News - 2024

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ മെത്രാന്മാര്‍

പ്രവാചകശബ്ദം 12-09-2022 - Monday

ബിര്‍മിംഗ്ഹാം: സ്കോട്ട്ലന്റിലെ കൊട്ടാരത്തില്‍വെച്ച് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിക്ക് ആദരാഞ്ജലികളുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കത്തോലിക്ക മെത്രാന്മാര്‍. എലിസബത്ത്‌ രാജ്ഞി ചരിത്രത്തിലെ ഒരു തിളങ്ങുന്ന നക്ഷത്രമാണെന്നും, അവരുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്നും വെസ്റ്റ്മിനിസ്റ്റര്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു. അസാധാരണമായ സ്ഥിരത, വിശ്വസ്തത, ധൈര്യം, സേവനം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട ഒരു നീണ്ട ഭരണത്തിനുശേഷം എലിസബത്ത് രാജ്ഞിയുടെ വിയോഗം ഓസ്ട്രേലിയന്‍ ജനതയെ ദുഃഖത്തിലാഴ്ത്തിയെന്ന്‍ കോമണ്‍വെല്‍ത്തിന്റെ മേധാവി എന്ന നിലയില്‍ രാജ്ഞി വഹിച്ച പങ്കിനെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മെത്രാപ്പോലീത്തയായ തിമോത്തി കോസ്റ്റലോ പറഞ്ഞു.

എലിസബത്ത്‌ രാജ്ഞി കാനഡയിലേക്ക് നടത്തിയ ഇരുപത്തിരണ്ടോളം സന്ദര്‍ശനങ്ങളിലൂടെ സേവനം, ദേശഭക്തി, മാനുഷികതയോടുള്ള ബഹുമാനം, ദൈവഭക്തി തുടങ്ങിയവയുടെ ഉത്തമ മാതൃകയായിട്ടാണ് കനേഡിയന്‍ ജനത രാജ്ഞിയെ കണ്ടതെന്നു കനേഡിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സെന്റ്‌ ജെറോം-മോണ്ട്-ലോറിയറിലെ മെത്രാനുമായ റെയ്മണ്ട് പോയിസണ്‍ പുറത്തുവിട്ട അനുശോചന കുറിപ്പില്‍ പ്രസ്താവിച്ചു. കോമണ്‍വെല്‍ത്തിലെ ജനതക്ക് വേണ്ടി രാജ്ഞി ചെയ്ത സേവനങ്ങളുടെ പേരില്‍ രാജ്ഞി എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിലെ കത്തോലിക്ക മെത്രാന്മാരും എലിസബത്ത്‌ രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യത്തിന്റെ ശ്രദ്ധേയമായ പുരോഗതിയിൽ രാജ്ഞി വലിയ സാന്നിധ്യമായിരിന്നുവെന്നും ഇനിയൊരിക്കലും നമ്മൾ കാണാനിടയില്ലാത്ത ഒരു യുഗമായിരിന്നു രാജ്ഞിയുടേതെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതോ ആയ 52 സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് അഥവാ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്. അന്‍പത്തിയാറോളം രാഷ്ട്രങ്ങളുള്ള കോമണ്‍വെല്‍ത്തിന്റെ തലവന്‍ ബ്രിട്ടന്റെ ഭരണാധികാരിയാണ്.


Related Articles »