India - 2025

മുനമ്പം സമരം: കോതമംഗലം, വിജയപുരം രൂപത മെത്രാന്മാര്‍ സമര പന്തലില്‍

05-11-2024 - Tuesday

മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി മുനമ്പം നിവാസികൾ നടത്തുന്ന നിരാഹാരസമരം 24-ാം ദിനത്തിൽ. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ എന്നിവര്‍ ഇന്നലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിന്നു. പ്രദേശവാസികളായ അലോഷി പുനാട്ട്, മേരി ആൻ്റണി ചുളക്കൽ, രതീഷ് ജോൺ അറക്കൽ, പോൾ തോമസ് കുര്യാപ്പിള്ളി എന്നിവർ ഇന്നലെ നിരാഹാര സമരം നടത്തി.

കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഫാ. ജെയ്സൺ വടക്കുംചേരി, ഫാ. ടിൻ്റോ കൊടിയൻ, കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. എൽസി ജോർജ്, ബേസിൽ മുക്കത്ത്, അഡ്വ. നോബിൾ മാത്യു തുടങ്ങിയവരും ഇന്നലെ സമരപ്പന്തലിലെത്തിയിരിന്നു.

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. ഇതിനെതിരെയാണ് ജനങ്ങളുടെ പോരാട്ടം. സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം. വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.


Related Articles »