Faith And Reason - 2024

‘ദൈവത്തെ ഒരിക്കലും മറക്കരുത്’: കൊളംബിയന്‍ സമൂഹത്തോട് ബൊഗോട്ട ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 22-07-2022 - Friday

ബൊഗോട്ട: രാജ്യത്തെ കുടുംബങ്ങള്‍ 'ദൈവത്തെ ഒരിക്കലും മറക്കരുത്' എന്ന് ഉദ്‌ബോധിപ്പിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ബൊഗോട്ട ആർച്ച് ബിഷപ്പ് ലൂയിസ് ഹോസെ റുവേഡ അപാരിസിയോ. ജൂലൈ 20-ന് കൊളംബിയയുടെ 212-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. “കൊളംബിയ, ദൈവത്തെ മറക്കരുത്. നമ്മൾ ദൈവത്തെ മറക്കുമ്പോൾ, ഒരു രാജ്യം ദൈവത്തെ മറക്കുമ്പോൾ, അത് നാശത്തിലേക്ക് പോകുന്നു, അത് സ്വയം നശിക്കുന്നു" - കൊളംബിയൻ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് കൂടിയായ ആർച്ച് ബിഷപ്പ് പറഞ്ഞു. ദൈവത്തെ അന്വേഷിക്കുന്നത് യഥാർത്ഥ പ്രത്യാശയാണെന്നും ബെനഡിക്ട് പതിനാറാമൻ പാപ്പ പറയുന്നതുപോലെ- ഈ പ്രത്യാശ പ്രപഞ്ചത്തെ ഉൾക്കൊള്ളുന്ന, ദൈവത്തിന് മാത്രമേ നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

“പ്രിയ കുടുംബങ്ങളേ, പ്രിയപ്പെട്ട കൊളംബിയൻ രാജ്യമേ, യുദ്ധത്തിനും അക്രമത്തിനും മേൽ വിജയിക്കുന്ന, ജീവിതത്തെ പ്രതിരോധിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുന്ന അനുരഞ്ജനത്തിന്റെ ധാർമ്മികത നമുക്ക് യാഥാർത്ഥ്യമാക്കാം; കൊളംബിയ, ദൈവത്തെ ഒരിക്കലും മറക്കരുത്. അറൗക്കയിലെ ബിഷപ്പ്, വാഴ്ത്തപ്പെട്ട ജീസസ് ജറമില്ലോ മോൺസാൽവെ, കാലിയിലെ ആർച്ച് ബിഷപ്പ് ഐസയാസ് ഡുവാർട്ടെ കാൻസിനോ എന്നിവരെപ്പോലുള്ള രക്തസാക്ഷിത്വം പുല്‍കിയ അനേകര്‍ കൊളംബിയയിൽ ദൈവരാജ്യത്തിന്റെ വിത്ത് പാകിയെന്ന് ഓര്‍ക്കണമെന്നും ബിഷപ്പ് പറഞ്ഞു.

രാജ്യം നീണ്ട വേദനാജനകമായ സായുധ സംഘട്ടനത്തിന്റെ ഭൂവിലാണ്. സാമൂഹിക അസമത്വം, മയക്കുമരുന്ന് കടത്ത്, അഴിമതി വിദ്വേഷത്തിന്റെ സംസ്കാര വിരുദ്ധ എന്നിവയാണ് ഇവയ്ക്കെല്ലാം കാരണം. പരസ്പരം ഉന്മൂലനം ചെയ്യുന്നതിലേക്ക് നമ്മെ നയിക്കുന്ന വെറുപ്പിന്റെ സംസ്കാരം കൊളംബിയയിലെ നിരവധി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തി. അവിടെ ആ സംഘർഷത്തിനും യുദ്ധത്തിന്റെ ഭീകരതയ്ക്കും ഇടയിൽ, ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കരുണയുടെയും വിത്തുകൾ സഭ വിതയ്ക്കുകയാണ്. ഗർഭസ്ഥ ശിശുക്കളുടെയും പ്രായമായവരുടെയും ജീവൻ എക്കാലവും സംരക്ഷിക്കപ്പെടുവാൻ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് ആർച്ച്‌ ബിഷപ്പ് സന്ദേശം ചുരുക്കിയത്.


Related Articles »