Youth Zone

കടന്നുപോയ ദുരിത ദിനങ്ങള്‍ വിവരിച്ച് തട്ടിക്കൊണ്ടുപോകലിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി

പ്രവാചകശബ്ദം 04-03-2023 - Saturday

ലാഹോര്‍: കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19-ന് പാക്കിസ്ഥാനിലെ ലാഹോറിലെ സ്വന്തം വസതിയില്‍ നിന്നും അഞ്ചുപേരടങ്ങുന്ന മുസ്ലീം സംഘം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാക്കിയ പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി, നേരിട്ട പീഡനങ്ങള്‍ വിവരിച്ചുക്കൊണ്ട് നടത്തിയ അഭിമുഖം അനേകരെ ഈറനണിയിക്കുന്നു. പതിനാല് വയസ്സുള്ള കിന്‍സ സിന്ധു എന്ന പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡി'ന് നല്‍കിയ അഭിമുഖത്തിലൂടെ കടന്നുപോയ ദുരിതദിനങ്ങള്‍ വിവരിച്ചത്.

കിന്‍സയുടെ കുടുംബം വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തേ നിലയിലായിരുന്നു വീട്ടുടമയുടെ കുടുംബവും താമസിച്ചിരുന്നത്. ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന മുസ്ലീം യുവാവിന്റെ നേത്രുത്വത്തിലുള്ള സംഘമാണ് കിന്‍സയെ തട്ടിക്കൊണ്ടുപോയത്. കിന്‍സായുടെ മാതാപിതാക്കള്‍ നിയമ സഹായം തേടിയതിനെ തുടര്‍ന്ന്‍ 2022 ഒക്ടോബര്‍ 22-ന് ലാഹോര്‍ ഹൈകോടതി കിന്‍സയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. മോചിതയായ ശേഷം എ.സി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കഷ്ടതകളെ കുറിച്ച് കിന്‍സാ വിവരിക്കുകയായിരിന്നു.

പാചകക്കാരായിരുന്ന തന്റെ മാതാപിതാക്കള്‍ ജോലിക്ക് പോയ ദിവസം, തന്റെ മൂത്ത സഹോദരി അടുക്കളയിലായിരിക്കുമ്പോള്‍ വാതിക്കല്‍ ഒരു മുട്ടു കേട്ടു.താന്‍ വാതില്‍ തുറന്ന ഉടന്‍ ആയുധധാരികളായ സംഘം തന്നെ പുറത്തേക്ക് വലിച്ചിഴച്ച് ഒരു വാനില്‍ കയറ്റി കൊണ്ടുപോകുകയായിരിന്നു. അതില്‍ രണ്ടു പേര്‍ തനിക്കറിയാവുന്നവരായിരുന്നു. തനിക്ക് എന്തോ മയക്കുമരുന്ന്‍ നല്‍കി ബോധം കെടുത്തിയിരിന്നു. ബോധം വീണപ്പോള്‍ അജ്ഞാതമായ ഒരു സ്ഥലത്തുവെച്ച് തനിക്ക് അറിയാവുന്ന ആണ്‍കുട്ടികളില്‍ ഒരാള്‍ തോക്കിന്‍മുനയില്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരിന്നു.

തടവില്‍ കഴിയുമ്പോള്‍ നിന്റെ വിശ്വാസം എങ്ങനെ സഹായിച്ചു? എന്ന ചോദ്യത്തിന്, താന്‍ തന്റെ ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കുകയും, ജപമാല ചൊല്ലുകയും ചെയ്യുമായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മറുപടി. ഒരു ദിവസം തന്നെ ബലാല്‍സംഗം ചെയ്ത യുവാവ് ഒരു താടിക്കാരനുമായി നിര്‍ബന്ധപൂര്‍വ്വം നിക്കാഹ് രജിസ്റ്റര്‍ ചെയ്തു. ഞാനൊരു ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞുകൊണ്ട് അറബിക് വാക്കുകള്‍ ഉച്ചരിക്കുവാന്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും, വെള്ളപേപ്പറില്‍ തന്നെ കൊണ്ട് ഒപ്പുവെപ്പിക്കുകയും വിരലടയാളങ്ങള്‍ പതിക്കുകയും ചെയ്തുവെന്നും അവള്‍ പങ്കുവെച്ചു.

കിന്‍സായുടെ മാതാപിതാക്കള്‍ പ്രാദേശിക പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‍ തട്ടിക്കൊണ്ടുപോയവര്‍ സ്റ്റേഷനില്‍ ‘നിക്കനാമ’ (ഇസ്ലാമിക വിവാഹ ഉടമ്പടി) സ്റ്റേഷനില്‍ ഹാജരാക്കി. എന്നാല്‍ ലാഹോര്‍ കോടതി ഈ വിവാഹം അംഗീകരിക്കാത്തതാണ് കിന്‍സാക്ക് രക്ഷയായത്. തന്റെ കഥ ബൈബിളിലെ മുടിയനായ പുത്രന്റെ കഥപോലെയാണെന്നും, ഇപ്പോള്‍ താന്‍ തന്റെ കുടുംബത്തോടൊപ്പമാണെന്നും, താന്‍ ദൈവത്തോടു കൂടുതല്‍ അടുത്തപോലെയാണ് തനിക്ക് തോന്നുന്നതെന്നും കിന്‍സ പറയുന്നു. തന്നെ തിരിച്ച് നല്‍കിയില്ലെങ്കില്‍ നഗ്നരാക്കി മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കോളുകള്‍ ഇപ്പോഴും തന്റെ കുടുംബത്തിന് ലഭിക്കുന്നുണ്ടെന്നും, അതേക്കുറിച്ച് മാത്രമാണ് തന്റെ ഭയമെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഭാവി പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യത്തിന്, അഞ്ചാം ക്ലാസ്സില്‍ വെച്ച് മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച് ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുവാനും ഒരു പോലീസ് ഉദ്യോഗസ്ഥയായി മറ്റുള്ളവരെ സഹായിക്കുവാനുമാണ് തന്റെ ആഗ്രഹമെന്നായിരുന്നു കിന്‍സയുടെ മറുപടി. ഓരോ മാസവും പാക്കിസ്ഥാനില്‍ നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് തട്ടിക്കൊണ്ടു പോകലിനും ബലാല്‍സംഘത്തിനും നിര്‍ബന്ധിത മതം മാറ്റത്തിനും ഇരയാകുന്നത്. ഇതിനെതിരെ ആഗോള തലത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

More Archives >>

Page 1 of 36