Arts - 2024
കാണാതായ 300 വര്‍ഷം പഴക്കമുള്ള ആദ്യത്തെ ബൈബിള്‍ തമിഴ് തര്‍ജ്ജമ കണ്ടെത്തി
പ്രവാചകശബ്ദം 07-07-2022 - Thursday
തഞ്ചാവൂര്‍: തഞ്ചാവൂരിലെ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ നിന്നും കാണാതായ ബൈബിളിന്റെ തമിഴ് ഭാഷയിലുള്ള ലോകത്തെ ആദ്യ തര്‍ജ്ജമ നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനില്‍ നിന്നും കണ്ടെത്തി. ലണ്ടനിലെ കിംഗ്സ് കോളേജിലെ മ്യൂസിയത്തില്‍ ബൈബിള്‍ ഉണ്ടെന്നാണ് തമിഴ്നാട് പോലീസിലെ സി.ഐ.ഡി വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെത്തിയ മിഷ്ണറിമാരില്‍ ഒരാളും ഡെന്‍മാര്‍ക്ക് സ്വദേശിയുമായ ബർത്തലോമിയസ് സീഗൻബാൽഗ് 1715-ല്‍ തരംഗംബാഡിയില്‍വെച്ച് അച്ചടിച്ചതാണ് പുതിയ നിയമത്തിന്റെ തമിഴ് ഭാഷയിലുള്ള ഈ യഥാര്‍ത്ഥ തര്‍ജ്ജമ. എന്നാല്‍ 300 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ അമൂല്യ ബൈബിള്‍ 2005-ല്‍ കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് തഞ്ചാവൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ 2017-ല്‍ സി.ഐ.ഡി വിഭാഗം ഈ കേസ് വീണ്ടും അന്വേഷിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മ്യൂസിയത്തിലെ സന്ദര്‍ശകരുടെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും ബൈബിള്‍ കാണാതായ ദിവസമായ 2005 ഒക്ടോബര്‍ 7-ന് ഏതാനും വിദേശ വിനോദ സഞ്ചാരികള്‍ മ്യൂസിയം സന്ദര്‍ശിച്ചതായി കണ്ടെത്തുകയുണ്ടായി. സീജന്‍ബാല്‍ഗിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുവാനാണ് ഈ വിദേശികള്‍ തമിഴ്നാട്ടില്‍ എത്തിയതെന്നും പോലീസ് കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം സന്ദര്‍ശിച്ച വിദേശികള്‍ സംശയത്തിന്റെ നിഴലിലാവുകയും തുടര്‍ന്ന്‍ സി.ഐ.ഡി ഐഡള്‍ വിംഗ് ലോകത്തെ വിവിധ മ്യൂസിയങ്ങളുടേയും പുരാവസ്തു ശേഖരമുള്ളവരുടെയും വെബ്സൈറ്റുകള്‍ പരിശോധിക്കുകയും ചെയ്തു. അങ്ങനെയാണ് ലണ്ടനിലെ കിംഗ്സ് കോളേജ് മ്യൂസിയത്തിലെ കിംഗ് ജോര്‍ജ്ജ് മൂന്നാമന്റെ വ്യക്തിപരമായ ശേഖരത്തില്‍ ഈ ബൈബിളിന്റെ ചിത്രം കണ്ടെത്തുന്നത്.
തമിഴ്നാട്ടിലെ ഏറ്റവും ആദ്യത്തെ പ്രിന്റിംഗ് പ്രസ്സുകളിലൊന്ന്‍ സ്ഥാപിച്ചത് മിഷ്ണറിയായിരുന്ന സീജന്‍ബാല്‍ഗാണ്. ഈ പ്രസ്സില്‍വെച്ചാണ് ബൈബിളിന്റെ ആദ്യത്തെ തമിഴ് തര്‍ജ്ജമ അച്ചടിച്ചതെന്ന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ബൈബിള്‍ പിന്നീട് ഷ്വാര്‍ട്സ് എന്നറിയപ്പെടുന്ന മറ്റൊരു മിഷ്ണറി അന്നത്തെ തഞ്ചാവൂര്‍ ഭരണാധികാരിയായിരുന്ന തുലാജി രാജാ സര്‍ഫോജിയുടെ പരിപാലനയില്‍ ഏല്‍പ്പിച്ചു. ബൈബിളിന്റെ പുറം ചട്ടയില്‍ തുലാജി രാജാ സര്‍ഫോജിയുടെ കയ്യൊപ്പും ഉണ്ട്. ബൈബിള്‍ ഉള്ള സ്ഥലം കണ്ടെത്തിയതിനെ തുടര്‍ന്ന്‍ യുനെസ്കോ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ബൈബിള്‍ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.