News - 2025
അധാര്‍മ്മികമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും സഭ ശക്തമായി പ്രതികരിക്കും: ഫിലിപ്പിന്‍സ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്
സ്വന്തം ലേഖകന്‍ 12-07-2016 - Tuesday
മനില: ധാര്‍മ്മികമല്ലാത്ത എല്ലാ കാര്യങ്ങള്‍ക്കെതിരേയും സഭ ശബ്ദം ഉയര്‍ത്തുമെന്ന് ഫിലിപ്പിന്‍ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് സോക്രട്ടീസ് വില്ലിഗാസ്. ഫിലിപ്പിന്‍സിലെ സഭയുടെ നേതാക്കന്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് ശക്തമായ നിലപാടുകളുമായി രംഗത്ത് വന്നിട്ടുള്ളത്. മയക്കുമരുന്ന് കേസുകളില്‍ പ്രതികളാക്കപ്പെട്ടവരേയോ സംശയിക്കുന്നവരേയോ വെടിവച്ച് കൊലപ്പെടുത്തണമെന്ന പുതിയ പ്രസിഡന്റിന്റെ നിര്‍ദേശം മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത തീരുമാനമാണെന്നും ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
ആളുകളുടെ ജീവനും അന്തസും സംരക്ഷിക്കുവാന്‍ സഭ അവസാനം വരെ നിലകൊള്ളുമെന്നും അപകട സാഹചര്യങ്ങളില്‍ നിന്നും ദുര്‍ബലരെ സംരക്ഷിക്കേണ്ട ചുമതല സഭയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ വ്യാജ പ്രചാരണങ്ങളും കെട്ടുകഥകളും ഫിലിപ്പിയന്‍സ് ജനതയെ സത്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്നു പറഞ്ഞ ബിഷപ്പ് വിശ്വാസികളില്‍ തന്നെ ഇത്തരം പ്രവണതകള്‍ കാണുന്നതായും നിരീക്ഷിച്ചു.
"എന്തു പ്രചാരണം തന്നെ നടത്തിയാലും സത്യം സത്യമായും അസത്യങ്ങള്‍ അങ്ങനെ തന്നെയും തുടരും. ചെറിയ കാലത്തേക്ക് ആളുകളുടെ കണ്ണിനെ മൂടിക്കെട്ടുവാന്‍ കഴിയും. എന്നാല്‍ എല്ലായ്‌പ്പോഴും ഇങ്ങനെ ചെയ്യുവാന്‍ സാധിക്കില്ല. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 2012-ല്‍ പ്രത്യേക നിയമം കൊണ്ടുവന്നതു മുതല്‍ സഭയുടെ പ്രബോധനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തിരിയുകയായിരുന്നു. ഇത്തരം ഒരു നിയമം വന്നതിനു ശേഷം ഇടയലേഖനങ്ങള്‍ വിശ്വാസികള്‍ പലരും മാനിക്കാത്ത സ്ഥിതിയിലേക്ക് എത്തുകയാണ് ചെയ്തത്. സഭ ധാര്‍മീക കാര്യങ്ങളെ കുറിച്ചു പറയുമ്പോള്‍ ജനം അധാര്‍മ്മിക കാര്യങ്ങളിലേക്ക് വേരൂന്നുകയാണ്". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കുടുംബ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സഭയുടെ പ്രബോധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒരു വിഭാഗം സഭയുടെ നേതാക്കളെ കളിയാക്കുകയാണ്. വിവാഹിതരാകാത്തവര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുന്നുവെന്നതാണ് ഇത്തരക്കാരുടെ ചോദ്യം. സഭയുടെ നേതാക്കള്‍ സ്വേഛാധിപതികളാണെന്നും വേശ്യകളുടെ മക്കളാണ് സഭയെ നയിക്കുന്നതെന്നു വരെയുള്ള പരാമര്‍ശങ്ങളും ഉണ്ടായി". അടുത്തിടെ പ്രസിഡന്റ് ഡ്യൂട്ട്യേര്‍ട്ട് നടത്തിയ പരാമര്‍ശം ഓര്‍മ്മപ്പെടുത്തി ആര്‍ച്ച് ബിഷപ്പ് ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം വെളിവാക്കി.
ഫിലിപ്പിന്‍സില്‍ സഭയ്ക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടുന്ന സമയമാണ് വരുന്നതെന്ന് ഓര്‍മ്മിച്ച ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് പരീക്ഷണ സമയത്താണ് രക്തസാക്ഷികളാകുവാന്‍ നാം തയ്യാറായി ഇരിക്കേണ്ടതെന്നും പറഞ്ഞു. ദൈവത്തിന്റെ ശുശ്രൂഷകളില്‍ നിന്നും ഒരു കാരണത്താലും പിന്നോട്ട് പോകരുതെന്ന് ബിഷപ്പ് നേതാക്കന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഫിലിപ്പിന്‍സില്‍ അധികാരമേറ്റ പുതിയ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ട്യേര്‍ട്ട് കത്തോലിക്ക സഭയ്ക്കും സഭയുടെ പ്രബോധനങ്ങള്‍ക്കും എതിരെ നിരവധി തവണ പരസ്യമായി രംഗത്തു വന്ന സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പ് സഭയുടെ നേതാക്കന്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്തത്.