News

വിശുദ്ധ പൗലോസ് ശ്ലീഹാ സുവിശേഷ വിത്ത് വിതച്ച മാള്‍ട്ടയില്‍ പാപ്പയുടെ സന്ദര്‍ശനം ഇന്ന് ആരംഭിക്കും

പ്രവാചകശബ്ദം 02-04-2022 - Saturday

റോം: വത്തിക്കാന് സമീപത്ത് സ്ഥിതിചെയ്യുന്ന രാജ്യമായ മാൾട്ടയിൽ ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം ഇന്ന്‍ ആരംഭിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം മാൾട്ടയുടെ ജനസംഖ്യയുടെ 85 ശതമാനവും കത്തോലിക്കരാണ്. ആദിമ നൂറ്റാണ്ടിൽ തന്നെ ക്രൈസ്തവ വിശ്വാസം എത്തിയ രാജ്യമായതിനാൽ, ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം രാജ്യത്തെ ജനങ്ങളെ തങ്ങളുടെ പ്രാചീന വേരുകളെ പറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന് സെന്റ് പോൾ ബസിലിക്കയുടെ ചുമതലയുള്ള ഫാ. ജോസഫ് മിസി വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

വിജാതിയരുടെ അപ്പസ്തോലനായ വിശുദ്ധ പൗലോസ് റോമിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട് മാൾട്ടയിൽ എത്തിച്ചേർന്ന സംഭവം അപ്പസ്തോലന്മാരുടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അവിടുത്തെ ജനങ്ങൾ പൗലോസിനോടും, കൂടെയുള്ളവരോടും അസാധാരണമായ ആതിധേയത്വ മര്യാദ കാണിച്ചുവെന്നും വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു. 'അവർ തങ്ങളോട് അസാധാരണമായ കരുണ കാണിച്ചു' എന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ മാൾട്ടാ സന്ദർശനത്തിന്റെ ആപ്തവാക്യം.

ദ്വീപിലെ പ്രമാണിയായ പുബ്‌ളിയൂസിന്റെ പിതാവിനും, മറ്റ് രോഗികൾക്കും പൗലോസ് രോഗസൗഖ്യം നൽകിയത് വളരെ സുപ്രധാനമായ ഒരു സംഭവമായിരുന്നുവെന്ന് ഫാ. മിസി സ്മരിച്ചു. അവിടെവച്ച് വിശുദ്ധ പൗലോസ് സുവിശേഷം പ്രസംഗിക്കുകയും, ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിക്കുകയും, നിരവധി പേർക്ക് ജ്ഞാനസ്നാനം നൽകുകയും ചെയ്തു. ഇതിൽ റോമൻ ഗവർണർ പുബ്‌ളിയൂസും ഉൾപ്പെടുന്നു. അദ്ദേഹം പിന്നീട് ദ്വീപിലെ ആദ്യത്തെ മെത്രാനായി. അന്ന് വിശുദ്ധ പൗലോസ് ക്രൈസ്തവവിശ്വാസത്തിലേക്ക് കൊണ്ടുവന്ന ചെറിയ സമൂഹം പിന്നീട് ഒരു വലിയ സമൂഹം ആയി മാറുകയായിരിന്നു.

വിശുദ്ധ പൗലോസ് മൂന്നുമാസ കാലത്തോളം താമസിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ഇപ്പോൾ വിശുദ്ധന്റെ പേരിൽ ഒരു ഗ്രോട്ടോ ഉണ്ട്. ഇതിന്റെ മേൽനോട്ട ചുമതല ഫാ. ജോസഫ് മിസിക്കാണ്. നേരത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും ഗ്രോട്ടോ സന്ദർശിക്കാൻ എത്തിയിരുന്നുവെന്നും, ഇപ്പോൾ ഫ്രാൻസിസ് പാപ്പ കൂടി ഗ്രോട്ടോയിൽ സന്ദർശനം നടത്തുന്നത് അതിന്റെ പ്രത്യേകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പ രാജ്യത്ത് നൽകുന്ന സന്ദേശങ്ങൾ ഹൃദയത്തിൽ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഫാ. മിസി വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഇന്ന്‍ ഏപ്രിൽ രണ്ട് പ്രാദേശിക സമയം രാവിലെ 10.00ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കു സ്വീകരണം നല്‍കും. വലെറ്റ, റാബാറ്റ്, ഫ്‌ളോറിയാന അടക്കമുള്ള നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും. മാൾട്ടീസ് പ്രസിഡന്റ് ജോർജ് വെൽ, പ്രധാനമന്ത്രി റോബർട്ട് അബെല എന്നിവരുമായുള്ള കൂടിക്കാഴ്ചയും നടക്കും. 2010ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ മാള്‍ട്ട സന്ദര്‍ശിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »