India - 2024
ദൈവദാസി മദർ ഷന്താളിന്റെ 51-ാം ചരമവാർഷികം ആചരിച്ചു
പ്രവാചകശബ്ദം 26-05-2023 - Friday
അതിരമ്പുഴ: സാധാരണ ജീവിതത്തിൽ അസാധാരണ വിളി കണ്ടെത്തി ലോകത്തിന് അങ്ങേയറ്റം നന്മ ചെയ്യത്തക്ക വിധത്തിൽ സ്വപ്നം കാണുകയും ആ സ്വപ്നം പ്രവൃത്തിപഥത്തിലാക്കാൻ മാർ തോമസ് കുര്യാളശേരിക്കൊപ്പം നിന്ന് ആരാധനാസഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്ത അസാധാരണ വനിതയാണ് മദർ മേരി ഷന്താളെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാർ തോമസ് തറയിൽ. വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹ സ്ഥാപകയും പ്രഥമ അംഗവുമായ ദൈവദാസി മദർ ഷന്താളിന്റെ 51-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് അതിരമ്പുഴയിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരിന്നു അദ്ദേഹം.
റവ. ഡോ. വർഗീസ് താനമാവുങ്കൽ, റവ. ഡോ. തോമസ് കുഴുപ്പിൽ, റവ.ഡോ. ടോം പുത്തൻകുളം, റവ.ഡോ. ജോർജ് വല്ലയിൽ, റവ.ഡോ. ജോർജ് വള്ളിയാംതടത്തി ൽ എംസിബിഎസ്, ജോസഫ് ചാലിച്ചിറയിൽ ഒസിഡി, ഫാ. റ്റിൻസൺ നരിതുരുത്തൽ എന്നിവർ സഹകാർമികരായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുക ണക്കിന് വിശ്വാസികൾ സംബന്ധിച്ചു. ആരാധനാമഠം ചാപ്പലിൽ മദർ ഷന്താളിന്റെ കബറിടത്തിങ്കൽ പോസ്റ്റുലേറ്റർ റവ.ഡോ. ജോസഫ് കൊല്ലാറയുടെ പ്രധാന കാർമികത്വത്തിൽ നടത്തിയ പ്രാർത്ഥനാ ശുശ്രൂഷയും നടന്നിരിന്നു.
ആലപ്പുഴ ചമ്പക്കുളം വല്ലയിൽ കൊച്ചുമാത്തൂച്ചന്റെയും മറിയാമ്മയുടെയും അഞ്ചാമത്തെ മകളായി 1880 ഡിസംബർ 23നു ജനിച്ച ഫിലോമിന സന്യാസ ജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയായി. നാലുവർഷത്തെ കുടുംബജീവിതത്തിനുശേഷം ഭർത്താവ് മരിച്ചതോടെയാണ് ഫിലോമിന സന്ന്യാസ ജീവിതത്തിലേക്ക് മാറിയത്. 1911 ഡിസംബർ 10നു ജന്മനാടായ ചമ്പക്കുളത്തുള്ള ഊർശ്ലേം ദേവാലയത്തിൽ സഭാവസ്ത്രം സ്വീകരിച്ചു. സന്യാസവതത്തോടൊപ്പം മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താൾ എന്ന പേരു സ്വീകരിച്ചു.
1916 ഓഗസ്റ്റ് 21നു ചങ്ങനാശേരി അരമന ചാപ്പലിൽ നിത്യ്രവത വാഗ്ദാനത്തിലൂടെ സമ്പൂർണ സമർപ്പിതയായി. മകൾ സിസ്റ്റർ മേരി തോമസ് പുത്തൻപുരയിലും വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീസമൂഹത്തിൽ അംഗമായി.1972 മേയ് 25ന്, 92-ാം വയസ്സിൽ, മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താളും ഇഹലോകവാസം വെടിഞ്ഞു. ഭൗതികശരീരം അതിരമ്പുഴ മഠം ചാപ്പലിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ അന്നത്തെ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാനായിരുന്ന മാർ ജോസഫ് പൗവത്തിലിന്റെ പ്രധാന കാർമികത്വത്തിൽ സംസ്കരിച്ചു.