News - 2024
ബോസ്റ്റണില്‍ സാത്താനിക കോണ്‍ഫറന്‍സിനെതിരെ പ്രായശ്ചിത്ത പ്രാര്‍ത്ഥനയുമായി വിശ്വാസി സമൂഹം
പ്രവാചകശബ്ദം 01-05-2023 - Monday
ബോസ്റ്റണ്‍: സംഗീത ഉപകരണങ്ങളും, മരിയന്‍ ഗീതങ്ങളുമായി നൂറിലധികം ക്രൈസ്തവര്‍ ബോസ്റ്റണിലെ മാരിയട്ട് കോപ്ലിയില്‍ നടന്ന സാത്താനിക കോണ്‍ഫറന്‍സിന് മുന്നില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി വിശ്വാസി സമൂഹം. ദി അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫെന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി, ആന്‍ഡ് പ്രോപ്പര്‍ട്ടി (ടി.എഫ്.ടി) നടത്തിയ പ്രാര്‍ത്ഥന റാലിയില്‍ നിരവധി പേരാണ് പങ്കുചേര്‍ന്നത്. വാദ്യഘോഷങ്ങളും, “പരിശുദ്ധ രാജ്ഞിക്ക് സ്തുതി”, “അമേരിക്ക, മനോഹരി” തുടങ്ങിയ മരിയന്‍ ഗാനങ്ങളും, ജപമാലകള്‍ ചൊല്ലുകയും ചെയ്തുകൊണ്ട് സംഘം സംഘമായിട്ടാണ് റാലി മാരിയട്ട് തെരുവിലൂടെ നീങ്ങിയത്.
ഏപ്രില്‍ 28 മുതല്‍ 30 വരെ 'ദി സാത്താനിക് ടെംപിളി'ന്റെ (ടി.എസ്.ടി) വാര്‍ഷിക കോണ്‍ഫറന്‍സായ ‘സാത്താന്‍കോണ്‍’ നടന്നത്. സാത്താനെതിരെ ഹോണ്‍ മുഴക്കൂ എന്നെഴുതിയ ബാനര്‍ ഒരാള്‍ റോഡിലൂടെ കടന്നുപോയ ഡ്രൈവര്‍മാരെ ഉയര്‍ത്തി കാണിച്ചത് റാലിയിലെ വേറിട്ട കാഴ്ചയായി. നിരവധി ഡ്രൈവര്‍മാരാണ് സാത്താനെതിരെ ഹോണ്‍ മുഴക്കിയത്. യുവജനങ്ങളും, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുമടങ്ങുന്ന മറ്റൊരു സംഘം ചുവന്ന ഷാളുകളും ധരിച്ചാണ് റാലിയില്‍ പങ്കെടുത്തത്. ക്രിസ്ത്യന്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്നെഴുതിയ ഒരു ട്രക്കും “സ്കൂളിനു ശേഷമുള്ള സാത്താന്‍ ക്ലബ്ബുകള്‍ വേണ്ട” എന്ന മുദ്രാവാക്യവുമായി തെരുവില്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.
A large group of young Catholic men from the group The American Society for the Defense of Tradition, Family and Property are outside of the conference praying the rosary and singing Marian hymns. pic.twitter.com/R1lcKkKT4R
— Joe Bukuras (@JoeBukuras) April 28, 2023
പൊതു മതനിന്ദക്കും, സാത്താനികതയെന്ന പാപത്തിനും പ്രായശ്ചിത്തം ചെയ്തുകൊണ്ട് രാഷ്ട്രത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് ടി.എഫ്.പി യുടെ യുവജന കൊ-ഓര്‍ഡിനേറ്ററായ ജോണ്‍ റിച്ചി പറഞ്ഞു. ‘പാരമ്പര്യം, കുടുംബം, സ്വഭാവം’ ഇവ ക്രിസ്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.എഫ്.പി മാത്രമല്ല, കത്തോലിക്കാ മോട്ടോര്‍സൈക്കിള്‍ മിനിസ്ട്രിയായ ‘കത്തോലിക് ക്രോസ് ബെയേഴ്സ്’ എന്ന സംഘടനയും റാലിയില്‍ പങ്കെടുത്തു. സാത്താനിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് അത്യന്തം അപകടകരമാണെന്നും യുവജനങ്ങളെ ദൈവത്തോടു അടുപ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും കാത്തലിക് ക്രോസ് ബെയേഴ്സിന്റെ ഭാഗമായി റാലിയില്‍ പങ്കെടുത്ത ഡോണ ഫാരെല്‍-പെലിസിയര്‍ ദമ്പതികള്‍ പറഞ്ഞു.
ക്രിസ്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കുന്നതിനെതിരെ പെന്നിസില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അല്‍മായ കത്തോലിക്ക സംഘടനയാണ് ടി.എഫ്.ടി. 1,20,000-ത്തോളം സജീവ അംഗങ്ങളാണ് സംഘടനക്കുള്ളത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ടി.എഫ്.ടി പ്രാര്‍ത്ഥന റാലികള്‍ സംഘടിപ്പിച്ചിരുന്നു. സ്ഥലങ്ങളില്‍ കുരിശ് അടക്കമുള്ള വിശ്വാസപരമായ പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രവര്‍ത്തിക്കുകയും, കറുത്ത കുര്‍ബാന അടക്കമുള്ള പൈശാചിക ആചാരങ്ങള്‍ വഴി ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് സാത്താനിക് ടെമ്പിള്‍. സാത്താനിക കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ബൈബിള്‍ പേജുകള്‍ കീറി എറിയുന്ന വീഡിയോ പുറത്തുവന്നിരിന്നു.