News - 2024

വിടവാങ്ങലിന് ഒരു മാസം തികഞ്ഞ സാഹചര്യത്തില്‍ ബെനഡിക്ട് പാപ്പയുടെ കല്ലറയ്ക്കരികെ വിശുദ്ധ കുര്‍ബാന അര്‍പ്പണം

പ്രവാചകശബ്ദം 03-02-2023 - Friday

വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് ഒരു മാസമായ സാഹചര്യത്തില്‍ നീണ്ട കാലത്തോളം പാപ്പയുടെ പേഴ്സ്ണല്‍ സെക്രട്ടറിയായി സേവനം ചെയ്ത ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബെനഡിക്ട് പാപ്പയെ അടക്കം ചെയ്ത കല്ലറക്ക് സമീപമായിരുന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണം. വളരെ കുറച്ച് ആളുകള്‍ക്കു മാത്രമായിരുന്നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരിന്നത്. മുന്‍ വത്തിക്കാന്‍ ഔദ്യോഗിക വക്താവും, റാറ്റ്സിംഗര്‍ ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ഫാ. ഫെഡെറിക്കോ ലൊംബാര്‍ഡിയായിരുന്നു സഹകാര്‍മ്മികന്‍. വിശ്രമ ജീവിതം നയിച്ചു വരവേ മുന്‍ പാപ്പയുടെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന സിസ്റ്റര്‍ ബിര്‍ജിറ്റ് വാന്‍സിംഗും കുര്‍ബാനയില്‍ പങ്കെടുത്തു.

വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ എക്കാലത്തേയും മികച്ചതും സ്വാധീനമുള്ളതുമായ ദൈവശാസ്ത്രജ്ഞരില്‍ ഒരാള്‍ എന്ന് ബെനഡിക്ട് പാപ്പയെ വിശേഷിപ്പിച്ച ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍, വിശുദ്ധ ലാബ്രെയെ പ്രത്യേകം അനുസ്മരിച്ചു. ‘ഭിക്ഷക്കാരനായ വിശുദ്ധന്‍’ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ലാബ്രെയുടെ ഓര്‍മ്മത്തിരുനാള്‍ ഏപ്രില്‍ 16-നാണ്. അന്ന് തന്നെയാണ് വിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മദിനവും മാമ്മോദീസയും. സഭാചരിത്രത്തിലെ ഏറ്റവും അസാധാരണക്കാരായ വിശുദ്ധരില്‍ ഒരാള്‍ എന്നാണ് തന്റെ 2012-ലെ ഒരു പ്രസംഗത്തില്‍ ബെനഡിക്ട് പതിനാറാമന്‍ വിശുദ്ധ ലാബ്രെയേക്കുറിച്ച് പറഞ്ഞത്.

ഭിക്ഷയാചിച്ചുകൊണ്ട് ഒരു ദേവാലയത്തില്‍ നിന്നും മറ്റൊരു ദേവാലയത്തിലേക്ക് യാത്ര ചെയ്തിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഈ ഭക്തനായ തീര്‍ത്ഥാടകന്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിനു സാക്ഷ്യം വഹിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ലോകത്ത് എല്ലാറ്റിനും ഉപരിയായി ദൈവം മാത്രം മതിയെന്ന് വിശുദ്ധ ലാബ്രെ നമുക്ക് കാണിച്ചു തന്നുവെന്നും, ദൈവത്തെ അറിയുക എന്നതാണ് പരമപ്രധാനമായ കാര്യമെന്നും ബെനഡിക്ട് പതിനാറാമന്‍ അന്ന് പറഞ്ഞുവെന്ന് ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.

ദൈവശാസ്ത്രജ്ഞരെയും മെത്രാന്‍മാരെയും സഭയുടെ ഐക്യത്തേയും വിശ്വാസത്തേയും ബാധിക്കുന്ന അപകടകരമായ ദൈവശാസ്ത്ര സിദ്ധാന്തങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത് തന്റെ ദൗത്യമായി ബെനഡിക്ട് പതിനാറാമന്‍ കണ്ടിരുന്നുവെന്നും, ഇക്കാരണത്താല്‍ തന്നെ പൊന്തിഫിക്കേറ്റില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നെന്നും സഭാജീവിതം രാഷ്ട്രീയപരമോ, സഭാപരമോ ആയ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല കൈകാര്യം ചെയ്യേണ്ടതെന്ന്‍ വിശ്വസിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Tag: Pope Emeritus Benedict XVI, Vatican news, Archbishop Georg Gänswein, Father Federico Lombardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »