India - 2024

മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ. ജോൺ പനന്തോട്ടത്തിന്റെ മെത്രാഭിഷേകം മേയ് 31ന്

പ്രവാചകശബ്ദം 14-04-2023 - Friday

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ ഫാ. ജോൺ പനന്തോട്ടത്തിന്റെ മെത്രാഭിഷേകം മേയ് 31ന് നടക്കും. മെൽബണിനടുത്തുള്ള ക്യാമ്പ്ഫീൽഡിൽ കതിരുകളുടെ നാഥയായ മറിയത്തിന്റെ പേരിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിൽ വൈകുന്നേരം അഞ്ചിനാണ് ചടങ്ങുകൾ. മെത്രാഭിഷേകത്തിന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. അന്നുതന്നെ മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ് മാർ ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും ഉണ്ടാകും.

ഓസ്ട്രേലിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽ വോയും സീറോ മലബാർ സഭയുടെയും ഓഷ്യാനിയയിലെ വിവിധ രൂപതകളിലെയും ബിഷപ്പുമാർ സഹകാർമികരാകും. ചടങ്ങുകൾ ക്രമീകരിക്കുന്നതിന് വിവിധ കമ്മറ്റികൾക്ക് രൂപം നല്കിയതായി വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി പറഞ്ഞു. മേയ് 23ന് നിയുക്ത മെത്രാന്‍ ജോൺ പനന്തോട്ടത്തിൽ മെൽബണിൽ എത്തിച്ചേരും.

സീറോമലബാർ സഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലണ്ടിലേക്കും മറ്റു ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. രൂപതയുടെ ആദ്യമെത്രാനായിരിന്നു മാർ ബോസ്കോ പുത്തൂർ.

More Archives >>

Page 1 of 519