Arts - 2024

കൊളംബിയന്‍ മെത്രാന്‍ സമിതിയുടെ ഭൂതോച്ചാടന കോഴ്സിന് വിജയകരമായ സമാപനം

പ്രവാചകശബ്ദം 25-06-2022 - Saturday

ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയില്‍ ഭൂതോച്ചാടക ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്കും, ഭൂതോച്ചാടക സഹായ സംഘത്തിന്റെ ഭാഗമായ അത്മായര്‍ക്കും വേണ്ടി കൊളംബിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് (സി.ഇ.സി) സംഘടിപ്പിച്ച ഭൂതോച്ചാടന കോഴ്സിന് വിജയകരമായ സമാപനം. 2019-ലാണ് തങ്ങള്‍ ആദ്യ കോഴ്സ് തുടങ്ങിയതെന്നും, രണ്ടാമത്തെ കോഴ്സിലെ ജനപങ്കാളിത്തം അത്ഭുതപ്പെടുത്തിയെന്നും ബൊഗോട്ട അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായ മോണ്‍. ലോണ്ടോനോ പറഞ്ഞു.

അസാധാരണമായ ആത്മീയ വെല്ലുവിളികള്‍ കൊളംബിയയില്‍ മാത്രമല്ലെന്നും ലോകത്തെമ്പാടും സംഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ പരിശീലനവും, വിടുതല്‍ പ്രാര്‍ത്ഥനയും വിവിധ പ്രദേശങ്ങളിലെ അനേകരുടെ ആവശ്യങ്ങളോടുള്ള പ്രതികരണമാണെന്നു മോണ്‍. ലോണ്ടോനോ വിശദീകരിച്ചു. പിശാചിനാല്‍ ഉപദ്രവിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരെയും, പൈശാചിക ബന്ധനത്തില്‍ കഴിയുന്നവരെയും കൂടുതല്‍ ശ്രദ്ധിച്ചുക്കൊണ്ട് പൗരോഹിത്യ ശുശ്രൂഷയിലെ ആശങ്കകളോടു പ്രതികരിക്കുവാന്‍ കോഴ്സ് വഴി കഴിയുമെന്നും, ആത്മീയ പരിപാലനം ഒരു മാന്ത്രികവിദ്യയാക്കി മാറ്റാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും, ഇത് സഭാ പ്രബോധനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭയുടെ ശുശ്രൂഷകരെന്ന നിലയില്‍ വൈദികരായ നമ്മുക്ക് സഭയില്‍ അനുസരണയ്ക്കുള്ള പ്രാധാന്യത്തേക്കുറിച്ച് മനസ്സിലാക്കുന്നതിനും വ്യക്തതയും, വിവേചനവും വഴി വിശ്വാസികളെ സഹായിക്കുന്നതിനും ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ ആവശ്യമാണെന്നു ബുഗാ രൂപതയിലെ ഭൂതോച്ചാടകനായ ഫാ. കാര്‍ലോസ് ഒല്‍മേഡോ പറഞ്ഞു. കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ ജൂണ്‍ 21ന് ആരംഭിച്ച കോഴ്സില്‍ ഭൂതോച്ചാടന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് പങ്കെടുത്തത്.