India - 2025

ആദിവാസി യുവാവിന്റെ ദാരുണ മരണം: സാംസ്ക്കാരിക കേരളത്തിന് അപമാനമെന്നു സിബിസിഐ വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 24-02-2018 - Saturday

കായംകുളം: ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം സാംസ്ക്കാരിക കേരളത്തിന് അപമാനവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന് സിബിസിഐ വൈസ് പ്രസിഡന്‍റും മാവേലിക്കര രൂപതാധ്യക്ഷനുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. ദൈവത്തിന്റെ സ്വന്തം നാടായി നാം അഭിമാനം കൊള്ളുന്ന കേരളത്തെ മനുഷ്യത്വം മരിച്ചവരുടെ നാടാക്കി മാറ്റാനുള്ള നീക്കം ചെറുക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തരേന്ത്യന്‍ മോഡലില്‍ മനുഷ്യനെ മൃഗീയമായി കൊലചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. പ്രതികളെ മുഴുവന്‍ പിടികൂടി അവര്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും ഇതിനായി ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കടുകമണ്ണൂരിലെ മല്ലന്‍മല്ലി ദമ്പതികളുടെ മകന്‍ മധു (27) ആണ് കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്. ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ചിലര്‍ ഉടുവസ്ത്രം കൊണ്ട് കൂട്ടിക്കെട്ടി മുക്കാലിയിലെത്തിച്ച് മധുവിനെ പോലീസിനു കൈമാറുകയായിരുന്നു. പിന്നീട് മധു മരിച്ചു. മരിക്കുംമുൻപ് തനിക്ക് നേരിടേണ്ടിവന്ന കൊടിയ മര്‍ദനം മധു പൊലീസിനോട് വ്യക്തമാക്കിയെന്നാണ് എഫ്‌ഐ‌ആര്‍ റിപ്പോര്‍ട്ട്.


Related Articles »