News

ദുഃഖകരമായ സാഹചര്യം, പ്രാര്‍ത്ഥിക്കണം: മൊസാംബിക്കില്‍ കന്യാസ്ത്രീ കൊല്ലപ്പെടുന്നതിന് മുന്‍പ് അയച്ച സന്ദേശം പുറത്ത്

പ്രവാചകശബ്ദം 10-09-2022 - Saturday

നംബുല: ഉത്തര മൊസാംബിക്കിലെ നംബുല പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ട ഇറ്റാലിയൻ മിഷ്ണറി സന്യാസിനി സിസ്റ്റര്‍ മരിയ ഡി കോപ്പി കൊല്ലപ്പെടുന്നതിനു മുന്‍പ് അവസാനമായി അയച്ച സന്ദേശം പുറത്ത്. കംബോനി സന്യാസിനിയായ സിസ്റ്റര്‍ ഗബ്രിയേല ബോട്ടാണിക്കാണ് സിസ്റ്റര്‍ മരിയ ഡി കോപ്പിയിൽ നിന്ന് പ്രാർത്ഥന ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. സെപ്റ്റംബർ ആറാം തീയതി വൈകുന്നേരം 8 മണിക്ക് എത്തിയ സന്ദേശത്തിൽ അവിടുത്തെ സാഹചര്യം വളരെ മോശമാണെന്നും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സിസ്റ്റര്‍ മരിയ ഡി കോപ്പി അഭ്യര്‍ത്ഥിച്ചിരിന്നു. ഇറ്റാലിയൻ മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചാനലായ ടിജി2000 ആണ് ഈ ശബ്ദ സന്ദേശം പുറത്തുവിട്ടത്.

എല്ലാവരും ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ്. ഇവിടെ വളരെ ദുഃഖകരമായ സാഹചര്യമാണുള്ളത്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ശബ്ദ സന്ദേശം അവസാനിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന തലീത്ത കും എന്ന റോം ആസ്ഥാനമായ സംഘടനയുടെ അന്താരാഷ്ട്ര കോഡിനേറ്ററാണ് വോയിസ് മെസേജ് ലഭിച്ച സിസ്റ്റര്‍ ഗബ്രിയേല ബോട്ടാണി. ശബ്ദ സന്ദേശം കേട്ട ഉടനെ സിസ്റ്റര്‍ ബോട്ടാണി, സിസ്റ്റര്‍ മരിയയെ വിളിച്ച് അവിടെനിന്ന് പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അൽപസമയത്തെ നിശബ്ദതയ്ക്കുശേഷം "എനിക്കറിയില്ല, കുറച്ചുകാത്ത് നിൽക്കണമെന്ന് തോന്നുന്നു" എന്ന മറുപടിയാണ് ലഭിച്ചത്.

1963ലാണ് ഇറ്റലിയിലെ സാന്താ ലൂസിയ ഡി പിയാവിൽ നിന്ന് ഇപ്പോൾ 84 വയസ്സുള്ള സിസ്റ്റർ മൊസാംബിക്കിൽ എത്തിയത്. സെപ്റ്റംബർ ആറാം തീയതിക്കും ഏഴാം തീയതിക്കും മധ്യേ രാത്രി സമയത്തു ആക്രമണം അരങ്ങേറുകയായിരിന്നു.സിസ്റ്റർ മരിയയുടെയും, സഹ മിഷ്ണറിമാരുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയും, സ്കൂളുകളും, ദേവാലയവും അക്രമികൾ നശിപ്പിച്ചിരിന്നു. വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഡോർമെറ്ററിയിലേക്ക് ഓടിപ്പോകുന്നതിനിടയിൽ മരിയയുടെ ശിരസ്സിൽ വെടിയേൽക്കുകയായിരുന്നു. ഇതിനിടയിൽ രണ്ടു മിഷ്ണറിമാർ അവിടെ നിന്ന് രക്ഷപ്പെട്ടിരിന്നു.

എന്നാൽ സിസ്റ്റർ മരിയയെ കൂടാതെ മൂന്നുപേർ കൂടി അക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചതിനാലാണ് സിസ്റ്ററിനെ വധിച്ചതെന്ന് തീവ്രവാദികളെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ശരിയാണെങ്കിൽ മരിയ ഡി കോപ്പി വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഒരാളാണെന്ന് നംബുല അതിരൂപതയുടെ ആർച്ച് ബിഷപ്പ് മോൺ. ഇനേസിയോ സൗറി പ്രതികരിച്ചു.


Related Articles »