India - 2024

'വിഴിഞ്ഞവും കണ്ണീർത്തീരങ്ങളും': ഡോക്യുമെന്‍ററിയുമായി കെ‌സി‌ബി‌സി

പ്രവാചകശബ്ദം 06-09-2022 - Tuesday

കൊച്ചി: വിഴിഞ്ഞം അദാനി തുറമുഖം തിരുവനന്തപുരത്തെ തീരങ്ങളിൽ വിതയ്ക്കുന്ന നാശത്തിൻ്റെയും തീരദേശ ജനതയുടെ ജീവിതം തകർത്തെറിയുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളുടെയും വെളിപ്പെടുത്തലുമായി 'വിഴിഞ്ഞവും കണ്ണീർത്തീരങ്ങളും' എന്ന ഡോക്യുമെന്‍ററി റിലീസ് ചെയ്യപ്പെട്ടു. കെസിബിസിയുടെ ആസ്ഥാനമായ കൊച്ചി പിഓസിയിൽ നടന്ന ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെൻറ്ററിയുടെ പ്രകാശനം നിർവ്വഹിച്ചു.

തീരപ്രദേശത്തെ ജനതയുടെയും ഗ്രാമങ്ങളുടെയും സങ്കടകരവും പരിതാപകാരവുമായ അവസ്ഥ യാഥാർഥ്യ ബോധത്തോടും സത്യസന്ധമായും അവതരിപ്പിക്കുന്നതിൽ ഡോക്യുമെന്‍ററി നൂറു ശതമാനവും വിജയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറിയും ഡോക്യൂമെൻറ്ററിയുടെ നിർമ്മാതാവും ആയ ഫാ. ഡോ. സിബു ഇരിമ്പിനിക്കൽ ആമുഖ പ്രസംഗം നടത്തി . വിഴിഞ്ഞം തുറമുഖത്തിൻറെയും തീരപ്രദേശങ്ങളുടെയും പച്ചയായ ചിത്രങ്ങൾ വരച്ചുകാട്ടുന്ന ആദ്യ ഡോക്യൂമെൻറ്ററിയാണ് "വിഴിഞ്ഞവും കരയുന്ന തീരങ്ങളും" എന്ന് അദ്ദേഹം പറഞ്ഞു.

കെസിബിസി ന്യൂസ് മാനേജിങ് എഡിറ്റർ കൂടിയായ ജോമോൻ ജോ പരവേലിൽ ആണ് ഡോക്യൂമെൻറ്ററി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജിത് ശംഘുമുഖം ക്യാമറയും, സുനീഷ് എൻ വി ചിത്ര സംയോജനവും, സ്റ്റീഫൻ ചാലക്കര വിവരണവും നൽകിയിരിക്കുന്ന ഈ ഡോക്യൂമെൻറ്റ റിയുടെ ദൈർഘ്യം ഇരുപത് മിനിറ്റാണ്. കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും പി ഓ സി യിലെ സ്റ്റാഫും ആദ്യ പ്രദർശനത്തിൽ സന്നിഹിതരായിരുന്നു.