News - 2024

ബെനഡിക്ട് പാപ്പ ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കു വേണ്ടി സമർപ്പിച്ച വ്യക്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രവാചകശബ്ദം 31-12-2022 - Saturday

വത്തിക്കാന്‍ സിറ്റി: വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നു വിടവാങ്ങിയ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ജീവിതം മുഴുവനും സഭയ്ക്കും കർത്താവായ ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കും വേണ്ടി സമർപ്പിച്ച വ്യക്തിയായിരിന്നു എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ബെനഡിക്ട് പാപ്പയുടെ വേർപാടിൽ ദുഃഖമുണ്ടെന്നും സമൂഹത്തിന് അദ്ദേഹം നൽകിയ സമ്പന്നമായ സേവനത്തിന്റെ പേരിൽ അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു.

പാപ്പയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾക്കൊപ്പം തന്റെ ചിന്തയും പങ്കുവെയ്ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസിലർ ഒലാഫ് ഷോള്‍സ് ഉൾപ്പെടെയുള്ള നിരവധി ലോക നേതാക്കളും ബെനഡിക്ട് പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.