നൽകുകയും ചെയ്തു. റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കാമെന്ന് കമ്മീഷൻ അവർക്ക് വാഗ്ദാനം നൽകി.


Related Articles »