News - 2024

ലണ്ടനിലെ ഗവേഷണ സംഘം സന്യാസമഠങ്ങളെ സംബന്ധിക്കുന്ന പുരാവസ്തു രേഖകള്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 27-06-2016 - Monday

ലണ്ടന്‍: കോള്‍ചെസ്റ്ററിലുള്ള കത്തോലിക്ക പുരാവസ്തു ഗവേഷണ സംഘം പുതിയ ഒരു കണ്ടെത്തല്‍ നടത്തി. മധ്യകാലഘട്ടത്തില്‍ സ്ഥാപിച്ച വിവിധ ആശ്രമങ്ങളെ കുറിച്ച് പ്രത്യേകം പഠനം നടത്തുന്ന സംഘം വിശുദ്ധ ജോണ്‍ സ്ഥാപിച്ച ചില സന്യാസ മഠങ്ങളുമായി ബന്ധപ്പെട്ട പുതിയ രേഖയാണ് കണ്ടെത്തിയിരിക്കുന്നത്. പലസ്ഥലങ്ങളിലായി മുറിഞ്ഞു കിടന്ന ചരിത്രത്തിന്റെ പല കഷ്ണങ്ങളെ കൃത്യമായി യോജിപ്പിക്കുവാന്‍ പുതിയ കണ്ടെത്തലിലൂടെ സാധ്യമാകും.

ഗൂതറൈന്‍ സ്റ്റീവന്‍സ് എന്ന വനിതയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. സെന്റ് ജോണ്‍ സന്യാസമഠത്തിലെ അവസാന മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെന്ന ഏലീയാസ് തോമസ് മാര്‍ഷലിനെ വധിക്കുന്ന ചിത്രമാണ് ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെ വധിച്ചത്. ഏറെ വര്‍ഷങ്ങളായി സന്യാസി മഠവുമായി ബന്ധപ്പെട്ട പല പ്രസിദ്ധീകരണങ്ങളിലും ഉപയോഗിച്ചിരുന്ന ചിത്രം തന്നെയാണ് ഇതെന്നും പരിശോധനയില്‍ തെളിഞ്ഞു. ബ്രെന്റവുഡ് രൂപതയില്‍ നിന്നുമാണ് ഇത്തരം ചിത്രങ്ങള്‍ വിശ്വാസികള്‍ക്കായി നല്‍കപ്പെട്ടത്. ഈ ചിത്രത്തിന്റെ വിശ്വാസ്യത സംബന്ധിക്കുന്ന എല്ലാ ചോദ്യങ്ങളും പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അവസാനിച്ചിരിക്കുകയാണ്.

മഠത്തിന്റെ സ്വത്തുകളും സ്ഥലങ്ങളുമെല്ലാം കണ്ടുകെട്ടുന്നതായിട്ടുള്ള ഉത്തരവിന്റെ പകര്‍പ്പിനൊപ്പം തന്നെയാണ് വധശിക്ഷ നടപ്പിലാക്കുന്ന ചിത്രവും കണ്ടെത്തിയത്. അവസാനത്തെ മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെ വധിക്കുന്നതിന് ഒരു മാസം മുമ്പ് മഠത്തിന്റെ സ്വത്തുകള്‍ കണ്ടുകെട്ടിയതായിട്ടാണ് രേഖകളില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നതെന്നും പഠനത്തിനു നേതൃത്വം വഹിക്കുന്ന ഗൂതറൈന്‍ സ്റ്റീവന്‍സ് പറയുന്നു. മഠത്തിലെ സന്യാസിമാരും അന്തേവാസികളും പൂര്‍ണ്ണ അനുസരണശീലമുള്ളവരായിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പല രേഖകളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ലൈബ്രറിയുടെ അനുവാദത്തോടെ രേഖകളുടെ എല്ലാം ശരിയായ പകര്‍പ്പ് ശേഖരിക്കുവാനുള്ള ശ്രമങ്ങളും കത്തോലിക്ക പുരാവസ്തു ഗവേഷണ സംഘം തുടങ്ങിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ സഭയിലെ ചില സന്യാസ മഠങ്ങളുടെ ഇനിയും അറിയപ്പെടാതെ കിടക്കുന്ന ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് ഏവരും കരുതുന്നത്.


Related Articles »