India
തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തിരിതെളിഞ്ഞു
പ്രവാചകശബ്ദം 12-12-2024 - Thursday
തോമാപുരം: തലശേരി അതിരൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തോമാപുരത്ത് തിരിതെളിഞ്ഞു. തോമാപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ദീപം തെളിയിച്ചു. മലബാറിന്റെ മണ്ണിലേക്ക് കുടിയേറിവന്ന പൂർവികർ സ്വന്തം ആലയം കെട്ടിപ്പടുക്കുന്നതിനുമുമ്പ് പരിശുദ്ധ കുർബാ നയ്ക്കായുള്ള ആലയം കെട്ടിപ്പടുത്തവരാണെന്നും കുടിയേറ്റമേഖലയിലെ എല്ലാ പട്ടണങ്ങളും പരിശുദ്ധ കുർബാനയുടെ ചുറ്റുവട്ടത്തിലാണ് വളർന്നുവന്നതെന്നും മാർ പാംപ്ലാനി പറഞ്ഞു.
അവരുടെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഈടുവയ്‌പുകളാണ് ഈ പ്രദേശങ്ങളിൽ ഇന്ന് നാം കാണുന്ന ഭൗതികവും ആത്മീയവുമായ വളർച്ചയെന്ന് ആർച്ച് ബിഷപ്പ് ചുണ്ടിക്കാട്ടി. വൈകുന്നേരം 4.30 ന് ജപമാലയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാ ലാക്കുഴി, മോൺ. മാത്യു ഇളംത്തുരുത്തിപടവിൽ, ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫാ.ഡാനിയേൽ പൂവണ്ണത്തിൽ, ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ റവ.ഡോ.മാണി മേൽവെട്ടം, റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ.ഫിലി പ്പ് ഇരുപ്പക്കാട്ട്, റവ. ഡോ. ജോൺസൺ അന്ത്യാംകുളം, ഫാ. ജോസഫ് തൈക്കുന്നുംപുറം, ഫാ.ജോസഫ് കാക്കരമറ്റം എന്നിവർ സംബന്ധിച്ചു.
ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ദിവ്യകാരുണ്യ കൺവെന്‍ഷന്‍ അനേകര്‍ക്ക് വലിയ ആത്മീയാനുഭവമായി. ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ച് എംസിബിഎസ് സമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ദിവ്യകാരുണ്യ എക്‌സിബിഷൻ കുട്ടികൾക്കും മുതിർ ന്നവർക്കും ഒരുപോലെ ആകർഷകമായി. ഫാ. ക്ലിൻ്റ് വെട്ടിക്കുഴിയിൽ എംസിബിഎസ് നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയുടെ കുട്ടുകാർ എന്നറിയപ്പെടുന്ന സംഘടനയാണ് ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ സ്റ്റിൽ മോഡലുകൾ ഉൾക്കൊള്ളുന്ന പ്രദർശനമൊരുക്കിയത്.
നൂറോളം ദിവ്യകാരുണ്യ അദ്ഭുതങ്ങൾ ഉൾപ്പെടുത്തി വെബ്സൈറ്റ് നിർമിച്ച് 16-ാം വയസിൽ സ്വർഗസ്ഥനായി വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൽനിന്നും പ്രചോദനമു ൾക്കൊണ്ടാണ് ഫാ. ക്ലിൻ്റും എംസിബിഎസ് സഭയും പ്രദർശനം സംഘടിപ്പിച്ചത്. പരിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന അന്ത്യ അത്താഴം, മിശിഹായുടെ കുരിശുമരണവും ഉത്ഥാനവും, വിശുദ്ധ ഗ്രന്ഥത്തിലെ ദിവ്യകാരുണ്യ പ്രതീകങ്ങൾ തുടങ്ങിയവയുടെ ലൈവ് ഷോഎന്നിവയും ശ്രദ്ധേയമായി.
ഇന്ന് ദൈവവിശ്വാസം എന്ന വിഷയത്തിൽ നടക്കുന്ന ആദ്യ സെഷന് ആലുവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിലിജിയൻ ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, സിസ്റ്റർ അഡ്വ. ജോസിയ എസ്‌ഡി എന്നിവർ നേതൃത്വം നൽകും. സമുദായം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാമത്തെ സെഷന് ഡോ. സജിമോൻ പാലക്കൽ, റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, ഫാ. ജോസഫ് കാക്കരമറ്റം എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവൻഷൻ.
ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർക്കായി തോമാപുരത്തും പരിസരപ്രദേശങ്ങളിലും വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൗൺസലിംഗിനും കൈവയ്പ്‌പ്, രോഗശാന്തി ശുശ്രൂഷകൾക്കും അവസരമുണ്ടാകും. ദിവ്യകാരുണ്യ കോണ്‍ഗ്രസും കണ്‍വെന്‍ഷനും 14നു സമാപിക്കും.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