Life In Christ - 2024

കോവിഡ് കാലത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ 70 കിലോമീറ്റര്‍ യാത്രചെയ്തതിന് ജയിലിൽ പോകാനൊരുങ്ങി ദമ്പതികൾ

പ്രവാചകശബ്ദം 08-05-2022 - Sunday

കോവിഡ് ലോക്ക്ഡൗൺ നിലനിന്ന കാലത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ 70 കിലോമീറ്റര്‍ യാത്രചെയ്തതിന്റെ പേരിൽ ജയിലിൽ പോകാനൊരുങ്ങുന്ന ദമ്പതികൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അയര്‍ലന്‍ഡിലാണ് സംഭവം. 2021-ലെ ഓശാന ഞായര്‍ ദിവസത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിനാണ് 64 കാരനായ, വിരമിച്ച ഫയര്‍ ബ്രിഗേഡ് അംഗം ജിം റയാനും, അദ്ദേഹത്തിന്റെ ഭാര്യ 59 കാരിയായ അന്നാക്കും കാവന്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. കൊറോണ മഹാമാരിയുടെ ഭാഗമായ ലോക്ഡൌണ്‍ നിലവിലിരുന്ന സാഹചര്യമായിരുന്നതിനാൽ ഓശാന ഞായര്‍ ദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന് ഇവർക്ക് 70 കിലോമീറ്റര്‍ യാത്രചെയ്യേണ്ടിയിരുന്നു. എന്നാൽ 5 കിലോമീറ്റര്‍ മാത്രമായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന യാത്രാ പരിധി.

ഈ മാസം ആദ്യത്തിലാണ് ജിമ്മും, അന്നായും അയര്‍ലന്‍ഡിലെ കാവന്‍ ജില്ലാ കോടതി മുമ്പാകെ ഹാജരായത്. ഇരുവര്‍ക്കുമായി കോടതി 300 യൂറോ പിഴയോ, പിഴ അടക്കാത്ത പക്ഷം ജയില്‍ ശിക്ഷയോ വിധിക്കുകയായിരുന്നു. വിധി പുറത്തുവന്ന ഉടന്‍തന്നെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ജിം. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിനു തങ്ങള്‍ പിഴ അടക്കില്ലെന്നും, വേണ്ടി വന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുവാന്‍ തയ്യാറാണെന്നുമാണ് ജിം, അന്നാ ദമ്പതികള്‍ പറയുന്നത്. “പിഴ അടക്കുന്നതിന്‌ പകരം ജയിലില്‍ പോകാന്‍ ഞാന്‍ തയ്യാറാണ്. അതില്‍ ഒരു സംശയവുമില്ല” ഐറിഷ് വാര്‍ത്താപത്രമായ സണ്ടേ വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ജിം പറയുന്നു.

തങ്ങള്‍ ക്രൈസ്‌തവ വിശ്വാസത്തിന്റെ ശക്തമായ അടിത്തറയുള്ള നല്ല കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണെന്നും, ഈ കോടതി വിധിയുടെ പേരിൽ പ്ലക്കാര്‍ഡും, മുദ്രവാക്യവുമായി തെരുവില്‍ ഇറങ്ങുവാനൊന്നും തങ്ങള്‍ക്ക് യാതൊരു പദ്ധതിയുമില്ലെന്നുമാണ് അന്നാ പറയുന്നത്. ജിം, അന്നാ ദമ്പതികളുടെ ശക്തമായ ഈ നിലപാട് അവരെ വിശ്വാസസമൂഹത്തില്‍ ബഹുമാനിതരാക്കിയിരിക്കുകയാണ്. തങ്ങളുടെ വിശ്വാസ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിൽ പോകാൻ തങ്ങൾക്ക് യാതൊരു മടിയുമില്ല എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ഈ ദമ്പതികൾ അനേകരുടെ വിശ്വാസജീവിതത്തിൽ പുതിയ ഉണർവ്വ് സമ്മാനിക്കുകയാണ്.


Related Articles »