Life In Christ

''ഇപ്പോഴും സന്തോഷം മാത്രം'': 80 വര്‍ഷം നീണ്ട സമര്‍പ്പിത ജീവിതത്തെ സ്മരിച്ച് 99 വയസുള്ള കാര്‍മ്മലൈറ്റ് സന്യാസിനി

പ്രവാചകശബ്ദം 20-06-2022 - Monday

സാന്റിയാഗോ: നീണ്ട 80 വര്‍ഷക്കാലം ദൈവസേവനത്തിനായി സമര്‍പ്പിച്ച തൊണ്ണൂറ്റിയൊന്‍പതുകാരിയും ചിലി സ്വദേശിനിയുമായ കത്തോലിക്ക കന്യാസ്ത്രീ ഇത്രയും നീണ്ട കാലത്തോളം കര്‍ത്താവിന്റെ മണവാട്ടിയായി കഴിയുവാന്‍ ഭാഗ്യം ലഭിച്ചതിനെ അനുസ്മരിച്ച് നടത്തിയ ജീവിത സാക്ഷ്യം ശ്രദ്ധ നേടുന്നു. ഡിസ്കാല്‍സ്ഡ് കാര്‍മ്മലൈറ്റ്‌ സമൂഹാംഗമായ സിസ്റ്റര്‍ അഗസ്റ്റിന മെദീന മുനോസയുടെ സാക്ഷ്യമാണ് സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുന്നവര്‍ക്കും, കുടുംബസ്ഥര്‍ക്കും ഒരുപോലെ പ്രചോദനമേകുന്നത്. മഠത്തിൽ ചേർന്ന ശേഷം ഫ്രാൻസിസ്‌ക തെരേസ എന്ന പേര് സ്വീകരിച്ചിരുന്നു. “അവര്‍ പറയുന്നു എനിക്ക് 99 വയസ്സായെന്ന്.. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണിത്. എന്റെ ജീവിതം വളരെ പെട്ടെന്ന് കടന്നുപോയി”- സിസ്റ്റര്‍ ഫ്രാന്‍സിസ്ക പറയുന്നു.

1923 മാര്‍ച്ച് 23-ന് ജനിച്ച താന്‍ കുടുംബത്തിലെ 8 മക്കളില്‍ മൂത്തവളായിരിന്നു. തന്റെ അമ്മൂമ്മയായ അസുന്‍സിയോണ്‍ തന്റെ ജീവിതത്തില്‍ സ്വാധീനിച്ച പ്രധാനപ്പെട്ട ആളുകളില്‍ ഒരാളായിരുന്നു. അവരുടെ സ്നേഹവും, പരിശുദ്ധ കന്യകാമാതാവിനോടുള്ള വണക്കവും തന്റെ ജീവിതത്തിനു ദിശാബോധം നല്‍കി. ദൈവവിളി സംബന്ധിച്ച് തന്റെ കുടുംബത്തിന് ഒരു തീരുമാനമുണ്ടായിരുന്നു. തന്റെ പിതാവിന് പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും വളരെയേറെ താത്പര്യമുണ്ടായിരിന്നു. തങ്ങള്‍ വീട്ടില്‍ ദിവസവും ജപമാല ചൊല്ലുമായിരുന്നു. പരിശുദ്ധ കന്യകാമാതാവിന് തങ്ങളുടെ കുടുംബത്തില്‍ വളരെ സവിശേഷമായൊരു സ്ഥാനമുണ്ടായിരുന്നെന്നും, തങ്ങളുടെ ഭവനത്തിലെ രാജ്ഞിയും, നേതാവും പരിശുദ്ധ കന്യകാമാതാവ് തന്നെയായിരുന്നെന്നും സിസ്റ്റര്‍ പറയുന്നു.

ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും വിശ്വാസമുണ്ടെങ്കില്‍ എല്ലാം വ്യത്യസ്തമായി അനുഭവപ്പെടുമെന്നും, സഹനങ്ങള്‍ പോലും അതിന്റെ അര്‍ത്ഥം കണ്ടെത്തുമെന്നും പറഞ്ഞ സിസ്റ്റര്‍, ഇതെല്ലാം താന്‍ പഠിച്ചത് തന്റെ കുടുംബത്തില്‍ നിന്നായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ആന്‍ഡെസിലെ വിശുദ്ധ തെരേസയെ നേരിട്ടു കണ്ടിട്ടുള്ള ഫാ. അവെര്‍ട്ടാനോയാണ് സിസ്റ്റര്‍ ഫ്രാന്‍സിസ്കയെ കാര്‍മ്മലൈറ്റ്‌ സമൂഹവുമായി ബന്ധിപ്പിക്കുന്നത്. ഇതിനു പുറമേ, പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയും സഭയുടെ വേദപാരംഗതയുമായ ലിസ്യൂവിലെ വിശുദ്ധ തെരേസ എഴുതിയ “സ്റ്റോറി ഓഫ് എ സോള്‍” എന്ന പുസ്തകവും അവളെ സമര്‍പ്പിത ജീവിതത്തിലേക്ക് നയിച്ചു.

വിശുദ്ധയുടെ രചനയാണ് തന്നെ കാര്‍മ്മലൈറ്റ്‌ സമൂഹത്തില്‍ എത്തിച്ചതെന്ന് സിസ്റ്റര്‍ ഫ്രാന്‍സിസ്ക തന്നെ പറയുന്നുണ്ട്. വളരെയേറെ സ്നേഹിച്ചിരുന്ന തന്റെ വയലിനേയും തന്റെ സുഹൃത്തിനേയും ഇതിനായി സിസ്റ്റര്‍ ഫ്രാന്‍സിസ്കക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. 1943-ല്‍ ഇരുപതാമത്തെ വയസ്സിലാണ് സിസ്റ്റര്‍ ലോസ് ആന്‍ഡെസിലെ കാര്‍മ്മലൈറ്റ്‌ സമൂഹത്തില്‍ ചേരുന്നത്. കോണ്‍സെപ്സിയോണ്‍ മഠത്തിലാണ് സിസ്റ്റര്‍ ഫ്രാന്‍സിസ്ക തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്.

“ഒരു കാര്‍മ്മലൈറ്റ്‌ ആയതില്‍ എനിക്ക് സന്തോഷമുണ്ട്. സമര്‍പ്പിത ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നു പറയുവാനാകില്ല. എന്നാല്‍ ഈ തൊണ്ണൂറ്റിയൊന്‍പതാമത്തെ വയസ്സിലും സമര്‍പ്പിത ജീവിതത്തില്‍ സന്തോഷമുണ്ടെന്നു പറയുവാന്‍ എനിക്ക് കഴിയും. പക്ഷേ ദൈവത്തിന് സമര്‍പ്പിച്ച ജീവിതം ജീവിക്കുക എന്നത് മൂല്യവത്തായ കാര്യമാണ്. യേശുവുമായുള്ള ഐക്യമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. യേശുവിനെ കാണുവാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിക്കുന്നു” - സിസ്റ്റര്‍ പറയുന്നു. പരിശുദ്ധ കന്യകാമാതാവിനെ വിളിക്കുന്നത് “എന്റെ പ്രിയപ്പെട്ട അമ്മ കന്യക” എന്നായിരിന്നുവെന്നും പരിശുദ്ധ മറിയത്തെ “അമ്മേ” എന്ന് വിളിച്ചപേക്ഷിക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചുക്കൊണ്ടാണ് സിസ്റ്റര്‍ തന്റെ വാക്കുകള്‍ ചുരുക്കിയത്. നൂറാം വയസ്സിലേക്ക് പ്രവേശിക്കുമ്പോഴും സിസ്റ്ററുടെ മുഖത്തുള്ളത് പുഞ്ചിരി മാത്രം. അത് ലോകത്തോട് വിളിച്ച് പറയുന്നതാകട്ടെ, ''സമര്‍പ്പിത ജീവിതത്തിന്റെ സൗന്ദര്യവും".

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »