News - 2024

എലിസബത്ത് രാജ്ഞിയുടെ ക്രിസ്തു വിശ്വാസം സ്മരിച്ചും അനുശോചനം നേര്‍ന്നും പാപ്പ

പ്രവാചകശബ്ദം 09-09-2022 - Friday

വത്തിക്കാന്‍ സിറ്റി: ഏഴു പതിറ്റാണ്ടോളം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനവുമായി ഫ്രാൻസിസ് മാർപാപ്പ. രാജ്ഞിയുടെ മരണവാർത്ത അറിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ടെന്നും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉറച്ച സാക്ഷ്യവും അവന്റെ വാഗ്ദാനങ്ങളിലുള്ള അവളുടെ ഉറച്ച പ്രതീക്ഷയും മാതൃകാപരമായിരിന്നുവെന്ന് പാപ്പ അനുസ്മരിച്ചു. രാജകുടുംബാംഗങ്ങൾക്കും യുണൈറ്റഡ് കിംഗ്ഡത്തിലെയും കോമൺ‌വെൽത്തിലെയും ജനങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയാണെന്നും ഇന്നലെ സെപ്റ്റംബർ 8നു പങ്കുവെച്ച ടെലഗ്രാം സന്ദേശത്തില്‍ പാപ്പ കുറിച്ചു.

തന്റെ സന്ദേശത്തില്‍ പുതിയ രാജസ്ഥാനം ഏറ്റെടുക്കുന്ന ചാൾസ് മൂന്നാമൻ രാജാവിനു പാപ്പ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. ‘രാജാവെന്ന നിലയിൽ തന്റെ ഉന്നതമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ, സർവശക്തനായ ദൈവം തന്റെ അക്ഷയമായ കൃപയാൽ അദ്ദേഹത്തെ താങ്ങിനിർത്തട്ടെയെന്നും ഇതിനായി തന്റെ പ്രാർത്ഥന വാദ്ഗാനം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. രാജ്ഞിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ ടെലഗ്രാം സന്ദേശം ചുരുക്കുന്നത്.

ആരോഗ്യം മോശമായതിനെത്തുടർന്ന് രാജ്ഞി, കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവും കൂടുതൽ കാലം (70 വർഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. സ്കോട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു ജൂലൈ മുതൽ രാജ്ഞി കഴിഞ്ഞിരുന്നത്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് രാജകുടുംബാംഗങ്ങളെല്ലാം ബാൽമോറൽ കൊട്ടാരത്തിൽ എത്തിയിരുന്നു.

1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952 ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 2022 ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായിരിന്നു.


Related Articles »