Arts

ഭിന്നശേഷിയുള്ളവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച 92 വയസ്സുള്ള കന്യാസ്ത്രീക്ക് അമേരിക്കന്‍ ബഹുമതി

പ്രവാചകശബ്ദം 23-03-2023 - Thursday

ന്യൂയോര്‍ക്ക്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച തൊണ്ണൂറ്റിരണ്ട് വയസ്സുള്ള കത്തോലിക്കാ സന്യാസിനി സിസ്റ്റര്‍ റോസ് മേരി കോണേലിക്ക് ഇക്കൊല്ലത്തെ ലെറ്റാറെ മെഡല്‍. അമേരിക്കയിലെ ഇന്ത്യാനയിലെ നോട്രഡാം സര്‍വ്വകലാശാല വര്‍ഷംതോറും നല്‍കിവരുന്ന ഏറ്റവും പരമോന്നത ബഹുമതിയാണ് ലാറ്ററെ മെഡല്‍. ജനിച്ചു അധികം മാസങ്ങള്‍ പോലും തികയാത്ത കുഞ്ഞുങ്ങള്‍ മുതല്‍ 60 വയസ്സുവരെയുള്ള ഭിന്നശേഷിക്കാരായവര്‍ക്ക് അഭയം നല്‍കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്ന ഷിക്കാഗോയിലെ മിസെരികോര്‍ഡിയ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ചെയര്‍ വുമനാണ് സിസ്റ്റര്‍ റോസ് മേരി.

1969-ല്‍ എക്സിക്യുട്ടീവ്‌ ഡയറക്ടറായിട്ടാണ് സിസ്റ്റര്‍ ഈ ഫൗണ്ടേഷനില്‍ ചേരുന്നത്. സിസ്റ്ററുടെ മേല്‍നോട്ടത്തില്‍ ഈ ഫൗണ്ടേഷന്‍ അറുനൂറിലധികം കുട്ടികള്‍ക്കും, പ്രായപൂര്‍ത്തിയായവര്‍ക്കും പുറമേ, നൂറ്റിനാല്‍പ്പതോളം കുടുംബങ്ങള്‍ക്കും താങ്ങും തണലുമായി മാറിക്കഴിഞ്ഞു. തന്റെ സ്തുത്യര്‍ഹമായ സേവനത്തിനു ഇതിനുമുന്‍പും നിരവധി ബഹുമതികള്‍ സിസ്റ്ററെ തേടി എത്തിയിട്ടുണ്ട്. നോട്രഡാം സര്‍വ്വകലാശാലയുടേത് ഉള്‍പ്പെടെ ഒന്‍പതോളം ഹോണററി ബിരുദങ്ങള്‍ സിസ്റ്റര്‍ക്ക് ലഭിച്ചിരിന്നു. ഇല്ലിനോയിസിലെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ലിങ്കണ്‍ മെഡലിയോണ്‍, ഏര്‍ണസ്റ്റ് ആന്‍ഡ്‌ യങ്ങിന്റെ ഇല്ലിനോയിസ് എന്റര്‍പ്രീണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, കെയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങിയവ സിസ്റ്റര്‍ റോസ്മേരിക്ക് ലഭിച്ച ബഹുമതികളില്‍ ഉള്‍പ്പെടുന്നു.

കുടിയേറ്റക്കാരായ ഐറിഷ് ദമ്പതികളുടെ ആറ് മക്കളില്‍ ഒരാളായി ഷിക്കാഗോയിലാണ് സിസ്റ്റര്‍ റോസ് മേരിയുടെ ജനനം. പത്തൊന്‍പതാമത്തെ വയസ്സിലാണ് റോസ് മേരി ‘സിസ്റ്റേഴ്സ് ഓഫ് മേഴ്സി’ സന്യാസ സമൂഹത്തില്‍ ചേരുന്നത്. 1959-ല്‍ സെന്റ് സേവ്യേഴ്സ് സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ സയന്‍സില്‍ ബിരുദമെടുത്ത സിസ്റ്റര്‍, സോഷ്യോളജിയിലും, സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണ് തനിക്ക് ഈ നേട്ടങ്ങള്‍ ലഭിച്ചതെന്ന് സിസ്റ്റര്‍ റോസ് മേരി സാക്ഷ്യപ്പെടുത്തി.

1883-ല്‍ സ്ഥാപിതമായ ലാറ്ററെ മെഡല്‍ ഓരോ വര്‍ഷവും ‘ലെറ്റാറെ സണ്‍ഡേ’ എന്നറിയപ്പെടുന്ന നോമ്പുകാലത്തെ നാലാമത്തെ ഞായറാഴ്ചയാണ് പ്രഖ്യാപിക്കുക. ‘ഗോള്‍ഡന്‍ റോസ്’ എന്ന പേപ്പല്‍ ബഹുമതിയുടെ അമേരിക്കന്‍ പ്രതിരൂപമായിട്ടാണ് നോട്രഡാം സര്‍വ്വകലാശാല ഈ ബഹുമതി നല്‍കിവരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി, ഡൊരോത്തി ഡേ, മുന്‍ സ്പീക്കര്‍ ജോണ്‍ ബോയിനര്‍, കര്‍ദ്ദിനാള്‍ ജോസഫ് ബെര്‍ണാഡിന്‍, സിസ്റ്റര്‍ നോര്‍മ പിമെന്റെല്‍, നടന്‍ മാര്‍ട്ടിന്‍ ഷീന്‍ തുടങ്ങിയവര്‍ ഈ ബഹുമതി ലഭിച്ചിട്ടുള്ളവരാണ്.

Tag: Mercy nun serving disabled children wins American Catholic honor , Laetare Medal, malayalam Islam to Christian malayalam conversion story, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »