Faith And Reason

പീഡാനുഭവ വാരത്തിന്റെ ഭാഗമായി ടൂറിനിലെ തിരുകച്ചയുടെ പകര്‍പ്പുകള്‍ ബൊളീവിയയില്‍ പ്രദര്‍ശനത്തിന്

പ്രവാചകശബ്ദം 03-04-2023 - Monday

ടൂറിന്‍: ലോകരക്ഷകനായ ക്രിസ്തുവിന്റെ പുനരുത്ഥാന തിരുനാളിനായി തയ്യാറെടുത്തുക്കൊണ്ടിരിക്കുന്ന വേളയിൽ ബൊളീവിയയിലെ വിവിധ നഗരങ്ങളില്‍ പ്രസിദ്ധമായ തിരുകച്ചയുടെ പ്രദര്‍ശനം നടക്കുന്നു. കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുകച്ചയുടെ പകർപ്പ് ലാ പാസ്, എല്‍ ആള്‍ട്ടോ എന്നീ നഗരങ്ങളിലാണ് പ്രദർശിപ്പിക്കുക. ബൊളീവിയന്‍ കത്തോലിക്കരുടെ വിശ്വാസം പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവസുവിശേഷ വല്‍ക്കരണ അപ്പസ്തോലേറ്റ് (എ.എന്‍.ഇ) ‘പീഡാനുഭവത്തിന്റെ കാലടികള്‍ പിന്തുടരുക’ എന്ന ആമുഖത്തോടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

രണ്ടായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള തിരുകച്ചയുടെ പകര്‍പ്പുകളാണ് പ്രദര്‍ശനത്തിലുള്ളത്. തിരുക്കച്ചക്ക് പുറമേ, ക്രിസ്തുവിന്റെ പീഡാസഹന സമയത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന വസ്തുക്കളുടെ മാതൃകകളും പ്രദര്‍ശനത്തിലുണ്ട്. നൂയെസ്ട്ര സെനോര ഡെലൂജാന്‍ പട്ടണത്തിലെ മിലിട്ടറി കത്തീഡ്രലിലെ സാന്‍ ജോസ് ഹാളില്‍ ഓശാന ഞായര്‍ മുതല്‍ ഏപ്രില്‍ 6 വരെയാണ് രണ്ടാമത്തെ പകര്‍പ്പിന്റെ പ്രദര്‍ശനം നടക്കുക. ഏപ്രില്‍ 3 മുതല്‍ 6 വരെ എല്‍ ആള്‍ട്ടോ മുനിസിപ്പാലിറ്റിയിലെ സിയുഡാഡ് സാറ്റലൈറ്റിലേ ജോൺ XXIII റൂമിൽ മൂന്നാമത്തെ പകര്‍പ്പിന്റെ പ്രദര്‍ശനം നടക്കും.

4.36 മീറ്റര്‍ നീളവും, 1.10 മീറ്റര്‍ വീതിയുമായി ദീര്‍ഘ ചതുരാകൃതിയിലുള്ള യഥാര്‍ത്ഥ തിരുകച്ച ടൂറിനിലെ കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുവിശേഷങ്ങളില്‍ പറയുന്നതിനോട് സാമ്യമുള്ള പീഡനങ്ങള്‍ ഏറ്റ ക്രിസ്തുവിന്റെ പ്രതിച്ഛായ ഈ കച്ചയില്‍ ഇന്നും വ്യക്തമായി കാണാം. ക്രിസ്തുവിന്റെ പ്രതിച്ഛായ ഈ കച്ചയില്‍ എങ്ങനെ പതിഞ്ഞുവെന്ന് മനസ്സിലാക്കുന്നതിനായി ആയിരത്തിലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഈ കച്ചയില്‍ നടത്തിയിട്ടുണ്ട്. ഈ കച്ചയുടെ ഏതാണ്ട് 32,000-ത്തോളം ഫോട്ടോകളാണ് എടുക്കപ്പെട്ടിരിക്കുന്നത്. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമായിട്ടുള്ള വസ്തുക്കളില്‍ ഒന്ന് ടൂറിനിലെ തിരുകച്ചയാണെന്നതും ശ്രദ്ധേയമാണ്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരുകച്ച സുവിശേഷത്തിന്റെ കണ്ണാടിയാണെന്നും, തിരുകച്ച കാഴ്ചക്കാരുടെ ഹൃദയങ്ങളെ ആന്തരികമായി സ്പര്‍ശിക്കുമെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുണ്ട്. ടൂറിനിലെ തിരുക്കച്ച രക്തത്തോടൊപ്പമാണ് സംസാരിക്കുന്നതെന്നും രക്തമാണ് ജീവനെന്നും മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ ഈ തിരുകച്ചയേക്കുറിച്ച് പറഞ്ഞിരിന്നു.


Related Articles »