News
വിശുദ്ധ മദർ തെരേസയുടെ തിരുനാൾ പൊതു ആരാധന കലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 13-02-2025 - Thursday
വത്തിക്കാന്‍ സിറ്റി: 2016-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ തിരുനാൾ പൊതു ആരാധനാകലണ്ടറിൽ ചേർത്ത് ഫ്രാൻസിസ് പാപ്പ. നിരവധി ബിഷപ്പുമാരുടെയും സമർപ്പിതരുടെയും അല്‍മായരുടെയും അഭ്യർത്ഥനകൾ പരിഗണിച്ചെടുത്ത ഈ തീരുമാനം സംബന്ധിച്ച ഡിക്രി ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് പ്രസിദ്ധീകരിച്ചത്. ഡിക്രി പ്രകാരം മദർ തെരേസയുടെ മരണദിനമായ സെപ്റ്റംബർ അഞ്ചാം തീയതി, വിശുദ്ധയുടെ തിരുനാളായി ആരാധനകലണ്ടറുകളിലും, വിശുദ്ധകുർബാനയ്ക്കായുള്ള പുസ്തകങ്ങളിലും, യാമപ്രാർത്ഥനകളിലും ചേർക്കും. വിവിധ പ്രാദേശികസഭാനേതൃത്വങ്ങളുടെയും, സമർപ്പിതരുടെയും, അല്‍മായരുടെയുംകൂടി അഭ്യർത്ഥന മാനിച്ചാണ് പാപ്പ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു.
ദൈവീക ആരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട അച്ചടക്കത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ആർതർ റോഷെയുടെയും, ഡികാസ്റ്ററി സെക്രട്ടറി ആർച്ച് ബിഷപ്പ് വിത്തോറിയോ വിയോളയുടെയും ഒപ്പോടുകൂടി ഫെബ്രുവരി 11നാണ് പുതിയ ഡിക്രി പ്രസിദ്ധീകരിച്ചത്. 1997 സെപ്റ്റംബർ അഞ്ചാം തീയതിയായിരുന്നു കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ നിര്യാതയായത്. പുതിയ തീരുമാനപ്രകാരം ഇനിമുതൽ സെപ്റ്റംബർ അഞ്ചിന്, വിശുദ്ധ മദർ തെരേസയുടെ ഓർമ്മയാചരിച്ചുകൊണ്ട്, വിശുദ്ധബലിയും, യാമപ്രാർത്ഥനകളും നടത്താനാകും.
വിശുദ്ധയുടെ തിരുനാൾ ആചാരണത്തിനായി ലത്തീൻ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള വചനങ്ങൾ വിവിധ മെത്രാൻ സമിതികൾ, തങ്ങളുടെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി, ഡിക്കാസ്റ്ററിയുടെ അംഗീകാരത്തോടെ ഉപയോഗിക്കേണ്ടതാണെന്ന് സമിതി വ്യക്തമാക്കി. ശരീരത്തിന്റെയും ആത്മാവിന്റെയും ക്ലേശങ്ങളിൽ ആശ്വാസം തേടുന്ന അനേകർക്ക് വിശുദ്ധ മദർ തെരേസ പ്രതീക്ഷയുടെ ഉറവിടമായി തിളങ്ങുന്നുണ്ടെന്ന് ഡിക്കാസ്റ്ററി തങ്ങളുടെ ഡിക്രിയില്‍ എഴുതി.
1997 സെപ്റ്റംബർ അഞ്ചിനു 87-ാം വയസിലായിരുന്നു മദർ തെരേസ ഇഹ ലോക വാസം വെടിഞ്ഞത്. അൽബേനിയയിൽ ജനിച്ച് ഇന്ത്യ കർമഭൂമിയാക്കി ഉപവി പ്രവർത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനിയായിരുന്നു മദർ തെരേസ. മിഷ്ണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം സ്ഥാപിച്ച മദര്‍ ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു.
പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും അമ്മയായി. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. 2016 സെപ്റ്റംബർ നാലിനു മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
![](/images/close.png)