News - 2024

മോഷണം പോയ ക്രിസ്തുവിന്റെ തിരുനിണമടങ്ങിയ സുവര്‍ണ്ണ പെട്ടകം തിരികെ ലഭിച്ചു

പ്രവാചകശബ്ദം 15-07-2022 - Friday

പാരീസ്: ഫ്രാന്‍സിലെ അപ്പര്‍ നോര്‍മണ്ടിയിലെ ഫെക്കാംബ് ആശ്രമമെന്നറിയപ്പെടുന്ന ഹോളി ട്രിനിറ്റി ആശ്രമ ദേവാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട ക്രൈസ്തവ ലോകത്തെ ഏറ്റവും അമൂല്യവും പവിത്രവുമായ ക്രിസ്തുവിന്റെ തിരുനിണമടങ്ങിയ സുവര്‍ണ്ണ പെട്ടകം തിരികെ ലഭിച്ചു. യേശു ക്രിസ്തുവിന്റെ തിരുരക്തമടങ്ങിയ രണ്ട് ചെറിയ ഈയ കുപ്പികളടങ്ങിയ മനോഹരമായി അലങ്കരിക്കപ്പെട്ട സുവര്‍ണ്ണ പെട്ടകമാണ് തിരികെ ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇത് മോഷണം പോയത്.

മോഷ്ടിക്കപ്പെട്ട സ്ഥലത്തു നിന്നും 490 കിലോമീറ്റര്‍ അകലെ ‘ഡച്ച് ഇന്ത്യാന ജോണ്‍സ്’ എന്നറിയപ്പെടുന്ന കാണാതായ അമൂല്യ കലാസൃഷ്ടികള്‍ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ നിപുണനായ ഡച്ച് ആര്‍ട്ട് ഡിറ്റക്ടീവ് ആര്‍തര്‍ ബ്രാന്‍ഡ്സിന്റെ വീട്ടുപടിക്കല്‍ അര്‍ദ്ധരാത്രി ഉപേക്ഷിച്ച നിലയിലാണ് അമൂല്യനിധി ലഭിച്ചത്.

മോഷ്ടിക്കപ്പെട്ട അമൂല്യ നിധി മോഷ്ടാവിന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്‍ പറഞ്ഞുകൊണ്ട് ഒരു അജ്ഞാതനായ വ്യക്തി തനിക്ക് ഇമെയില്‍ അയച്ചുവെന്നും, ഈ നിധി എന്താണെന്ന് തിരിച്ചറിഞ്ഞ മോഷ്ടാവിന്റെ സുഹൃത്ത് അത് തിരികെ ഏല്‍പ്പിക്കുവാന്‍ തന്നെ നിയോഗിക്കുകയായിരുന്നുവെന്നും ഇമെയില്‍ അയച്ച വ്യക്തി തന്നോടു സൂചിപ്പിച്ചതായി ബ്രാന്‍ഡ്സ് പറയുന്നു. മോഷ്ടാവിന് വേണ്ടിയാണ് അയാള്‍ താനുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഷ്ടിക്കപ്പെട്ട അമൂല്യ വസ്തു, അതായത് യേശുവിന്റെ തിരുരക്തം വീട്ടിലിരുന്നാല്‍ അത് വില്‍ക്കുവാന്‍ കഴിയില്ലെന്ന് തിരിച്ചറിയുമ്പോള്‍ എങ്ങനെയെങ്കിലും ഒഴിവാക്കുവാനായിരിക്കും ശ്രമിക്കുകയെന്നും ബ്രാന്‍ഡ്സ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആയിരം വര്‍ഷങ്ങളായി ഈ അമൂല്യ നിധി ഫെക്കാംബ് ആശ്രമ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. യേശുവിന്റെ കുരിശു മരണത്തിന്റെ സമയത്ത് ശേഖരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന രക്തത്തുള്ളികള്‍ അടങ്ങിയ ഈ അമൂല്യ പെട്ടകം കാണുവാന്‍ നിരവധി തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിച്ചു കൊണ്ടിരുന്നത്. അമൂല്യമായ നിധി മോഷ്ടിക്കപ്പെട്ടത് സഭാസമൂഹത്തെ ഞെട്ടിച്ചിരുന്നു. അതീവ പ്രാധാന്യമുള്ള തിരുശേഷിപ്പ് യേശുവിന്റെ തിരുരക്തം വളരെ ആദരവോടെ വണങ്ങുന്ന ജൂലൈ മാസത്തില്‍ തന്നെ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികള്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക