India

നൂറിൽപ്പരം തിരുശേഷിപ്പുകളുമായി കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥനായാത്ര ആരംഭിച്ചു

പ്രവാചകശബ്ദം 17-04-2023 - Monday

തൃക്കരിപ്പൂർ: വിശുദ്ധ കുരിശിന്റെയും നൂറിൽപ്പരം വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വഹിച്ചുക്കൊണ്ട് കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥനായാത്ര തുടങ്ങി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന യാത്രയ്ക്കു തൃക്കരിപ്പൂർ സെന്റ് പോൾസ് ദേവാലയത്തിൽനിന്നുമാണ് തുടക്കമായത്. കേരളത്തിലെ മുന്നൂറിലധികം വരുന്ന ദേവാലയങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര ജൂൺ നാലിന് തിരുവനന്തപുരത്ത് സമാപിക്കും. ഹോളിഹോം മിനിസ്ട്രി, മൗണ്ട് ഹെസദ് മിനിസ്ട്രി എന്നിവയുടെ സംയു ക്താഭിമുഖ്യത്തിൽ നടക്കുന്ന ദൈവകരുണയുടെ പ്രാർത്ഥനാ യാത്ര തൃക്കരിപ്പൂർ സെന്റ് പോൾസ് ദേവാലയത്തിൽ കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് സെക്രട്ടറി ജനറലും കണ്ണൂർ രൂപത മെത്രാനുമായ ഡോ. അലക്സ് വടക്കുംതല ഫ്ലാഗ് ഓഫ് ചെയ്തു.

ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായ ജൂൺ നാലു വരെ 50 ദിവസം നീളുന്ന യാത്രയിൽ തിരുശേഷിപ്പുകൾക്കൊപ്പം പോളണ്ടിലെ ക്രാക്കോവിൽനിന്നു കൊണ്ടുവന്ന ദൈവകരുണയുടെ ചിത്രവും ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു നൽകിയ തിരുക്കുടുംബത്തിന്റെയും ഛായാചിത്രങ്ങളുമുണ്ട്. വിശ്വാസികൾക്ക് വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങി അനുഗ്രഹം തേടാൻ 300 കേന്ദ്രങ്ങളിലും സൗകര്യമുണ്ട്. ദിവ്യബലിയും വചന പ്രഘോഷണവും ആരാധനയും പ്രാർത്ഥനകളും നടക്കും.

ഉദ്ഘാടനച്ചടങ്ങിൽ ഹോളിഹോം മിനിസ്ട്രി ആനിമേറ്റർമാരായ ഫാ. തോമസ് പെരുമ്പട്ടിക്കുന്നേൽ എംസിബിഎസ്, ഫാ. ആരിഷ് സ്റ്റീഫൻ, തൃക്കരിപ്പൂ ർ ഇടവക വികാരി ഫാ. വിനു കയ്യാനിക്കൽ, ഫാ. ആഷ്ലിൻ കളത്തിൽ, ഹോളിഹോം മിനിസ്ട്രി ചെയർമാൻ ഷിജു ജോസഫ്, സെക്രട്ടറി ടി.എ.ജോൺസൺ, ട്രഷറർ ജെനി ജോർജ്, റോബിൻ തോമസ്, കണ്ണൂർ ഹോളി ഫയർ മിനിസ്ട്രി കോ-ഓർഡിനേറ്റർമാരാ യ സ്റ്റീഫൻ കണ്ണൂർ, വിൽസൺ കാരക്കാട്ട് എന്നിവർ നേതൃത്വം നൽകി.

More Archives >>

Page 1 of 520