News - 2024
പരിശുദ്ധ അമ്മ വിശുദ്ധിയുടെ നിറകുടം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 8
സിസ്റ്റർ റെറ്റി FCC 08-05-2024 - Wednesday
പരിശുദ്ധ അമ്മയുടെ കണ്ണുകൾ എപ്പോഴും താഴേക്ക് നോക്കിയാണ് നിൽക്കുന്നത് എന്ന് വിശുദ്ധ അൽഫോൻസ് ലിഗോരി പറയുമായിരിന്നു. ലോകത്തെ ശ്രദ്ധിക്കാതെ, കണ്ണുകളെ അലയാൻ വിടാതെ ശുദ്ധി കാത്തു സൂക്ഷിക്കുന്ന പരിശുദ്ധ മറിയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കണ്ണ് ശരീരത്തിൻ്റെ വിളക്കാണ് എന്ന ഈശോയുടെ മൊഴികൾ ഓർക്കാം.
കണ്ണുകളിലൂടെ ആണല്ലോ നമ്മുടെ ശരീരത്തിലേക്ക് കൂടുതലും അശുദ്ധി കടന്നുവരുന്നത്. അതിനാൽ പരിശുദ്ധ അമ്മയെപ്പോലെ ലോക മാലിന്യങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ കണ്ണുകളെ നിയന്ത്രിക്കാം. പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിക്കുവാൻ 'തിടുക്കത്തിൽ ഓടി'യെന്ന് (ലൂക്കാ 1/39) തിരുവചനത്തിൽ നാം വായിക്കുന്നു.. സാവധാനം യാത്ര ചെയ്യുകയാണെങ്കിൽ വഴിയിൽ കാണുന്നവരോട് എല്ലാം സംസാരിച്ച് പാഴ് വാക്കുകൾ പറഞ്ഞ് നമ്മുടെ സമയം വെറുതെ കളയും അതിനാൽ സംസാരത്തിൽ നിന്നുമുള്ള മാലിന്യങ്ങളെല്ലാം ഏൽക്കാതെ പരിശുദ്ധ അമ്മ ലക്ഷ്യം മുന്നിൽ കണ്ട് തിടുക്കത്തിൽ യാത്ര ചെയ്തു.
വേദപുസ്തകം നമ്മോട് പറയും- പരിശുദ്ധ അമ്മ മൂന്നുമാസക്കാലം എലിസബത്തിനെ ശുശ്രൂഷിച്ചതിനു ശേഷം തിരിച്ചു പോന്നു.(ലൂക്ക 1/56) പരിശുദ്ധ അമ്മയ്ക്ക് എലിസബത്തിന് കുഞ്ഞുണ്ടായി കുഞ്ഞിനെ ശുശ്രൂഷിക്കുന്നവരെ അവിടെ നിൽക്കാമായിരുന്നു. ആവശ്യം സന്ദർഭത്തിൽ മാത്രം മതി സഹായം. പിന്നീടുള്ള സമയം ലോക വ്യഗ്രതകളിലേയ്ക്ക് നയിച്ചേക്കും എന്ന ചിന്തയാകാം കർത്തവ്യ നിർവഹണത്തിനുശേഷം വളരെ വേഗം അവള് അവളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർത്തത്. ലോകത്തിന്റെ മാലിന്യങ്ങളിൽ നിന്നും നാം എത്രമാത്രം മാറിനിൽക്കണമെന്നാണ് പരിശുദ്ധ അമ്മയുടെ ഈ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്
വിശുദ്ധ ലൂയി ഡീമോഫോട്ടിൻ്റെ ഒരു ചിന്തയിൽ പരിശുദ്ധ അമ്മയെ കുറിച്ച് പറയുന്നു: പിതാവായ ദൈവം ജലം എല്ലാം കൂട്ടിച്ചേർത്ത് അതിനെ കടൽ എന്നും കൃപകളെല്ലാം ഒന്നിച്ചു ചേർത്ത് മറിയമെന്നും വിളിച്ചു എന്ന്. കറപുരളാത്ത പുണ്യങ്ങളുടെ കലവറയാണ് മറിയം.
വിശുദ്ധിയെന്നാൽ ദൈവേഷ്ടം നിറവേറ്റുകയും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ ആയിരിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്. അത് അക്ഷരാർത്ഥത്തിൽ പാലിച്ചവളാണ് മറിയം.
വിശുദ്ധിയില്‍ വളരേണ്ടവര്‍ മറിയം വഴി വേണം ഈശോയെ സമീപിക്കുവാന്‍. പരിശുദ്ധ മറിയത്തെ കണ്ടെത്തുന്നവര്‍ ഈശോയെ കണ്ടെത്തുന്നു.”വഴിയും സത്യവും ജീവനും ആയവനെ (യോഹ 14:6) കണ്ടെത്തുന്നു. അമലോത്ഭവായി ജനിച്ച് വിശുദ്ധിയിൽ ജീവിച്ച് മറിയം വിശുദ്ധ ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കട്ടെ.