News - 2024
'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്'നു ഇത് ദൈവവിളിയുടെ വിളവെടുപ്പ് കാലം: 32 പേര്‍ ഇക്കൊല്ലം തിരുപ്പട്ടം സ്വീകരിക്കും
പ്രവാചകശബ്ദം 16-03-2023 - Thursday
മെക്സിക്കോ സിറ്റി: ലോകത്തെ ക്രിസ്തുവിന്റെ സ്നേഹത്താല്‍ ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്' എന്ന കത്തോലിക്ക സന്യാസ സമൂഹത്തിന് ഇത് ദൈവവിളിയുടെ വിളവെടുപ്പ് കാലം. ഇക്കൊല്ലം മാത്രം മുപ്പത്തിരണ്ടോളം നവവൈദികരെയാണ് സഭക്ക് ലഭിക്കുവാന്‍ പോകുന്നത്. ഇതില്‍ 29 പേര്‍ ഈ വരുന്ന ഏപ്രില്‍ 29-ന് റോമില്‍വെച്ച് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗൂയെസില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കും. ബാക്കി 3 പേരും ഇക്കൊല്ലം തന്നെ വിവിധ ദിവസങ്ങളിലായി തിരുപ്പട്ട സ്വീകരണം നടത്തുമെന്നു സന്യാസ സമൂഹം വ്യക്തമാക്കി. ജര്‍മ്മനി, കൊളംബിയ, ചിലി, ദക്ഷിണ കൊറിയ, കാനഡ, ബ്രസീല്‍, എല്‍ സാല്‍വാദോര്‍, സ്പെയിന്‍, അമേരിക്ക, ഇറ്റലി, മെക്സിക്കോ, വെനിസ്വേല തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് തിരുപ്പട്ടം സ്വീകരിക്കുന്നവര്‍.
ഏപ്രില്‍ 29-ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക് നടക്കുന്ന തിരുപ്പട്ട സ്വീകരണം തത്സമയം ലഭ്യമാക്കുന്നുണ്ട്. ഒരു വൈദികനാകുകയെന്നത്, മനുഷ്യരുടെ ഇടയില്‍ യേശു ക്രിസ്തുവിന്റെ അടയാളവും, ജീവിക്കുന്ന സാന്നിധ്യമാകുകയും, ദൈവത്തിന്റെ സ്നേഹം ലോകത്തിന് കാണിച്ചു കൊടുക്കുകയുമാണെന്നു തിരുപ്പട്ടം സ്വീകരിക്കുവാന്‍ പോകുന്ന ഡീക്കന്‍ മിഗുവേല്‍ എസ്പോണ്ട സാഡ സി.എന്‍.എ യുടെ സ്പാനിഷ് വാര്‍ത്താപങ്കാളിയായ ‘എ.സി.ഐ’പ്രെന്‍സായോട് പറഞ്ഞു. ഒരു വൈദികനെന്ന നിലയില്‍ പിതാവായ ദൈവത്തിനും, മനുഷ്യര്‍ക്കുമിടയില്‍ ഒരു പാലമായി വര്‍ത്തിക്കുന്നതിനാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും യേശുവിന് എല്ലാം നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ ചെറുതായിരുന്നപ്പോള്‍ തന്നെ എന്റെ ജീവിതത്തേക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ പദ്ധതികളില്‍ നിന്നുപോലും നമ്മെ രക്ഷിക്കുന്ന ദൈവം എത്ര വലിയവന്‍. അവന്‍ വിളിക്കുകയും നമ്മള്‍ ഉത്തരം കൊടുക്കുകയും ചെയ്യുമ്പോള്‍ പിന്നൊന്നും പഴയതുപോലെ ആയിരിക്കില്ല” - കാര്‍ലോസ് ജാവിയാസ് റൂയിസ് എന്ന ഡീക്കന്‍ പറഞ്ഞു. ക്രിസ്തുവിലേക്ക് എത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അമ്മയായ മറിയം വഴിയാണെന്ന കാര്യം മറക്കാതിരിക്കുവാന്‍, എല്ലാ വൈദികര്‍ക്കും, പ്രത്യേകിച്ച് ഇക്കൊല്ലം തിരുപ്പട്ടം സ്വീകരിക്കുവാന്‍ പോകുന്നവര്‍ക്ക് വേണ്ടി ഒരു ‘നന്മനിറഞ്ഞ മറിയം’ ചൊല്ലണമെന്ന്‍ ഇക്കൊല്ലം തിരുപ്പട്ടം സ്വീകരിക്കുന്ന പാബ്ലോ ലോറന്‍സൊ-പെനാല്‍വ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1941-ൽ മെക്‌സിക്കോയിൽ സ്ഥാപിതമായ സന്യാസ സമൂഹത്തില്‍ 'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്' സമൂഹത്തില്‍ ആയിരത്തോളം വൈദികരുണ്ട്.