India - 2024
കത്തോലിക്ക കോൺഗ്രസിന്റെ ലഹരി വിരുദ്ധ സന്ദേശ പദ്ധതിയ്ക്കു ആരംഭം
പ്രവാചകശബ്ദം 03-11-2022 - Thursday
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലും വിമൺ കൗൺസിലും സംയുക്തമായി നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ സന്ദേശ പദ്ധതിയായ കാമ്പയിൻ "എഗെയ്ൻസ്റ്റ് നർകോട്ടിക്സി'ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. ലഹരിക്കെതിരേയുള്ള പോരാട്ടം പുതുതലമുറയുടെ ഉത്തരവാദിത്വവും അവകാശവുമാണ്. പൊതുനന്മയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കു ചേരണമെന്നും മാർ ടോണി നീലങ്കാവിൽ ആഹ്വാനം ചെയ്തു.
കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂൾ-കോളജ് പരിസരങ്ങളിലെ മയക്കുമരുന്നു വ്യാപാരം അവസാനിപ്പിക്കാനുള്ള നിരന്തര പ്രവർത്തനങ്ങൾക്ക് പദ്ധതി ഉപകരിക്കുമെന്ന് അധ്യക്ഷത വഹിച്ച കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു. മയക്കുമരുന്നുകളുടെ സ്രോതസും വിപണന ശൃംഖലയും നിയന്ത്രിക്കാനുതകുന്ന പദ്ധതികൾ സർക്കാരിന്റെ ഭാഗ ത്തുനിലുമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവിധായകൻ ലിയോ തദേവൂസ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ഫാ. ബിജു നന്തിക്കര ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ ഭാഗമായി 2023 ജനുവരി 26 വരെ കേരളത്തിലെ സ്കൂളുകളും, കോളജുകളും കേന്ദ്രീക രിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ഫാ. വർഗീസ് കു ത്തൂർ, ഗ്ലോബൽ ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ടെസി ബിജു, ബെന്നി ആന്റണി, റിൻസൺ മണവാളൻ, ഗ്ലോബൽ യൂത്ത് ജനറൽ കോ-ഓർഡിനേറ്റർ ബിനു ഡൊമിനിക്, ഗ്ലോബൽ കോ-ഓർഡിനേറ്റർ അനൂപ് പുന്നപ്പുഴ, തൃശൂർ അതിരൂപത പ്രസിഡന്റ് ജോഷി വടക്കൻ, ജാക്സൺ മാസ്റ്റർ, വിമൺ കൗൺസിൽ കോ -ഓർഡി നേറ്റർ കരോളിൻ ജോഷ്വ തുടങ്ങിയവർ പ്രസംഗിച്ചു.