India - 2024

അവശതയുള്ളവരെ ചേർത്തുപിടിച്ച സഭാമക്കള്‍ക്ക് സീറോ മലബാര്‍ സഭയുടെ ആദരവ്

പ്രവാചകശബ്ദം 24-08-2022 - Wednesday

കാക്കനാട്: സീറോമലബാർസഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ സമ്മാനിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് അവസരോചിതമായ സഹായമെത്തിക്കുവാൻ മുന്നിട്ടിറങ്ങിയ മൂന്ന് സഭാമക്കളെ സീറോമലബാർ സഭാ ആസ്ഥാനത്ത് സഭാതലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ആദരിച്ചത്. സീറോമലബാർ സാമൂഹ്യ പ്രേഷിതപ്രസ്ഥാനമായ 'സ്പന്ദൻ' ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മൂവരെയും പൊന്നാടയണിയിച്ചു. സീറോമലബാർ സഭയിലെ സിനഡ് പിതാക്കന്മാരെല്ലാവരും കൂരിയയിലെ വൈദികരോടും അവാർഡ് ജേതാക്കളുടെ പ്രിയപ്പെട്ടവരോടുമൊപ്പം തദവസരത്തിൽ സന്നിഹിതരായിരുന്നു.

പുരസ്കാരജേതാക്കൾ: രൂപതാവൈദികരുടെ വിഭാഗത്തിൽ ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തിൽ സി.ലിസ്സെറ്റ് ഡി.ബി.എസ് (ജഗ്ദൽപൂർ രൂപത), അല്മായ വിഭാഗത്തിൽ കോട്ടയം നവജീവൻ ട്രസ്റ്റിന്റെ സാരഥി പി.യു. തോമസ് (ചങ്ങനാശ്ശേരി അതിരൂപത) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ചിക്കാഗോ സെന്റ് തോമസ് രൂപത സമ്മാനിക്കുന്ന അരലക്ഷം രൂപ വീതവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സ്പന്ദൻ ചീഫ് കോർഡിനേറ്റർ ഫാ. ജേക്കബ് മാവുങ്കൽ ചടങ്ങിൽ കൃതജ്ഞതയർപ്പിച്ചു.