News - 2024

കത്തോലിക്ക മെത്രാന് യുക്രൈന്‍ പ്രസിഡന്റിന്റെ ബഹുമതി

പ്രവാചകശബ്ദം 26-09-2023 - Tuesday

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കഴിയുന്ന യുക്രൈന്‍ സമൂഹത്തിന് നല്‍കിവരുന്ന സേവനങ്ങള്‍ കണക്കിലെടുത്ത് ഫിലാഡെല്‍ഫിയ യുക്രൈന്‍ കത്തോലിക്ക അതിരൂപത മെത്രാപ്പോലീത്തയായ ബോറിസ് ഗുഡ്സിയാക്കിനു യുക്രൈന്‍ പ്രസിഡന്റിന്റെ ബഹുമതി. പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി ‘ക്രോസ് ഓഫ് ഇവാന്‍ മസെപ’ എന്ന പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നല്‍കി ആര്‍ച്ച് ബിഷപ്പിനെ ആദരിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച നാഷ്ണല്‍ ആര്‍ക്കീവ്സ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സെലെന്‍സ്കി ബഹുമതി കൈമാറിയത്. യുക്രൈന്റെ സാംസ്കാരിക, കല, ആത്മീയ, സൈനീക, ചരിത്ര പൈതൃകങ്ങളുടെ പുനരുജ്ജീവനത്തിന് മഹത്തായ സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുവാന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ‘ക്രോസ് ഓഫ് ഇവാന്‍ മസെപ'.

തനിക്ക് മെത്രാപ്പോലീത്ത ഗുഡ്സിയാക്കിനെ നേരിട്ട് അറിയാമെന്നും പട്ടാളക്കാര്‍, ഭവനരഹിതര്‍ തുടങ്ങി നിരവധിപേരെ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും, യുവജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയതിനാല്‍ അവര്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും യുക്രൈന്റെ പ്രഥമ വനിത ഒലേന സെലെന്‍സ്കാ പറഞ്ഞു. അമേരിക്കയില്‍ ഏറെ ശ്രദ്ധേയനായ ഗുഡ്സിയാക്ക് മെത്രാപ്പോലീത്ത ലിവിവിലെ യുക്രൈന്‍ കത്തോലിക്കാ സര്‍വ്വകലാശാലയുടെ പ്രസിഡന്റ് കൂടിയാണ്. അമേരിക്കയിലെ യുക്രൈന്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനത്തിനും, ലിവിവിലെ കത്തോലിക്കാ സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും കിട്ടിയ അംഗീകാരമാണ് ഈ ബഹുമതിയെന്നു മെത്രാപ്പോലീത്ത പ്രതികരിച്ചു.

ഇതിനിടെ സെപ്റ്റംബര്‍ 19-ന് അമേരിക്കയിലെത്തിയ സെലെന്‍സ്കി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുകയും, യുദ്ധത്തില്‍ പരിക്കേറ്റ യുക്രൈന്‍ സൈനികരെ സന്ദര്‍ശിക്കുകയും ചെയ്തിരിന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍വെച്ച് റഷ്യന്‍ അധിനിവേശത്തിനെതിരെ അന്താരാഷ്‌ട്ര സഹകരണം ആവശ്യമാണെന്നും സെലെന്‍സ്കി പറഞ്ഞു. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം വാഷിംഗ്‌ടണ്‍ ഡി.സിയിലെത്തിയ സെലെന്‍സ്കി പ്രസിഡന്റ് ജോ-ബൈഡനുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് പിന്നാലെ ബൈഡന്‍ യുക്രൈന് വേണ്ടി 32.5 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരിന്നു.


Related Articles »