India

ദൈവനിയോഗം സഭയ്ക്ക് അനുഗ്രഹകരം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

സാബു ജോസ് 15-06-2016 - Wednesday

"സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ജോയ്സ് ജെയിംസ് പള്ളിക്കുമാലില്‍ കുടുംബജീവിതത്തോടൊപ്പം സ്ഥിരം ഡീക്കനായി തന്‍റെ ശുശ്രൂഷയ്ക്ക് തുടക്കം കുറിക്കുന്നു. ഇത് ദൈവനിയോഗവും സഭയ്ക്ക് അനുഗ്രഹകരവുമാണ്." ജൂണ്‍ 6-ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ നടന്ന മ്ശംശാന പട്ടത്തിന്‍റെ സുവിശേഷ പ്രസംഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

മാമോദീസായിലൂടെ ഓരോ വിശ്വാസിക്കും ലഭിക്കുന്ന ദൈവവിളിയെക്കുറിച്ചും ശുശ്രൂഷാ ദൗത്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കര്‍ത്താവിന്‍റെ 12 ശിഷ്യന്മാരുടെ പ്രവര്‍ത്തന കാലഘട്ടത്തില്‍ത്തന്നെ 7 പേരും ഡീക്കന്‍മാരായി നിയമിച്ചു. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ നാമിത് വായിക്കുന്നു. ഡീക്കനായിരുന്ന സ്തേഫാനോസാണ് കല്ലെറിഞ്ഞു കൊല്ലപ്പെട്ട രക്തസാക്ഷി. പൗരസ്ത്യ സുറിയാനി സഭയുടെ പൈതൃകത്തിലും മ്ശംശാന ശുശ്രൂഷയ്ക്കായി വ്യക്തികളെ നിയോഗിച്ചിരുന്നു. വി. എഫ്രേം ഡീക്കനായിരുന്നു. ആ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ് ശെമ്മാശ ശുശ്രൂഷയിലൂടെ നടക്കുന്നത്.

നമ്മുടെ സഭയില്‍ ആര്‍ച്ച് ഡീക്കന്‍മാര്‍ ഉണ്ടായിരുന്നു. ഇതിനോട് ചേര്‍ന്ന്‍ അവര്‍ ഭരണം നടത്തിയിരുന്നു. അവര്‍ ഡീക്കനടുത്ത ശുശ്രൂഷകള്‍ ചെയ്തിരുന്നിരിക്കാം. എന്നാല്‍ പിന്നീട് ആ ശുശ്രൂഷകള്‍ തുടര്‍ന്നില്ല. എന്നാല്‍ സീറോമലബാര്‍ സഭയ്ക്കു സ്വയം ഭരണം ലഭിച്ചതിനു ശേഷം, സഭയുടെ സിനഡ് സീറോ മലബാര്‍ സഭയിലും സ്ഥിരം ഡീക്കന്‍മാരെ നിയമിക്കുവാന്‍ തീരുമാനിച്ചു. ആ തീരുമാനം പരിശുദ്ധ പിതാവ് അംഗീകരിച്ചു. ലത്തീന്‍ സഭയില്‍ ധാരാളം ഡീക്കന്മാര്‍ ഉണ്ട്. കഴിഞ്ഞ ആഴ്ച ഞാന്‍ പോയ പാരീസിലെ ഒരു‍ രൂപതയില്‍തന്നെ 150 ഓളം സ്ഥിരം ഡീക്കന്മാര്‍ ശുശ്രൂഷ ചെയ്യുന്നു. വൈദികരുടെ കുറവ് മൂലം ആണ് അങ്ങനെയൊരു സാഹചര്യം അവിടെ വേണ്ടി വന്നത്". കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു.

