India - 2025
മാർ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമവാർഷികാചരണം മെയ് 26 മുതൽ
പ്രവാചകശബ്ദം 23-05-2023 - Tuesday
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമവാർഷികാചരണം മെയ് 26 മുതൽ ജൂൺ രണ്ടുവരെ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. 26ന് രാവിലെ 9.30ന് മാർ തോമസ് കുര്യാളശേരിയുടെ റോമായാത്ര ഗ്രന്ഥത്തെക്കുറിച്ച് സിമ്പോസിയം നടക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പുസ്തക പ്രകാശനം നടത്തും. റവ.ഡോ. പയസ് മലേക്കണ്ടത്തിൽ, ഡോ. സിസ്റ്റർ തെരേസാ നടുപ്പടവിൽ, ഡോ.കുര്യാസ് കുമ്പളക്കുഴി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ മോഡറേറ്ററായിരിക്കും. ഡോ.സിസ്റ്റർ മേഴ്സി നെടുമ്പുറം ആമുഖ പ്രസംഗം നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് പാറേൽ പള്ളിയിൽ നിന്നും അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്റെയും ആരാധനാ സന്യാസിനീ സമൂഹത്തിന്റെയും നേതൃത്വത്തിൽ മെത്രാപ്പോ ലീത്തൻ പള്ളിയിലെ കബറിടത്തിലേക്ക് തീർത്ഥാടനം നടത്തും. പാറേൽ പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻലീഗ് അതിരൂപതാ ഡയറക്ടർ ഫാ.ആൻഡ്രൂസ് പാണംപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്യും. 4.30ന് തീർഥാടനം മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിച്ചേരും. മാർ തോമസ് കുര്യാളശേരിയുടെ ചരമദിനമായ രണ്ടിന് രാവിലെ ആറിന് ബിഷപ്പ് മാർ തോമസ് തറയിൽ, 7.30ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, 10.30ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, 12.15ന് മോൺ.ജയിംസ് പാലയ്ക്കൽ, വൈകുന്നേരം 4.30ന് ഫാ.ജോമോൻ പുത്തൻപറമ്പ് എന്നിവർ വിശുദ്ധകുർബാന അർപ്പിക്കും.