Youth Zone

ദൈവേഷ്ടം നിറവേറ്റുന്നതിനുള്ള ധൈര്യത്തിനായി കന്യകാമാതാവിലേക്ക് തിരിയണം: വത്തിക്കാനിലെത്തിയ എണ്‍പതിനായിരത്തോളം കൗമാരക്കാരോട് പാപ്പ

പ്രവാചകശബ്ദം 20-04-2022 - Wednesday

വത്തിക്കാന്‍ സിറ്റി: ദൈവേഷ്ടം നിറവേറ്റുന്നതിനുള്ള ധൈര്യത്തിനായി പരിശുദ്ധ കന്യകാമാതാവിലേക്ക് തിരിയണമെന്ന് യുവജനങ്ങളോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ എണ്‍പതിനായിരത്തോളം വരുന്ന കൗമാരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. ഈസ്റ്ററിനോടനുബന്ധിച്ച് ഇറ്റാലിയന്‍ മെത്രാന്‍ സമിതി സംഘടിപ്പിച്ച തീര്‍ത്ഥാടനത്തിനായി ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെ ഔദ്യോഗികവാഹനമായ പോപ്പ് മൊബീലില്‍ നിന്നാണ് പാപ്പ അഭിസംബോധന ചെയ്തത്.

ദൈവദൂതനില്‍ നിന്നും മംഗളവാര്‍ത്ത ലഭിക്കുമ്പോള്‍ പരിശുദ്ധ കന്യകാമാതാവ് പറഞ്ഞപോലെ, “ഇതാ ഞാന്‍” എന്ന്‍ ദൈവത്തോട് പ്രത്യുത്തരം നല്‍കുവാന്‍ ദൈവം നിങ്ങളെ പഠിപ്പിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. പ്രയാസങ്ങള്‍ നിറഞ്ഞ ഘട്ടങ്ങളില്‍ കുട്ടികള്‍ അമ്മയെ സമീപിക്കുന്നത് പോലെ കത്തോലിക്കരായ നമ്മള്‍ പരിശുദ്ധ കന്യകാമാതാവിന്റെ സഹായം തേടുവാന്‍ മടികാണിക്കരുതെന്നും .ജീവിതാവസ്ഥകളില്‍ ധൈര്യം സംഭരിച്ച് മുന്നോട്ട് പോകുവാനും പാപ്പ ഓര്‍മ്മിപ്പിച്ചു.

ആകുലതയും, നിരുത്സാഹവും തോന്നുന്ന അവസരങ്ങളില്‍ സഹായത്തിനായി മറ്റുള്ളവരെ സമീപിക്കുവാന്‍ മടികാണിക്കരുതെന്ന് പറഞ്ഞ പാപ്പ, പ്രതിസന്ധികള്‍ മറികടക്കേണ്ടതിനായി വെളിച്ചത്ത് വരണമെന്നും കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ജീവിതം ദുര്‍ബ്ബലതകളും, നിസ്സഹായതയും വെളിപ്പെടുത്തുന്ന ചില പരീക്ഷണങ്ങള്‍ നമുക്ക് സമ്മാനിക്കും. ഈ വാക്കുകള്‍ക്ക് പിന്നാലേ ഈ പകര്‍ച്ചവ്യാധി കാലത്ത് എത്രവട്ടം ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടെന്ന്‍ പാപ്പ യുവജനങ്ങളോട് ചോദിച്ചു. തങ്ങളുടെ ഭയം തുറന്നുപറയുവാന്‍ ആളുകള്‍ മടിക്കരുതെന്നും പാപ്പ പറഞ്ഞു.

കൗമാരക്കാരുമായുള്ള പാപ്പയുടെ അഭിസംബോധനക്കിടയില്‍ സോഫിയ എന്ന്‍ പേരായ ഒരു പെണ്‍കുട്ടി കോവിഡ് കാലത്ത് തനിക്കനുഭവപ്പെട്ട ഏകാന്തതയേക്കുറിച്ചും, ഒരു പുതിയ സുഹൃത്ത് പ്രതീക്ഷ വീണ്ടെടുക്കുവാന്‍ തന്നെ സഹായിച്ചതിനെക്കുറിച്ചും വിവരിച്ചു. ആലീസ് എന്ന്‍ പേരായ മറ്റൊരു പെണ്‍കുട്ടിയും കോവിഡ് കാലത്ത് താന്‍ സഹിച്ച കഷ്ടകളെ കുറിച്ച് വിവരിക്കുകയുണ്ടായി. യുക്രൈന്‍ യുദ്ധം കാരണം ദുരിതമനുഭവിക്കുന്ന സഹോദരീസഹോദരന്‍മാര്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണമെന്ന് പാപ്പ യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

യേശുക്രിസ്തു മരണമെന്ന അന്ധകാരത്തേ കീഴടക്കിയെങ്കിലും, നമ്മുടെ കാലത്തെ അന്ധകാരത്തിന്റെ കട്ടികൂടിക്കൊണ്ടിരിക്കുകയാണെന്നും, പകര്‍ച്ചവ്യാധിക്ക് പുറമേ മാനുഷികതയെ നശിപ്പിക്കുന്ന അനീതിയും അക്രമവുമാകുന്ന മറ്റൊരു ഭീകരയുദ്ധത്തേക്കൂടി യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പാപ്പ പറഞ്ഞു. ‘ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ ജീവിതത്തേ ശക്തിപ്പെടുത്തട്ടേ’ എന്ന് യുവജനങ്ങളെ അനുഗ്രഹിച്ചു കൊണ്ടാണ് പാപ്പ തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്. മഹാമാരിയെ തുടര്‍ന്നു ഇറ്റാലിയന്‍ മെത്രാന്‍ സമിതി സംഘടിപ്പിക്കുന്ന ഈ തീര്‍ത്ഥാടനം കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Related Articles »