സീറോമലബാര്‍ സഭയില്‍ വൈദികര്‍ ഏറെയുണ്ടെന്നുള്ളതിന് ദൈവത്തിന് നന്ദി പറയാം. എറണാകുളം അതിരൂപതയില്‍ ഈ വര്‍ഷം 39 പേരെ തെരഞ്ഞെടുത്തു. അതില്‍ 5 പേര്‍ പോസ്റ്റ്‌ ഗ്രാജ്വേഷന്‍ കഴിഞ്ഞവരും 20 പേര്‍ പ്രീഡിഗ്രിക്കു ശേഷം എത്തിയവരും ആയിരുന്നു. ദൈവകൃപ സഭയ്ക്ക് ലഭിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പ്രവാസികളിലും തനി മിഷന്‍ രൂപതകളിലും കേരളത്തിനു പുറത്ത് സ്ഥിരം ഡീക്കന്‍ ശുശ്രൂഷ പുന:സ്ഥാപിക്കാന്‍ സഭയ്ക്ക് വളരെ നേട്ടമായിരുന്നു. കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഉജ്ജയിന്‍ രൂപതയുടെ അധികാരിയായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേന്‍ പിതാവാണ് ആദ്യമായി ഈ ആശയം മുന്നോട്ടു വന്നത്. മറ്റു പ്രദേശങ്ങളിലും രൂപതകളിലും കനേസ ഡീക്കന്മാര്‍ ഉണ്ടാകുവാന്‍ ശുശ്രൂഷ ഏറ്റെടുക്കുന്ന ശ്മാശന്‍ ജോയ്സ് ജയിംസിനെ പ്രവര്‍ത്തന സാക്ഷ്യം സഹായിക്കുമെന്നും പിതാവ് പറഞ്ഞു. ജോയ്സിന്‍റെ മാതാപിതാക്കളും ജോയ്സും മാതൃകാ കുടുംബജീവിതം നയിക്കുന്നുവരാണെന്നും പിതാവ് അനുസ്മരിച്ചു.

സഭ ഒരു കൂട്ടായ്മയാണ്. സഭയില്‍ ശുശ്രൂഷകളുടെ കൂട്ടായ്മയുമുണ്ട്. മാമോദീസ സ്വീകരിച്ച എല്ലാവര്‍ക്കും ശുശ്രൂഷാവിധിയുണ്ട്. അല്‍മായരുടെ പൗരോഹിത്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കര്‍ത്താവ് പറഞ്ഞത് ഇങ്ങനെയാണ്, "നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തില്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തതാണ്". ദൈവവിളി സ്വയമേവ ആരും തിരഞ്ഞെടുക്കുന്നതല്ല. എല്ലാ വിളികളും ശുശ്രൂഷകള്‍ക്കാണ്. എന്‍റെ ശുശ്രൂഷകള്‍ കൊണ്ട് ദൈവജനത്തിന് എന്ത് അനുഗ്രഹം ലഭിക്കുന്നുവെന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടത്. കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

ഓരോരുത്തരും സ്വയം വിശുദ്ധീകരിക്കണം. ഒപ്പം മറ്റുള്ളവരെയും വിശുദ്ധീകരിക്കപ്പെടാന്‍ ഇടയാക്കണം. കൂദാശ പരികര്‍മ്മത്തില്‍ സഹായിച്ചും, വിശ്വാസ പരിശീലനം നല്‍കിയും, കുടുംബ കൂട്ടായ്മകള്‍ വളര്‍ത്താന്‍ സഹായിച്ചും സംസ്ക്കാര ശുശ്രൂഷകളില്‍ സഹായിച്ചും വചനം പങ്കുവച്ചും മറ്റും വൈദികരോടു ചേര്‍ന്ന്‍ വേണ്ട എല്ലാ ശുശ്രൂഷകളും ചെയ്യേണ്ടതാകുന്നു. കര്‍ദ്ദിനാള്‍ പറഞ്ഞു. പുതിയ അദ്ധ്യായം സഭയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ എത്തിയ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിനും, വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രേഷിതര്‍ എന്നിവര്‍ക്കു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നന്ദിയും അഭിനന്ദനവും അറിയിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നടന്ന സ്നേഹവിരുന്നിലും കര്‍ദ്ദിനാള്‍ പങ്കെടുത്തു. സ്ഥിരം ഡീക്കനായി നിയമിക്കപ്പെട്ടതിന്‍റെ നിയമനപത്രിക കര്‍ദ്ദിനാള്‍ നല്‍കി. ഡീക്കന്‍ മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും വിശ്വാസികള്‍ക്കും വി.കുര്‍ബ്ബാന നല്‍കി.

ചിത്രങ്ങള്‍