News

എമിരിറ്റസ് ബെനഡിക്ട് പാപ്പ തിരുസഭയ്ക്കു നല്‍കിയ സംഭാവനകള്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 02-12-2022 - Friday

വത്തിക്കാന്‍ സിറ്റി: എട്ടു വര്‍ഷത്തോളം തിരുസഭയെ നയിച്ചു ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പയെ നന്ദി പൂര്‍വ്വം അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ബെനഡിക്ട് പാപ്പയുടെ പ്രബോധനങ്ങള്‍ തിരുസഭയുടെ ഭാവിക്ക് ഏറെ ഉപകാരപ്രദമാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. ഇന്നലെ ഡിസംബർ ഒന്നാം തീയതി വത്തിക്കാനിൽവെച്ചു നടന്ന റാറ്റ്‌സിംഗർ പുരസ്കാരച്ചടങ്ങിലാണ് തന്റെ മുൻഗാമിയായ ബെനഡിക്ട് പാപ്പ സഭയ്ക്ക് നൽകിയ സംഭാവനകൾ ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചത്. തന്റെ മുൻഗാമിയുടെ ചിന്തകളും പഠനങ്ങളും ഇന്നലെകൾക്ക് മാത്രമല്ല, സഭയുടെ ഭാവിക്കും ഉപകാരപ്രദമാണെന്നും, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളും സഭയും ലോകവുമായുള്ള സംവാദങ്ങളും പ്രാവർത്തികമാക്കുന്നതിൽ സഹായകരമാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.

രണ്ടാം വത്തിക്കാൻ കൗൺസിലിൽ നേരിട്ട് സംബന്ധിച്ച ബെനഡിക്ട് പാപ്പ, സഭാശാസ്ത്രങ്ങളിൽ വിദഗ്ദൻ എന്ന നിലയിൽ, കൗൺസിലിൽ തന്റേതായ പങ്കു നൽകി. പിന്നീട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടൊപ്പവും, ആഗോളസഭയുടെ നേതൃസ്ഥാനത്തിരുന്നും കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ സഭയിൽ പ്രവർത്തികമാക്കുവാൻ സഭയെ സഹായിച്ചിരുന്നുവെന്നും എടുത്തുപറഞ്ഞു. ബെനഡിക്ട് പിതാവുമായുമായുള്ള തന്റെ അടുത്ത ബന്ധവും കൂടിക്കാഴ്ചകളും അനുസ്മരിച്ച ഫ്രാൻസിസ് പാപ്പ, ആഗോളസഭയ്ക്കായി ബെനഡിക്ട് പാപ്പായുടെ പ്രാർത്ഥനയോടെയുള്ള അനുധാവനവും ആധ്യാത്മികസാന്നിദ്ധ്യവും ഏവർക്കും ഉറപ്പുള്ളതാണെന്ന കാര്യം അനുസ്മരിച്ചു.

ബെനഡിക്ട് പിതാവിന്റെ ദൈവശാസ്ത്രപരമായ സംഭാവനകൾ ജർമനിയിലും, മറ്റു വിവിധ ഭാഷകളിലും പുറത്തിറങ്ങുന്ന കാര്യം ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പ, അവ ദൈവശാസ്ത്രപരമായ ശക്തമായ ഒരു അടിത്തറയാണെന്നും, സഭയുടെ മുന്നോട്ടുള്ള യാത്രയിൽ അത് സഹായകരമാകുമെന്നും എടുത്തുപറഞ്ഞു. ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ട്, ഒരുമയിൽ ജീവിക്കുകയും, സിനഡാത്മകമായി, ഒരുമയിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയായാണ് ബെനഡിക്ട് പാപ്പ നമുക്ക് കാണിച്ചുതന്നത്. സമഗ്രപരിസ്ഥിതി ശാസ്ത്രം, മനുഷ്യാവകാശങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയ മേഖലകളിലും തന്റെ മുൻഗാമിയുടെ ചിന്തകളും പ്രബോധനങ്ങളും പ്രയോജനപ്രദമാണെന്നും പാപ്പ അനുസ്മരിച്ചു.

ജോസഫ് റാറ്റ്സിംഗര്‍-ബെനഡിക്ട് XVI ഫൗണ്ടേഷന്റെ 2022-ലെ റാറ്റ്സിംഗര്‍ പുരസ്കാരം ഫ്രഞ്ച് ജെസ്യൂട്ട് വൈദികനായ ഫാ. മിഷേല്‍ ഫെഡോയും, അമേരിക്കയിലെ നിയമ പണ്ഡിതനായ ജോസഫ് എച്ച്.എച്ച് വീലറുമാണ് സ്വന്തമാക്കിയത്. ഇരുവര്‍ക്കും ഫ്രാന്‍സിസ് പാപ്പ പുരസ്കാരം സമ്മാനിച്ചു. കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ എന്ന മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആത്മീയത ഉള്‍കൊണ്ടുകൊണ്ട് ദൈവശാസ്ത്രത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്ന പണ്ഡിതന്‍മാരെ ആദരിക്കുന്നതിനായി 2011 മുതലാണ് റാറ്റ്സിംഗര്‍ പുരസ്കാരം നല്‍കിത്തുടങ്ങിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »