Faith And Reason - 2025
മുൻ പ്രൊട്ടസ്റ്റന്റ് പ്രഭാഷകൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു
പ്രവാചകശബ്ദം 09-05-2022 - Monday
മെത്തഡിസ്റ്റ് സഭയുമായി ബന്ധമുള്ള വെസ്ലിയൻ സഭയുടെ പ്രഭാഷകൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഏപ്രിൽ പതിനാറാം തീയതി അമേരിക്കയിലെ നെബ്രാസ്കയിലുള്ള സെന്റ് പാട്രിക് ദേവാലയത്തിൽ വച്ച് സ്റ്റീവ് ഡോവ് എന്ന പ്രൊട്ടസ്റ്റന്റ് പ്രഭാഷകനാണ് ക്രിസ്‌തു സ്ഥാപിച്ച ഏകവും പരിശുദ്ധവും സാർവ്വത്രികവും അപ്പസ്തോലികവുമായ കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവന്നത്.
ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് എന്ന കത്തോലിക്കാ മാധ്യമത്തിലെ പരിപാടികൾ കാണാൻ ഇടയായതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഇതിലൂടെ കത്തോലിക്കാസഭയെ പറ്റി താൻ കേട്ടതും, ധരിച്ചുവച്ചിരിക്കുന്നതും തെറ്റായിട്ടുള്ള അറിവുകളാണെന്ന് സ്റ്റീവ് ഡോവ് മനസ്സിലാക്കി. കത്തോലിക്കർ വിശ്വസിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും, സഭയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തെങ്കിലും പ്രൊട്ടസ്റ്റൻറ് സഭ യിലെ പ്രഭാഷകൻ എന്ന നിലയിലുള്ള ജോലി ഉപേക്ഷിച്ചാൽ വരുമാനം നിലയ്ക്കും എന്നൊരു തോന്നൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം സ്റ്റീവ് തന്റെ ജോലി ഉപേക്ഷിച്ചു.
പിന്നീടുള്ള കാലഘട്ടം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു. എട്ടുവർഷത്തോളം വിവിധ മതങ്ങളുടെ ആരാധനകളിൽ പങ്കെടുത്തെങ്കിലും അദ്ദേഹത്തിന് അതിലൊന്നും സംതൃപ്തി തോന്നിയില്ല. ജോലി ഉപേക്ഷിച്ചതിനുശേഷം പിതാവിനൊപ്പം സ്റ്റീവ് കൃഷിപ്പണിക്കിറങ്ങി. കൂടാതെ വളർച്ചാ പ്രശ്നം നേരിടുന്ന കുട്ടികൾക്കുവേണ്ടി വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിലും അദ്ദേഹം അംഗമായി. വിശ്വാസത്തോട് സ്റ്റീവ് കാണിക്കുന്ന അകൽച്ച ബൈബിൾ കോളേജിൽ അദ്ദേഹം കണ്ടുമുട്ടി വിവാഹംചെയ്ത അമൻഡ എന്ന മുൻ കത്തോലിക്കാ വിശ്വാസിയെ അലോസരപ്പെടുത്തി.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇതിനെന്നെക്കാൾ വലിയ മറ്റൊന്ന് ജീവിതത്തിൽ ഉണ്ടെന്ന് അദ്ദേഹത്തിന്റെ ഹൃദയത്തിൽ എപ്പോഴും തോന്നുമായിരുന്നു. രക്ഷാകര പദ്ധതി ഉൾക്കൊള്ളുന്ന 'ദി ഷാക്ക്' എന്നൊരു ചലച്ചിത്രം ഒരു ദിവസം സ്റ്റീവ് കണ്ടു. ജീവിതത്തിൽ ഇതിലും വലിയ മറ്റൊരു കാര്യം ഉണ്ട് എന്ന് മനസ്സിലാക്കിയ അദ്ദേഹം പൊട്ടിക്കരഞ്ഞു. പിന്നാലെ കൂടുതൽ കത്തോലിക്കാ പുസ്തകങ്ങൾ വായിക്കാൻ സ്റ്റീവ് ആരംഭിച്ചു. ഹാലോ എന്ന ആപ്പ് വഴി അദ്ദേഹം ജപമാല പ്രാർത്ഥനയും ചൊല്ലാൻ തുടങ്ങി.
സെന്റ് പാട്രിക് ദേവാലയത്തിലെ ഓൺലൈൻ കുർബാനയിൽ പങ്കെടുത്തിരുന്ന സ്റ്റീവ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ വേണ്ടി പരിശീലനം നൽകുന്ന ആർസിഐഎയിൽ പരിശീലനം ആരംഭിച്ചു. അദ്ദേഹത്തിന്റെ അറിവും, കത്തോലിക്കാ വിശ്വാസത്തോട് കാണിക്കുന്ന തുറവിയും പരിശീലനം നൽകിയിരുന്ന ഡീക്കൻ എം ജെ കെർസെൻബ്രോക്ക് സ്റ്റീവിനെ പ്രശംസിക്കാൻ കാരണമായി.
വിശുദ്ധ കുർബാനയാണ് സ്റ്റീവിനെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം. നേരത്തെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പറ്റുമായിരുന്നെങ്കിലും, കുർബാന സ്വീകരിക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഈസ്റ്റർ ദിനം മുതൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ അവസരം ലഭിച്ചതിലുള്ള വലിയ ആനന്ദത്തിലാണ് സ്റ്റീവ് ഡോവ് ഇപ്പോഴുള്ളത്. അദ്ദേഹത്തിന്റെ ഭാര്യയും കത്തോലിക്കാ സഭയിലേക്ക് മടങ്ങി വന്നത് ഇരട്ടിമധുരത്തിന് കാരണമായിട്ടുണ്ട്.